|

Ariyippu Review | അതിഥി തൊഴിലാളിയായ മലയാളിയുടെ മൂന്ന് അറിയിപ്പുകള്‍

അന്ന കീർത്തി ജോർജ്

സങ്കീര്‍ണമായ ഒരു ഇമോഷണല്‍ ജേണിയിലൂടെ കടന്നുപോകുന്ന രണ്ട് മനുഷ്യരുടെ കഥയാണ് അറിയിപ്പ്. ഇവര്‍ തമ്മിലുള്ള വിശ്വാസം, പരസ്പരാശ്രയത്വം, സ്വപ്‌നങ്ങള്‍, ലക്ഷ്യങ്ങള്‍, നഷ്ടബോധം, ദേഷ്യം, മൂല്യങ്ങള്‍, സ്വാഭിമാനം എന്ന് തുടങ്ങി പലതും ചോദ്യം ചെയ്യപ്പെടുകയും അളക്കപ്പെടുകയും ചെയ്യുന്ന കുറച്ച് ദിവസങ്ങളിലൂടെയാണ് അറിയിപ്പ് കഥ പറയുന്നത്.

അറിയിപ്പ് അഥവാ ഡിക്ലറേഷന്‍ എന്ന ടൈറ്റില്‍ മൂന്നോളം രീതിയില്‍ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ആദ്യ അറിയിപ്പ് സ്വയം നല്‍കുന്ന ഡിക്ലറേഷനാണ്, സാക്ഷ്യപത്രം പോലെ. രണ്ടാമത്തേത് ശരിക്കും ഒരു അറിയിപ്പാണ്, നോട്ടീസ് പോലെ. മൂന്നാമത്തേത് ഒരു ക്ലാരിഫിക്കേഷനാണ്, ചില തെറ്റായ വിവരങ്ങള്‍ തിരുത്തുന്ന ഒരു വിശദീകരണകുറിപ്പ്.

ഈ മൂന്നാമത്തെ അറിയിപ്പിലേക്ക് നയിക്കുന്ന സാഹചര്യങ്ങളാണ് സിനിമയുടെ പ്രധാന കഥാപരിസരം. ചിത്രത്തിന്റെ സിനോപ്‌സിസില്‍ പറയുന്നത് പോലെ ഒരു അശ്ലീല വീഡിയോ പുറത്തുവരുന്നതും അതുമായി ബന്ധപ്പെട്ട ചിലരുടെ ജീവിതങ്ങള്‍ കീഴ്‌മേല്‍ മറിയുന്നതുമാണ് അറിയിപ്പിന്റെ കഥാപരിസരം.

എത്ര സ്വാഭാവികമായി അവതരിപ്പിക്കാന്‍ കഴിയുമോ അതിന്റെ മാക്‌സിമത്തില്‍ നിന്ന് ചെയ്യാനാണ് മഹേഷ് നാരായണന്‍ ഈ ചിത്രത്തിലൂടെ ശ്രമിച്ചതെന്ന് വേണം കരുതാന്‍. ചിത്രത്തിലെ ഫാക്ടറിയും അവിടെയുള്ള ആളുകളും വീടുകളും തെരുവുകളുമെല്ലാം നോയ്ഡയുടെ നേര്‍പതിപ്പെന്ന് തോന്നിപ്പിച്ചു. ചിത്രത്തിലെ അഭിനേതാക്കളും ഈ അനുഭവത്തെ പൂര്‍ത്തിയാക്കിയിരുന്നു.

വളരെ കമ്പല്ലിങ്ങായ ഒരു ഇമോഷണല്‍ സ്‌റ്റോറിലൈനാണ് ചിത്രത്തിന്റെ ആത്മാവ് എന്നതുകൊണ്ട് തന്നെ അറിയിപ്പ് ഒരിക്കലും ഡോക്യുമെന്ററി മൂഡിലേക്ക് നീങ്ങുന്നില്ല. ഗ്ലൗസ് നിര്‍മിക്കുന്നത് പോലുള്ള ഫാക്ടറികള്‍ നേരിട്ടോ സിനിമകളിലോ കണ്ടുപരിചയമില്ലാത്തതിനാലായിരിക്കാം ചിത്രങ്ങള്‍ പുതുമ നിറഞ്ഞ കാഴ്ചകളും സമ്മാനിച്ചു.

