Film News
പട്ടാഭിഷേകം സെറ്റിലെ ആന, പഞ്ചാബി ഹൗസ് സെറ്റിലെ തമാശകള്‍; കുട്ടിക്കാലത്ത് അച്ഛനൊപ്പം പോയ സിനിമാ സെറ്റുകളിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് അര്‍ജുന്‍ അശോകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 16, 10:40 am
Thursday, 16th December 2021, 4:10 pm

ഹരിശ്രീ അശോകന്റെ മകന്‍ എന്നതിലുപരി അഭിനയിച്ച സിനിമകളിലൂടെ ഒരു ഐഡന്ററ്റി ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച നടനാണ് അര്‍ജുന്‍ അശോകന്‍. ഓര്‍ക്കൂട്ട് എന്ന ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന അര്‍ജുന്‍ അശോകന്‍ പറവയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

സിനിമയോട് ചെറുപ്പം മുതലേ കമ്പമുണ്ടായിരുന്ന അര്‍ജുന്‍ അശോകന്‍ അച്ഛനൊപ്പം സിനിമാ സെറ്റുകളില്‍ പോകുമായിരുന്നു. ചെറുപ്പത്തില്‍ കണ്ട് ഷൂട്ടിങ് സെറ്റിലെ അനുഭവം പങ്കുവെക്കുകയാണ് അര്‍ജുന്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ മനസ് തുറന്നത്.

‘ചെറുപ്പത്തില്‍ അച്ഛന്റെ കൂടെ സിനിമ സെറ്റുകളില്‍ പോകും. വലിയ ലൈറ്റും ക്യാമറയുമൊക്കെ കാണുമെന്നല്ലാതെ എന്താണ് ശരിക്കും നടക്കുന്നതെന്ന് വല്യ പിടി കിട്ടാറില്ല. പക്ഷേ വലിയ താരങ്ങളെയൊക്കെ തൊട്ടടുത്ത് കാണാം. അവരുടെ അടുത്തിരിക്കാം. അതൊക്കെ കൗതുകമായിരുന്നു,’ അര്‍ജുന്‍ പറയുന്നു.

‘സിനിമ സെറ്റില്‍ പോകാനുള്ള ആവേശത്തിന് മറ്റൊരു കാരണം പ്രൊഡക്ഷന്‍ ഫുഡായിരുന്നു. വലിയ കാരിയര്‍ തുറന്ന് ഓരോ തട്ടില്‍ നിന്നും ഓരോ വിഭവങ്ങള്‍ എടുത്തുവെച്ച് കഴിക്കുന്നതൊക്കെ രസമാണ്. പട്ടാഭിഷേകത്തിന്റെ സെറ്റില്‍ പോയി ആനയുടെ കളി കണ്ടിരിക്കുന്നതൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്. പ്രൊഡക്ഷന്‍ ചേട്ടന്മാരുമായാണ് അന്നൊക്കെ കമ്പനി. സിനിമയില്‍ വലിയ പരിചയങ്ങളും ബന്ധങ്ങളുമുണ്ടായത് അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷമാണ്,’ അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

പറവയിലെ ഹക്കീമും ബി.ടെക്കിലെ ആസാദുമാണ് അര്‍ജുനെ മലയാള സിനിമയില്‍ ശ്രദ്ധേയനാക്കിയത്. ജൂണിലെ ആനന്ദ് അര്‍ജുന് കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. അര്‍ജുന്‍ അശോകന്‍ അഭിനയിച്ച ജാന്‍ എ മന്‍ മികച്ച അഭിപ്രായം നേടി തയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. തുറമുഖം, സൂപ്പര്‍ ശരണ്യ, മധുരം, അജഗജാന്തരം എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന അര്‍ജുന്റെ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: arjubn asokan about his experience in shooting sets