ഹിന്ദുസാമാന്യബോധവും സവര്‍ണഫാസിസവും
Opinion
ഹിന്ദുസാമാന്യബോധവും സവര്‍ണഫാസിസവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2012, 5:31 am

സ്വന്തം ചാനലിലൂടെ കേരളീയ കുടുംബങ്ങളിലെ നിത്യസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്ന അമൃതാനന്ദമയി പ്രേക്ഷകരിലേക്കു പരോക്ഷമായി സന്നിവേശിപ്പിക്കുന്നത് ഹിന്ദു സാമാന്യബോധമാണ്. ഇതേ ഹിന്ദു സാമാന്യബോധത്തിന്റെ വ്യാപ്തിയാണ് സംഘപരിവാറിന്റെ സവര്‍ണ ഫാസിസത്തിന് മാന്യത നല്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാറിനുണ്ടായ അപായകരമായ മുന്നേറ്റത്തിനു സാക്ഷ്യം വഹിച്ച 1980-കള്‍, സുധാമണിയില്‍ നിന്ന് അമൃതാനന്ദമയിലേക്കുള്ള വളര്‍ച്ചയുടെ ദശകം കൂടിയായിരുന്നു

ഭാഗം മൂന്ന്‌


എസ്സേയ്‌സ് /ജെ. രഘു


ആത്മീയതയുടെ “മതേതര”വിപണി

J Raghuനവയുഗ ആത്മീയ പ്രസ്ഥാനങ്ങളുടെ മറ്റൊരു പ്രത്യേകത, അത് ആത്മീയതയെ മതത്തില്‍നിന്നു വേര്‍പെടുത്തുകയും ഒരു “മതേതരചരക്ക്” ആക്കിമാറ്റുകയും ചെയ്യുന്നു എന്നതാണ്. സ്ഥാപനവത്കൃതമായ പരമ്പരാഗത മതങ്ങളിലൂള്ള വിശ്വാസരാഹിത്യമാണ് 1960-കളില്‍ പാശ്ചാത്യനാടുകളില്‍ നവയുഗ ആത്മീയ ഗുരുക്കന്മാരുടെ ആവിര്‍ഭാവത്തിനു കാരണമായത്.

പാശ്ചാത്യരാജ്യങ്ങളില്‍ പുതിയതരം ആത്മീയതയ്ക്ക് ലഭിച്ച ഈ വിപണിയെയാണ് പൗരസ്ത്യഗുരുക്കന്മാരും ഗുരു-വ്യവഹാരവും ലക്ഷ്യം വെച്ചത്. അതീന്ദ്രിയധ്യാനം, സെന്‍ബുദ്ധിസം, യോഗ, ക്വാണ്ടംഹീലിംഗ്, ജീവനകല, ആശ്ലേഷാത്മീയത തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കും അവയുടെ വ്യവഹാരങ്ങള്‍ക്കും ആത്മീയതയുടെ പുതിയ സൂപ്പര്‍മാര്‍ക്കറ്റില്‍ വമ്പിച്ച വിപണനസാധ്യതയാണ് ലഭിച്ചത്.

അതീന്ദ്രിയധ്യാനത്തിനു ലഭിച്ച പ്രശസ്തിയും പണവും പുതിയ ജീവനകലാ ഗുരുക്കന്മാരെയും അമ്മ ദൈവങ്ങളെയും പാശ്ചാത്യ നാടുകളിലെ ആത്മീയാന്വേഷകരുടെ അശാന്തിയെ ചൂഷണം ചെയ്യാനും സ്വയം കയറ്റുമതി ചെയ്യാനും പ്രേരിപ്പിച്ചു. അമൃതാനന്ദമയിയുടെ ആസ്ഥാനം കേരളത്തിലാണെങ്കിലും സമ്പത്തിന്റെ പ്രധാനസ്രോതസ്സ് പാശ്ചാത്യരാജ്യങ്ങളാണ്.[]

പാശ്ചാത്യനാടുകളില്‍ അമൃതാനന്ദമയി അറിയപ്പെടുന്നത് “ആശ്ലേഷിക്കുന്ന വിശുദ്ധ” (Hugging Saint) എന്നാണ്. പാശ്ചാത്യലോകത്തുലഭിച്ച ഈ പ്രശസ്തി കേരളത്തില്‍ അമൃതാനന്ദമയിയുടെ പ്രതിച്ഛായ ഉയര്‍ത്തുകയും ചെയ്തു. മറ്റെല്ലാ നവയുഗ ആള്‍ദൈവങ്ങളെയുംപോലെ, അമൃതാനന്ദമയിയും മതേതരപരിവേഷമുള്ള ആത്മീയതാവ്യവഹാരമാണ് ആവിഷ്‌കരിക്കുന്നത്. സൂക്ഷ്മമായ അര്‍ഥത്തില്‍ ഹൈന്ദവ സിദ്ധാന്തങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും പാശ്ചാത്യരാജ്യങ്ങളിലെ ആത്മീയതയുടെ സൂപ്പര്‍മാര്‍ക്കറ്റിന് അനുയോജ്യമായ വിധത്തില്‍ അവയെ പരുവപ്പെടുത്താന്‍ ഈ നവയുഗ ആള്‍ദൈവങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.

