| Friday, 16th February 2024, 3:19 pm

നീയായതുകൊണ്ട് സന്തോഷമുണ്ടെന്ന് ആസിഫ് ഇക്ക, അദ്ദേഹത്തിനൊപ്പം ഇരിക്കുമ്പോഴാണ് ആ കോള്‍ വന്നത്: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭ്രമയുഗം എന്ന ചിത്രത്തിലെ പാണന്‍ തേവനായി അതിഗംഭീര പ്രകടനം നടത്തിയിരിക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. അര്‍ജുന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായി പാണന്‍ തേവന്‍ മാറുമെന്നതില്‍ ഒരു സംശയവുമില്ല.

ചിത്രത്തില്‍ മമ്മൂട്ടിയേക്കാള്‍ സ്‌ക്രീന്‍ സ്‌പേസ് ഉള്ളതും അര്‍ജുന്റെ കഥാപാത്രത്തിനാണ്. കഥാപാത്രത്തെ കൃത്യമായ മീറ്ററില്‍ പിടിച്ച് മമ്മൂട്ടിക്കൊപ്പം തന്നെ ഓരോ സീനിലും അര്‍ജുന്‍ മികച്ചുനില്‍ക്കുന്നുണ്ട്. സിനിമയിലെ തുടക്കക്കാരനെന്ന നിലയില്‍ അര്‍ജുന്‍ അശോകന് ലഭിച്ച വലിയ ഭാഗ്യമായി തന്നെ ഭ്രമയുഗത്തിലെ കഥാപാത്രത്തെ കണക്കാക്കാവുന്നതാണ്.

ആസിഫ് അലി ചെയ്യേണ്ടിയിരുന്ന കഥാപാത്രമാണ് ഡേറ്റ് ക്ലാഷ് കാരണം അര്‍ജുനെ തേടിയെത്തുന്നത്. പാണന്റെ കഥാപാത്രം തന്നെ തേടിയെത്തിയതിനെ കുറിച്ചും ആ കഥാപാത്രം തന്നില്‍ എത്തിയപ്പോള്‍ ആസിഫ് അലി പറഞ്ഞ വാക്കുകളെ കുറിച്ചുമൊക്കെ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അര്‍ജുന്‍.

‘ ഞാനും ആസിഫ് ഇക്കയും ഒറ്റ എന്ന പടം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് രാഹുല്‍ ഏട്ടന്‍ എന്റെ അടുത്ത് ഈ കഥ പറയാനായി വരുന്നത്. ഭൂതകാലത്തിന്റെ ഡയറക്ടര്‍ മീറ്റ് ചെയ്യാന്‍ വരുന്നുണ്ടെന്നും മമ്മൂക്കയുടെ പടമാണെന്നും ഞാന്‍ ഇക്കയോട് പറഞ്ഞു.

നീ കേള്‍ക്ക് എന്ന് മാത്രമേ ഇക്ക പറഞ്ഞുള്ളൂ. അങ്ങനെ കഥ കേട്ട ശേഷം ഞാന്‍ ഇക്കയോട് കഥയെ കുറിച്ച് പറഞ്ഞു. അതിന് ശേഷമാണ് ആ വേഷം അദ്ദേഹം ചെയ്യേണ്ടതായിരുന്നു എന്ന് എന്നോട് പറയുന്നത്. കഥ അദ്ദേഹം കേട്ടതാണെന്നും നല്ല കഥാപാത്രമാണെന്നും പറഞ്ഞു. നീ ആയതുകൊണ്ട് സന്തോഷമുണ്ടെന്നും പറഞ്ഞു,’ അര്‍ജുന്‍ പറയുന്നു.

മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് പേടിയാണോ എന്ന് പറയാനാവില്ലെന്നും നല്ല രീതിയില്‍ ചെയ്ത് കാണിച്ചുകൊടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു അര്‍ജുന്റെ മറുപടി.

‘തരക്കേടില്ലാതെ ചെയ്യാന്‍ പറ്റിയെന്നാണ് വിശ്വാസം. പിന്നെ അവരില്‍ നിന്നൊക്കെ കുറേ കാര്യങ്ങള്‍ എന്തായാലും നമ്മള്‍ പഠിക്കും. മമ്മൂക്കയുടേയും രാഹുലിന്റേയും സിദ്ധാര്‍ത്ഥ് ചേട്ടന്റെ കൂടെയുമൊക്കെയാണല്ലോ കൂടുതല്‍ സമയവും. മൊത്തത്തില്‍ ക്രൂ അടിപൊളിയായിരുന്നു. രണ്ട് ദിവസം കൊണ്ട് ടെന്‍ഷനൊക്കെ മാറി.

പിന്നെ ഞാനൊക്കെ കരുതിയതിന്റെ ഇരട്ടിയായിട്ടാണ് മമ്മൂക്ക ചെയ്യുന്നത്. കഥാപാത്രത്തിന്റഎ മീറ്റര്‍ പിടിക്കാന്‍ കുറച്ച് സമയം എടുത്തിരുന്നു. ആദ്യത്തെ രണ്ട് മൂന്ന് ദിവസം കുറച്ച് നിര്‍ണായകമാണ്, അര്‍ജുന്‍ പറഞ്ഞു.

Content Highlight: Arjun Ashokan About Asif Ali Comment after he got Bramayugam Character

We use cookies to give you the best possible experience. Learn more