റൊണാള്‍ഡോയോ മെസിയോ, ഇവരില്‍ മികച്ച താരമാര് എന്ന തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഫുട്ബോള്‍ ഉള്ളിടത്തോളം കാലം ഈ ചര്‍ച്ച അനന്തമായി നിലനില്‍ക്കുമെന്ന കാര്യം ഉറപ്പുമാണ്. ഫുട്ബോള്‍ ലോകത്തെയൊന്നാകെ രണ്ട് ചേരിയില്‍ നിര്‍ത്തിയാണ് ഇരുവരും ചേര്‍ന്ന് ഈ ഗെയ്മിനെ അടക്കിഭരിച്ചത്.
ഈ ഇതിഹാസങ്ങളുടെ പ്രൈം ടൈമില്‍ ഇരുവരുടെയും മത്സരം നേരിട്ട് കണ്ടവര്‍ ഭാഗ്യവാന്‍മാര്‍ എന്ന് അടുത്ത തലമുറ പറയുമെന്ന കാര്യത്തിലും സംശയമില്ല.
എന്നിരുന്നാലും ഇവരില്‍ മികച്ച താരം ആരാണെന്ന ചോദ്യം എല്ലാ താരങ്ങളും പരിശീലകരും കരിയറിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാകും. ഇതിഹാസ താരങ്ങളും പരിശീലകരുമടക്കം ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഈ വിഷയത്തില്‍ സംസാരിക്കുകയാണ് മുന്‍ ഡച്ച് സൂപ്പര്‍ താരം ആര്യന്‍ റോബന്‍. ഗോട്ട് ഡിബേറ്റില്‍ താരം ലയണല്‍ മെസിയെയാണ് തെരഞ്ഞെടുത്തത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോബന്‍.
‘ഞാന്‍ എല്ലായ്‌പ്പോഴും ചോദിക്കാറുണ്ട്, അവന്‍ എന്തെങ്കിലും ട്രിക്കുകള്‍ ഉപയോഗിക്കാറുണ്ടോ എന്ന്. ഇതിനുത്തരം ഇല്ല എന്ന് തന്നെയാണ്. തീര്‍ച്ചയായും മെസി തന്നെയാണ് മികച്ചത്. അവന്റെ പക്കല്‍ ഒരു ട്രിക്കുകളുമില്ല. അവനെല്ലാം വളരെ പെട്ടെന്ന് തന്നെ ചെയ്യുകയാണ്. അവന് വളരെയധികം പന്തടക്കമുണ്ട്. വേഗതയും അജിലിറ്റിയും അവനൊപ്പമുണ്ട്,’ റോബന്‍ പറഞ്ഞു.
ഇതിഹാസ താരം പെലെയും മെസിയെ തന്നെയായിരുന്നു തെരഞ്ഞെടുത്തത്. 2018ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഫു്ടബോളിലെ എക്കാലത്തെയും മികച്ച താരം മെസിയെ തെരഞ്ഞെടുത്തത്.
‘ഞാന്‍ മെസിയില്‍ തന്നെ ഉറച്ചുനില്‍ക്കും. ഗോള്‍ നേടുക എന്നത് വളരെ പ്രധാനമാണ്, അതില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ നിങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരം ആരെങ്കിലും ഒരുക്കിത്തരാതിരുന്നാല്‍, അപ്പോള്‍ അത് മാത്രം കൊണ്ടാകില്ല. എന്റെ ടീമിലേക്ക് ഞാന്‍ മെസിയെ ആയിരിക്കും തെരഞ്ഞെടുക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും മികച്ച ഗോള്‍ സ്‌കോററാണ്.