| Saturday, 11th March 2023, 1:24 pm

തുറമുഖത്തിലെ മൂത്ത ഇക്ക ഞാനായിരുന്നു, മാറ്റിയതിന് കാരണമിതാണ്: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുറമുഖത്തില്‍ ആദ്യം നിവിന്‍ പോളി അവതരിപ്പിച്ച സഹോദരന്റെ ജ്യേഷ്ഠനായിരുന്നു തന്റെ കഥാപാത്രമെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. തന്റെ ഓഡിഷന്‍ കഴിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്നും താരം പറഞ്ഞു. രാജീവ് രവി ചിത്രത്തിന്റെ ഓഡിഷന് വിളിച്ചപ്പോള്‍ തന്നെ അവാര്‍ഡ് കിട്ടിയത് പോലെ ആയിരുന്നുവെന്നും എങ്ങനെയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.

‘ഓഡിഷന്‍ വഴിയാണ് തുറമുഖത്തിലേക്ക് എത്തുന്നത്. നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റുമോയെന്ന് നോക്കണമല്ലോ. ഇത്രയും കാശ് മുടക്കി ചെയ്യുന്ന പടമാണല്ലോ. 2018ലോ 19ലോ ആണ് തുറമുഖം ചെയ്യുന്നത്. ആ സമയത്ത് ഞാന്‍ മൂന്നോ നാലോ പടങ്ങളേ ചെയ്തിട്ടുള്ളൂ. പിന്നെ ഈ കഥാപാത്രം എന്നെക്കൊണ്ട് താങ്ങുമോയെന്ന് നോക്കണമല്ലോ.

അന്ന് ഓഡിഷന് വിളിച്ചപ്പോള്‍ തന്നെ അവാര്‍ഡ് കിട്ടിയത് പോലെയായിരുന്നു. എങ്ങനെയെങ്കിലും രാജീവേട്ടന്റെ പടത്തില്‍ ചാന്‍സ് കിട്ടണേയെന്നായിരുന്നു പ്രാര്‍ത്ഥന. അവിടെചെന്ന് കൊച്ചി സ്ലാങ്ങാണെന്ന് പറഞ്ഞപ്പോള്‍ പകുതി ആശ്വാസമായി. അധികം പണിയെടുക്കേണ്ട കാര്യമില്ല, നേരെ പോയി അരമുക്കാല്‍ മണിക്കൂറെടുത്ത് ഡയലോഗ് മുഴുവന്‍ പഠിച്ച് ചെയ്തു. രണ്ടുമൂന്ന് ദിവസം വെയ്റ്റ് ചെയ്തപ്പോഴാണ് സെലക്ടഡായെന്ന് പറഞ്ഞത്.

ശരിക്കും നിവിന്‍ ചേട്ടന്റെ ഇക്കയായിട്ടുള്ള ക്യാരക്ടറായിരുന്നു ഞാന്‍ ചെയ്ത ഹംസ. ആ ക്യാരക്ടറിന് വേണ്ടിയായിരുന്നു എന്നെ ഓഡിഷന്‍ ചെയ്തിരുന്നത്. എന്റെ ഓഡിഷന്‍ കഴിഞ്ഞപ്പോഴേക്കും ആ കഥാപാത്രത്തെ അനിയനാക്കി. അപ്പോള്‍ എന്റെ ഇക്കാക്കയായി നിവിന്‍ ചേട്ടന്‍,’ അര്‍ജുന്‍ പറഞ്ഞു.

നിവിന്റെ കഥാപാത്രമായ മട്ടാഞ്ചേരി മൊയ്ദുവിന്റെ ഇളയ സഹോദരനായ ഹംസയെ ആണ് അര്‍ജുന്‍ തുറമുഖത്തില്‍ അവതരിപ്പിച്ചത്. അര്‍ജുന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്.

ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, ഇന്ദ്രജിത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: arjun ashokan about his character change in thuramukham

We use cookies to give you the best possible experience. Learn more