ജീവനകല, ധ്യാനം, പ്രകൃതിജീവനം, യോഗ തുടങ്ങിയ വിദ്യകള്‍ ആത്മീയ വിപണിയുടെ പ്രത്യക്ഷ മതേതരത്വത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍, നിരക്ഷരയായ അമൃതാനന്ദമയിക്ക് നവയുഗ ആത്മീയതാവ്യവഹാരത്തിന്റെ ഭാഷ വഴങ്ങാത്തതിനാല്‍ അവര്‍ വിന്യസിച്ച വിദ്യകള്‍ ആശ്ലേഷത്തിന്റേതും ഭജനയുടേതുമാണ്. പാശ്ചാത്യ നാടുകളിലെ അശാന്തരായ ആത്മീയാന്വേഷകരിലെ താരതമ്യേന സാധാരണക്കാരും അസംസ്‌കൃതരുമായ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ അമൃതാനന്ദമയിയുടെ പൊടിക്കൈകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അങ്ങനെ, സ്വദേശത്തും വിദേശത്തുമുള്ള വിദ്യാഭ്യാസം കുറഞ്ഞവരും അസംസ്‌കൃതരുമായ വലിയൊരു ഭക്തജനക്കൂട്ടത്തെ തന്നിലേക്കടുപ്പിക്കാന്‍ അമൃതാനന്ദമയിയ്ക്ക് കഴിഞ്ഞു. ഈ പാമരഭക്തക്കൂട്ടത്തിന്റെ ആന്തരികമായ അപകര്‍ഷബോധത്തെ ഒരു ആഗോള ആത്മീയ സാമ്രാജ്യമാക്കി വികസിപ്പിക്കുന്നതില്‍ അത്ഭുതകരമായി വിജയിച്ച അമൃതാനന്ദമയി, ക്രമേണ തന്റെ സാമ്രാജ്യത്തിന്റെ അതിരുകളെ പുതിയ സാമ്പത്തിക നിക്ഷേപമേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചു.

തങ്ങളുടെ ശിഷ്യരെ അവരുടെ ജീവിതത്തിന്റെ സമ്മര്‍ദസംഘര്‍ഷങ്ങളില്‍ നിന്ന് കവചിതമാക്കുകയും തങ്ങളിലേക്ക് ഉള്‍വലിയാന്‍ പരിശീലിപ്പിക്കുകയുമാണ് നവയുഗ ആത്മീയഗുരുക്കള്‍ ചെയ്യുന്നത്. സംഘര്‍ഷ ഭരിതവും അവ്യവസ്ഥിതവുമായ സാമൂഹ്യ ജീവിതത്തില്‍ നിന്ന് സ്വന്തം ആന്തരികതയിലേക്ക് പലായനം ചെയ്യുന്ന ഈ ശിഷ്യര്‍ക്ക് ഏക അഭയം തങ്ങളുടെ ഗുരുക്കളാണ്.

സാമൂഹ്യനിരപേക്ഷവും മൂല്യശുഷ്‌കവും ചിന്താശൂന്യവുമായ ഈ ആന്തരികതാ മിഥ്യയ്ക്ക് യോഗ-ധ്യാനങ്ങള്‍കൊണ്ടും ആശ്ലേഷംകൊണ്ടും ഭജനമന്ത്രങ്ങള്‍കൊണ്ടും യാഥാര്‍ഥ്യപ്രതീതി നല്കുന്ന നിഗൂഢമായൊരു വ്യവഹാരമാണ് ഈ ഗുരുക്കള്‍ വിന്യസിച്ചുകൊണ്ടിരിക്കുന്നത്. അപായകരവും രോഗാതുരവുമായ ഈ ആത്മീയാന്വേഷണം, ഫലത്തില്‍ രാഷ്ട്രീയ, സാമൂഹ്യ-ചരിത്രമാനങ്ങളില്ലാത്ത ഒരു നിഗൂഢ സമസ്യയായി ജീവിതപ്രക്രിയയെ മാറ്റിത്തീര്‍ക്കുന്നു.

ഭക്തരുടെ ജീവിതത്തെ പ്രഹേളിക പോലെ നിഗൂഢമാക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് അവരെ ശിശുക്കളെപ്പോലെ പരിപാലിക്കാനും എളുപ്പമാണ്. തന്നെ കാണാനെത്തുന്ന ശിഷ്യരെ ഇത്ര നിസ്സാരമായി ആശ്ലേഷിക്കാന്‍ അമൃതാനന്ദമയിക്കു കഴിയുന്നത് അവരെ മനോവികാസം നിലച്ചുപോയ കുഞ്ഞുങ്ങളെപ്പോലെ കാണാന്‍ കഴിയുന്നത്‌കൊണ്ടാണ്.

