| Saturday, 16th November 2024, 12:09 pm

ആ മമ്മൂട്ടി ചിത്രത്തിന്റെ സെക്കന്റ്‌ പാർട്ടിൽ വില്ലൻ ഞാനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്: അർജുൻ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഇടവേളയ്ക്ക് ശേഷം ജയറാം മുഴുനീള വേഷത്തിൽ എത്തിയ മലയാള സിനിമയായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലർ. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനുശേഷം മിഥുൻ ഒരുക്കിയ ഓസ്‌ലറും തിയേറ്ററിൽ വലിയ വിജയമായി മാറി.

അലക്സാണ്ടർ എന്ന കഥാപാത്രമായി മമ്മൂട്ടി ഒരു ഗസ്റ്റ് റോളിൽ എത്തിയതും സിനിമയെ വലിയ രീതിയിൽ സഹായിച്ചിരുന്നു. ജയറാമിന്റെ തിരിച്ചുവരവ് സിനിമയായിട്ടാണ് പ്രേക്ഷകർ അബ്രഹാം ഓസ്‌ലറിനെ കാണുന്നത്.

നടൻ അർജുൻ അശോകനും ചിത്രത്തിൽ ഒരു കഥാപാത്രമായി എത്തിയിരുന്നു. ഓസ്‌ലറിൽ അഭിനയിക്കുമ്പോൾ ചിത്രത്തിനൊരു രണ്ടാംഭാഗമുണ്ടാവുമെന്ന് സംവിധായകൻ മിഥുൻ മാനുവൽ പറഞ്ഞിരുന്നുവെന്നും അതിൽ വില്ലനായി അഭിനയിക്കാൻ തന്നെ വിളിക്കുമെന്ന് പറഞ്ഞെന്നും അർജുൻ പറയുന്നു.

താൻ ഏറ്റവും കൂടുതൽ റിസേർച്ച് നടത്തി അഭിനയിച്ച കഥാപാത്രമാണ് ഓസ്‌ലറിലേതെന്നും മിഥുൻ മാനുവൽ ഇപ്പോൾ ആട് എന്ന സിനിമയുടെ തിരക്കിലാണെന്നും അർജുൻ അശോകൻ പറഞ്ഞു. പുതിയ ചിത്രം ആനന്ദ് ശ്രീബാലയുടെ പ്രൊമോഷനിൽ സംസാരിക്കുകയായിരുന്നു അർജുൻ.

‘ഓസ്‌ലർ ചെയ്യുന്ന സമയത്ത് മിഥുൻ ചേട്ടൻ പറഞ്ഞത് ഇതിന് സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവുമെന്നാണ്. അതിൽ നീയായിരിക്കും വില്ലനെന്ന് എന്നോട് ജസ്റ്റ്‌ പറഞ്ഞിരുന്നു. പിന്നെ പടം ഹിറ്റായപ്പോൾ ഞാൻ മിഥുനേട്ടനെ വിളിച്ചു.

ചേട്ടാ സെക്കന്റ്‌ പാർട്ട്‌ എപ്പോഴാണെന്ന് ഞാൻ ചോദിച്ചു. അത് എന്തായാലും ഉണ്ടാവും, നിന്നോട് പറയുമെന്നാണ് പുള്ളി പറഞ്ഞത്. അപ്പോഴേക്കും ആട് എന്ന സിനിമയുടെ തിരക്കിലായി പുള്ളി.

എന്തായാലും ഉണ്ടാവുമായിരിക്കും. സത്യം പറഞ്ഞാൽ ഓസ്‌ലറിന് വേണ്ടി ഒരു ദിവസത്തെ ഷൂട്ട് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഒരു വൈകുന്നേരം പോയിട്ട് രാത്രിയാവുമ്പോൾ കഴിഞ്ഞു. ഞാൻ ഇത്രയും പടങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു റിസേർച്ച് നടത്തി നന്നായി പഠിച്ച് ചെയ്യുന്ന ഒരു കഥാപാത്രം ഓസ്‌ലറിലെ വേഷമായിരുന്നു.

കാരണം ട്രാക്കിലാവാനുള്ള സമയം എനിക്കില്ലായിരുന്നു. അതുകൊണ്ട് ഒരാഴ്ച്ചയോളം പണിയെടുത്താണ് ഞാൻ ആ കഥാപാത്രം ചെയ്തത്. അത് നന്നായി വർക്കായതിൽ ഒരുപാട് സന്തോഷം തോന്നി,’അർജുൻ അശോകൻ പറയുന്നു.

Content Highlight: Arjun Ashokan About Abraham Ozler Movie Second Part

We use cookies to give you the best possible experience. Learn more