| Friday, 16th February 2024, 9:47 am

ആ സീൻ കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞത് അവാർഡ് കിട്ടിയ പോലെ: അർജുൻ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൂട്ടിന്റെ സമയത്ത് മമ്മൂട്ടി തന്ന അഡ്‌വൈസിനെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ അശോകൻ. ഡയലോഗ് എങ്ങനെയാണ് ഡെലിവർ ചെയ്യേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞു തന്നിട്ടുണ്ടെന്ന് അർജുൻ പറയുന്നുണ്ട്. ഒരു സീക്വൻസ് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ മമ്മൂട്ടി കൊള്ളാമെന്ന് പറഞ്ഞെന്നും അത് തനിക്ക് അവാർഡ് കിട്ടിയ പോലെ ആയിരുന്നെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എങ്ങനെയാണ് ഡയലോഗ് ഡെലിവറി ചെയ്യേണ്ടതെന്ന രീതി മമ്മൂക്ക പറഞ്ഞ് തന്നിട്ടുണ്ട്. ഷൂട്ട് ചെയ്യുന്ന സമയത്ത് അവാർഡ് കിട്ടിയ മൊമെന്റ് ഉണ്ടായിരുന്നു. ആ ഒരു സീക്വൻസ് എടുത്തു കഴിഞ്ഞപ്പോൾ കൊള്ളാം എന്ന് പറഞ്ഞു. അവാർഡ് കിട്ടിയതായിരുന്നു അത്. ഏത് സീനാണെന്ന് ഞാൻ മിണ്ടില്ല,’ അർജുൻ അശോകൻ പറഞ്ഞു.

സംവിധായകൻ രാഹുൽ സദാശിവൻ മമ്മൂട്ടിയുടെ ഓരോ സീൻ കഴിയുമ്പോഴും ബ്രില്യന്റ് പറഞ്ഞതിന് ശേഷമാണ് കട്ട് പറയുകയെന്ന് അർജുൻ അശോകൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘മമ്മൂക്കയുടെ എല്ലാ സീനും കഴിയുമ്പോൾ രാഹുലേട്ടൻ ബ്രില്യന്റ് കട്ട് എന്ന് പറഞ്ഞാണ് നിർത്തുക. നമ്മുടെ ഷോട്ട് ആണെങ്കിൽ കട്ട് കഴിഞ്ഞതിനുശേഷം നമ്മൾ ഒന്ന് നോക്കും ബ്രില്യന്റ് ഉണ്ടോ എന്ന്. നോക്കുമ്പോൾ ഇല്ല. ഓക്കേ അല്ലെ എന്ന് ചോദിക്കുമ്പോൾ ഒക്കെയാണ് നല്ലതാണ് എന്ന് പറയും.

ഒരെണ്ണത്തില് ബ്രില്യന്റ് കിട്ടി. അവിടെയും ഇവിടെയും കിട്ടുകയുള്ളു, എന്നും കിട്ടില്ല. നമ്മളാണെങ്കിലും മമ്മൂക്കയുടെ പെർഫോമൻസ് കണ്ട് കഴിഞ്ഞാൽ കൈയ്യടിച്ചു പോകും. അമ്മാതിരി പൊളിയാ പൊളിച്ചേക്കുന്നേ,’അർജുൻ അശോകൻ പറഞ്ഞു.

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ സിനിമാ ഇന്‍ഡസ്ട്രിയിലെ പലരും മമ്മൂട്ടിയെയും സിനിമയെയും അനുമോദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

മമ്മൂട്ടിയുടെ ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോക്ക് താഴെ, ഞാന്‍ നിങ്ങളുടെ കട്ട ആരാധകനാണെന്ന് പറഞ്ഞുകൊണ്ട് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍ കമന്റിട്ടു. മമ്മൂട്ടിക്ക് പുറമെ സിദ്ധാർഥ് ഭരതന്റെയും അർജുൻ അശോകന്റെയും കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അര്‍ജുന്‍ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സായാണ് ഭ്രമയുഗം വിലയിരുത്തപ്പെടുന്നത്.

Content Highlight: Arjun ashokan about Mammootty’s appreciation

We use cookies to give you the best possible experience. Learn more