മമ്മൂട്ടി സാര്‍ ഇടക്ക് ഗൗരവമൊക്കെ ഇട്ട് മാറിയിരിക്കും, ലാലേട്ടന്‍ അങ്ങനെയല്ല: അര്‍ജുന്‍
Entertainment
മമ്മൂട്ടി സാര്‍ ഇടക്ക് ഗൗരവമൊക്കെ ഇട്ട് മാറിയിരിക്കും, ലാലേട്ടന്‍ അങ്ങനെയല്ല: അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th September 2024, 8:49 pm

ചെറുപ്രായത്തില്‍ തന്നെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് അര്‍ജുന്‍ സര്‍ജ. പതിനേഴാം വയസില്‍ നായകനായി അരങ്ങേറിയ താരം കൂടിയാണ് അര്‍ജുന്‍. ആക്ഷന്‍ രംഗങ്ങളിലെ മെയ്‌വഴക്കവും പെര്‍ഫക്ഷനും കണ്ട ആരാധകര്‍ ആക്ഷന്‍ കിങ് എന്ന് അര്‍ജുനെ അഭിസംബോധന ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 150ലധികം സിനിമകളില്‍ അര്‍ജുന്‍ ഭാഗമായിട്ടുണ്ട്.

മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അര്‍ജുന്‍ സ്‌ക്രീന്‍ പങ്കിട്ടുണ്ട്. മമ്മൂട്ടി നായകനായി 2010ല്‍ റിലീസായ വന്ദേ മാതരത്തിലൂടെയാണ് അര്‍ജുന്‍ മലയാളത്തില്‍ അരങ്ങേറിയത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അര്‍ജുന്‍ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ നായകനായ മരക്കാറിലും അര്‍ജുന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ട് പേരോടൊപ്പവും അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അര്‍ജുന്‍.

വന്ദേ മാതരത്തില്‍ അഭിനയിച്ച സമയത്ത് മമ്മൂട്ടിയുമായി നല്ല സൗഹൃദമായിരുന്നെന്നും എന്നാല്‍ ചില സമയത്ത് പുള്ളി ഗൗരവത്തോടെ എങ്ങോട്ടെങ്കിലും മാറിനില്‍ക്കുന്നത് കാണാറുണ്ടെന്ന് അര്‍ജുന്‍ പറഞ്ഞു. എന്നാല്‍ മോഹന്‍ലാലുമായി നല്ല ജോളിയടിച്ച് ഇരിക്കാറുണ്ടെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം കഴിഞ്ഞ് കണ്ടാലും മുമ്പ് പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് കളിയാക്കുമെന്നും അര്‍ജുന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടി സാര്‍, മോഹന്‍ലാല്‍ സാര്‍ രണ്ട് പേരുടെ കൂടെയും സ്‌ക്രീന്‍ ഷെയര്‍ എനിക്ക് പറ്റിയിട്ടുണ്ട്. അതില്‍ തന്നെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടി സാറിന്റെ കൂടെയായിരുന്നു. രണ്ട് പേരും വെവ്വേറെ ടൈപ്പാണ്. വന്ദേ മാതരത്തിന്റെ ഷൂട്ടിന്റെ സമയത്ത് മമ്മൂട്ടി സാറുമായി കമ്പനിയായി. പുള്ളി നല്ല രീതിയില്‍ സംസാരിക്കും. പക്ഷേ ഇടക്കൊക്കെ മുഖത്ത് ഗൗരവവുമായി എങ്ങോട്ടെങ്കിലും മാറി നില്‍ക്കുന്നത് കാണാം.

ലാല്‍ സാര്‍ അങ്ങനെയല്ല, മൂപ്പര്‍ പുള്‍ ജോളിയാണ്. എത്ര നേരം വേണമെങ്കിലും എന്തിനെപ്പറ്റി വേണമെങ്കിലും സംസാരിക്കും. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും കാണുമ്പോഴും മുമ്പ് സംസാരിച്ച കാര്യങ്ങള്‍ പറഞ്ഞ് നമ്മളെ കളിയാക്കും. എന്താണ് സംസാരിക്കാറെന്ന് വേറെ ആരോടും പറയാനും പറ്റില്ല. രണ്ട് പേരും ഇങ്ങനെ വ്യത്യസ്തമാണെങ്കിലും അവരുടെ അഭിനയം അസാധ്യമാണ്,’ അര്‍ജുന്‍ പറഞ്ഞു.

Content Highlight: Arjun about Mammootty and Mohanlal