| Tuesday, 17th December 2024, 9:02 am

ആ ചിത്രത്തില്‍ മമ്മൂക്കയുടെ 15 ചിരികളും 15 ടൈപ്പായിരുന്നു: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ താര പുത്രനാണ് അര്‍ജുന്‍ അശോകന്‍. ചെറിയ ക്യാരക്ടര്‍ റോളുകളിലൂടെ തന്റെ സിനിമ ആരംഭിച്ച അര്‍ജുന്‍ അശോകന്‍ ഇന്ന് മലയാളത്തില്‍ തിരക്കുള്ള ഒരു യുവനടനാണ്. ഈ വര്‍ഷമിറങ്ങി വലിയ ചര്‍ച്ചയായി മാറിയ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അര്‍ജുന്‍ അശോകന് സാധിച്ചിരുന്നു.

ഭ്രമയുഗത്തില്‍ മമ്മൂട്ടിയുമായി ഒന്നിച്ചഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അര്‍ജുന്‍ അശോകന്‍. ഭ്രമയുഗത്തില്‍ മമ്മൂട്ടിയുമായി അഭിനയിക്കുമ്പോള്‍ വിചാരിക്കാത്ത റിയാക്ഷനുകളായിരുന്നു മമ്മൂട്ടിയുടെ അടുത്ത് നിന്ന് വന്നതെന്ന് അര്‍ജുന്‍ അശോകന്‍ പറയുന്നു. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ 15 ചിരികളും 15 ടൈപ്പ് ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.

‘നിങ്ങള്‍ക്ക് ഭ്രമയുഗം സ്‌ക്രീനില്‍ കാണുമ്പോള്‍ ഇത്രയും അടിപൊളിയായി തോന്നുന്നെങ്കില്‍ അത് നേരിട്ട് കണ്ട എന്റെ എക്‌സ്പീരിയന്‍സ് അടിപൊളി ആയിരുന്നു. ഒറ്റ സെക്കന്റിലാണ് ഓരോ എക്‌സ്പ്രഷനും മാറുന്നത്. നമ്മള്‍ വിചാരിക്കാത്ത റീയാക്ഷനാണ് അവിടെ മമ്മൂക്ക ഇട്ടുകൊണ്ടിരിക്കുന്നത്.

ഒരു സീന്‍ വായിച്ച് കഴിയുമ്പോള്‍ ഓപ്പോസിറ്റ് ഉള്ള ആള്‍ ഇങ്ങനെയായിരിക്കും ചിരിക്കുക, ഇങ്ങനെ ആയിരിക്കും കരയുക, ഇങ്ങനെ ആയിരിക്കും ബിഹേവ് ചെയ്യുക എന്നെല്ലാം നമ്മുക്ക് കുറച്ച് മുന്‍ധാരണകള്‍ ഉണ്ടാകുമല്ലോ. പക്ഷെ ആ മുന്‍വിധികളെയെല്ലാം ബ്രേക്ക് ചെയ്ത് കുറച്ച് സാധനങ്ങള്‍ മമ്മൂക്ക അവിടെ ഇടും. ആദ്യം നമ്മള്‍ വിസ്മയിച്ച് നിന്ന് പോകും. പിന്നെയായിരിക്കും അയ്യോ അഭിനയിക്കണമല്ലോ എന്ന ബോധം വരുന്നത്.

ഏറ്റവും വലിയ ഭാഗ്യം നമുക്ക് മമ്മൂക്കയുടെ ആ അഭിനയത്തിനെല്ലാം സാക്ഷിയാകാന്‍ കഴിഞ്ഞു എന്നുള്ളത് തന്നെയാണ്. ഞാന്‍ ഒരു കമന്റില്‍ വായിച്ചതാണ് ഭ്രമയുഗത്തിലെ മമ്മൂക്കയുടെ 15 ചിരികളും 15 ടൈപ്പ് ആയിരുന്നു എന്ന്. അത് വായിച്ചപ്പോള്‍ എനിക്കും ശരിയാണെന്ന് തോന്നി,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.

Content Highlight: Arjun Ahokan Talks About Mammootty’s Performance In Bramayugam  Movie

We use cookies to give you the best possible experience. Learn more