| Monday, 17th June 2019, 5:14 pm

ഷുക്കൂര്‍ വധം: വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവ്. സി.ബി.ഐയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

കേസില്‍ സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രം സ്വീകരിക്കാന്‍ തലശ്ശേരി സെഷന്‍സ് കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്. സി.പി.ഐ.എം നേതാക്കളായ പി. ജയരാജനെയും ടി.വി രാജേഷിനെയും പ്രതിചേര്‍ത്ത സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രവും തലശ്ശേരി സെഷന്‍സ് കോടതി മടക്കിയിരുന്നു.

സി.ബി.ഐ.യുടെ അനുബന്ധകുറ്റപത്രം സമര്‍പ്പിക്കേണ്ടത് എറണാകുളത്തെ സി.ജെ.എം. കോടതിയിലാണെന്ന് 2019 ഫെബ്രുവരി 19-ന് തലശ്ശേരി സെഷന്‍സ് കോടതി വ്യക്തമാക്കുകയായിരുന്നു. പി.ജയരാജനും രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നില്ല. ഏതു കോടതിയാണ് കുറ്റപത്രം പരിഗണിക്കേണ്ടത് എന്നു തീരുമാനിച്ചതിനു ശേഷം വിടുതല്‍ ഹര്‍ജി പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.

2012 ഫെബ്രുവരി 20നാണ് കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ വച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും സഞ്ചരിച്ച കാറിന് നേരെ ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ സംഭവത്തിന് പിന്നാലെയാണ് ഷുക്കൂര്‍ കൊലപ്പെട്ടത്.

We use cookies to give you the best possible experience. Learn more