അറിയിപ്പ് വളരെ ടൈറ്റായ, അസ്വസ്ഥതപ്പെടുത്തുന്ന കഥ പറയാന്‍ ഒരു സ്ലോ പേസാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കഥപറച്ചിലിലെ ഈ വൈരുധ്യം ഇന്‍ട്രസ്റ്റിങ്ങായ രീതിയില്‍ കൊണ്ടുവരാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.

ചിത്രത്തിലെ മറ്റൊരു പുതുമ കഥാപാത്രങ്ങള്‍ തന്നെയാണ്. നോയ്ഡയില്‍ ജോലി തേടി പോയി, അവിടെ ഏറ്റവും താഴെത്തട്ടില്‍ ജീവിക്കേണ്ടി വരുന്ന മലയാളികളെ കുറിച്ച്, അവരുടെ ജീവിതത്തെ കുറിച്ചൊന്നും അധികം എവിടെയും ചിത്രീകരിച്ചു കണ്ടിട്ടില്ല.

ചില സിനിമകളിലെ കുറച്ച് സീനുകള്‍ മാത്രമാണ് മനസില്‍ വരുന്നത്. പക്ഷെ, അത്തരം മനുഷ്യരുടെ ജീവിതങ്ങളെ കേന്ദ്രീകരിച്ച് കഥ പറഞ്ഞ സിനിമകള്‍ കുറവാണെന്ന് തന്നെ തോന്നുന്നു.(നിങ്ങള്‍ക്ക് അറിയാമെങ്കില്‍ കമന്റുകളില്‍ പറയൂ). അതുകൊണ്ട് തന്നെ അവരുടെ ദൈനംദിന ജീവിതവും താമസസ്ഥലങ്ങളും ജോലിത്തിരക്കും വ്യക്തിജീവിതവുമെല്ലാം കാണാന്‍ സാധിക്കുന്നത് അറിയിപ്പില്‍ ഒരു പ്രത്യേക താല്‍പര്യം ജനിപ്പിക്കുന്നുണ്ടായിരുന്നു.

ചിത്രത്തില്‍ ഹരീഷും രശ്മിയും തമ്മിലുള്ള ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് കാണിച്ചിരിക്കുന്ന സീന്‍ വളരെ പവര്‍ഫുള്ളായിരുന്നു. ഹരീഷ് എന്ന പുരുഷന്റെയും ഭര്‍ത്താവിന്റെയും അടങ്ങാത്ത അഭിമാനബോധം, ഭാര്യയുടെ അവസ്ഥ, എന്നിങ്ങനെ പലതും ആ രംഗത്തില്‍ കടന്നുവരുന്നുണ്ട്. ചിത്രത്തിലെ മികച്ച എക്‌സിക്യൂഷനായി തോന്നിയ ഭാഗമായിരുന്നു ഇത്. സെക്‌സില്‍ പ്രണയത്തിനും ആസക്തിക്കുമപ്പുറം വളരെ ക്രൂരമായ മറ്റ് ചില ഘടകങ്ങള്‍ കൂടി പ്രവര്‍ത്തിച്ചേക്കാമെന്ന് വ്യക്തമായി കാണിച്ചുതരുന്ന ഭാഗമായിരുന്നു ഇത്. അതുപോലെ തന്നെ ഡൊമസ്റ്റിക് വയലന്‍സിന്റെ രംഗവും ഏറ്റവും മികച്ച രീതിയില്‍ എഴുതുകയും ഷൂട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കഥാപാത്രങ്ങളിലേക്ക് വന്നാല്‍, കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് അറിയിപ്പിലേതെന്ന് നിസംശയം പറയാം. ഹരീഷ് എന്ന വ്യക്തിയുടെ പല ലെയറുകള്‍ കുഞ്ചാക്കോ ബോബന്‍ അനായാസം കൈകാര്യം ചെയ്തിട്ടുണ്ട്. ഹരീഷിന്റെ റേഞ്ച് ഓഫ് ഇമോഷന്‍സ് അവതരിപ്പിക്കാനുള്ള അവസരം കൂടി ഇതില്‍ കുഞ്ചാക്കോ ബോബന് ലഭിച്ചിട്ടുണ്ട്. അയാളുടെ ആഗ്രഹങ്ങളും നിരാശയും നഷ്ടബോധവും ദേഷ്യവും വെറുപ്പും ദുരഭിമാനവും അക്രമസ്വഭാവവുമെല്ലാം ഒരു റോളര്‍കോസ്റ്റര്‍ റൈഡ് പോലെ ചിത്രത്തിലുണ്ട്. സ്വയം ഒരു മാറ്റത്തിന് വേണ്ടി തീരുമാനമെടുത്തിറങ്ങിയ ആ നടന്റെ കരിയറില്‍, ഹരീഷ് അതിന്റെ തെളിവായി നിലകൊള്ളുമെന്ന് ഉറപ്പ്.

ദിവ്യപ്രഭ പൂര്‍ണമായും രശ്മിയായി മാറിയിട്ടുണ്ട്. ഹരീഷിനോട് താരതമ്യം ചെയ്യുമ്പോള്‍ രശ്മിക്ക് കുറച്ച് കൂടി സ്ഥായിയായ ചില ഭാവങ്ങളുണ്ട്. അവരില്‍ നിരാശയും മടുപ്പും ജീവിതത്തോടും ജീവിത സാഹചര്യങ്ങളോടും അടിയറവ് പറഞ്ഞ അവസ്ഥയുമുണ്ട്. എന്നാല്‍ താന്‍ വിശ്വസിക്കുന്ന ചില മൂല്യങ്ങളോടും മനസാക്ഷിയോടും അവര്‍ ശക്തമായ ഒരു അടുപ്പവും പുലര്‍ത്തുന്നുണ്ട്.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും ഗംഭീരമായ പെര്‍ഫോമന്‍സാണ് നടത്തിയിരിക്കുന്നത്. കിരണ്‍ പീതാംബരന്റെ മോഹന്‍, അതുല്യയുടെ സുജയ, ഡാനിഷ് ഹുസൈന്റെ സുരേഷ് സാര്‍, ലവ്‌ലീന്‍ മിശ്രയുടെ സൂപ്പര്‍വൈസര്‍, സെയ്ഫുദ്ദീന്റെ ഇസ്മായില്‍, പൊലീസ് ഓഫീസര്‍ എന്നിങ്ങനെ ഓരോരുത്തരും ബ്രില്യന്റായിരുന്നു.

സനു വര്‍ഗീസിന്റെ ക്യാമറയും മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ എഡിറ്റിങ്ങും ചിത്രത്തിന്റെ കഥയുടെ സ്വാഭാവികമായ ഒഴുക്ക് അവതരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

ടൈറ്റില്‍ എഴുതുന്ന സമയം മുതല്‍ ഉടനീളം ഫാക്ടറിയിലെ മെഷീനുകളുടെ നിലക്കാത്ത ശബ്ദം ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പ്രധാന പശ്ചാത്തല സംഗീതവും അതാണ്. സുഷിന്‍ ശ്യാം വളരെ ആവശ്യമായ ചിലയിടങ്ങളിലല്ലാതെ മറ്റൊരിടത്തും സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടില്ല എന്ന് തന്നെ പറയാം.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ അല്ലെങ്കില്‍ പുറത്തുവന്ന വീഡിയോക്ക് പിന്നിലെ യഥാര്‍ത്ഥ കഥ വെളിപ്പെടുത്തുന്ന ഭാഗം മാത്രമായിരുന്നു അതുവരെ വന്ന കഥാഗതിയില്‍ അല്‍പം താഴോട്ടു പോയതായി തോന്നിയത്, അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റായിരുന്നെങ്കില്‍ പോലും. പക്ഷെ അറിയിപ്പിന്റെ പേസിനൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞാല്‍ ഈ ചിത്രം വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുമെന്ന് ഉറപ്പായും പറയാം.

Content Highlight: Ariyippu Movie Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.