ആത്മപലായനത്തിന്റെ പാതയില്‍ അഭയമന്വേഷിച്ചെത്തുന്ന ഭക്തരെ മാനസികമായ ശൈശവാസ്ഥയിലേക്കു സങ്കോചിപ്പിക്കുന്ന ആത്മീയാഹന്തയാണ്, വാസ്തവത്തില്‍, ആശ്ലേഷത്തിലൂടെയും, മോനേ മോളെ സംബോധനകളിലൂടെയും പ്രകാശിതമാവുന്നത്. മൂള്‍ക്കാടുകളും ഘോരസര്‍പങ്ങളും നിറഞ്ഞ ഒരു ആത്മീയാഹങ്കാരം വാത്സല്യനിധിയായ അമ്മയുടെ രൂപമാര്‍ജിക്കുന്ന  മനശാസ്ത്രസമസ്യയെന്നു ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാം.

സാമൂഹ്യതയില്‍ നിന്നുള്ള ആത്മപാലായനത്തെ ജീവിതത്തിന്റെ ഭവശാസ്ത്രപരമായ അര്‍ഥമായി ആഘോഷിക്കാന്‍ പഠിപ്പിക്കുന്ന ഈ ഗുരുക്കള്‍, ആത്മാഭയാര്‍ഥികളായ ശിഷ്യരുടെ വലിയൊരു സംഘത്തെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യതയില്‍ നിന്ന് ഉള്‍വലിയുന്ന ഈ ശിഷ്യരുടെ സാമൂഹ്യജീവിതം  ക്രമേണ യാന്ത്രികമാവുകയും ആള്‍ദൈവവുമായുള്ള സാമീപ്യ-ബന്ധങ്ങള്‍ മാത്രം യാഥാര്‍ഥ്യമാവുകയും ചെയ്യുന്നു. അമൃതാനന്ദമയിയുടെ സന്നിധിയിലെത്തുന്ന ശിഷ്യര്‍ക്ക് അവാച്യമായ ആനന്ദാനുഭവ പ്രതീതിയുണ്ടാവുന്നത് ആശ്രമത്തിനു പുറത്തുള്ള തങ്ങളുടെ ജീവിതത്തെ അയഥാര്‍ഥമായി കാണുന്നതുകൊണ്ടാണ്.

അമൃതാനന്ദമയിയുടെ ദര്‍ശനാശ്ലേഷ നിമിഷങ്ങളില്‍ മാത്രം സ്വന്തം ജീവിതത്തിന്റെ അര്‍ഥ-മൂല്യങ്ങള്‍ കണ്ടെത്തുന്ന ഈ ശിഷ്യപ്പറ്റങ്ങള്‍, ആരോഗ്യകരവും ആധുനികവും മതേതരവുമായ ഒരു സമൂഹത്തിനു വിനാശകരമായേക്കാവുന്ന മനോ-രോഗാലയങ്ങള്‍ കൂടിയാണ്. സാമൂഹ്യനിരപേക്ഷമായ ആന്തരികതയിലേക്കുള്ള പിന്‍വാങ്ങല്‍ രോഗാതുരമായ “ആത്മരതി” (narcissism)യാണെന്ന് ക്രിസ്റ്റഫര്‍ ലാഷ് നിരീക്ഷിച്ചിട്ടുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

സ്വന്തം കണ്‍മുന്നിലെ ഹിംസയോടും അനീതിയോടും സംവദിക്കാനുള്ള മനുഷ്യസഹജമായ ശേഷി നഷ്ടപ്പെട്ട അമൃതാനന്ദമയിയും അവരുടെ ഭക്തജനക്കൂട്ടങ്ങളും സ്വയം അപമാനവീകരിക്കപ്പെട്ടവരാണ്. സ്വയം അപമാനവീകരിക്കപ്പെട്ട മനുഷ്യപ്പറ്റങ്ങള്‍, ആധുനിക മനുഷ്യാവസ്ഥയ്ക്ക് നിതാന്തമായ ഭീഷണിയാണ്. സത്‌നാംസിങ് എന്ന 23 വയസ്സുകാരന്റെ ദാരുണമായ അന്ത്യം ഒരു അമൃതാനന്ദമയി ഭക്തനെപ്പോലും വേദനിപ്പിക്കാത്തത് അതുകൊണ്ടാണ്.

അപ-ചിന്തനത്തിന്റെ സാങ്കേതികവിദ്യ

നവയുഗ ആത്മീയതയുടെ മറ്റൊരു പ്രധാന സവിശേഷത, അതുപയോഗിക്കുന്ന ചിന്താരാഹിത്യത്തിന്റെ സാങ്കേതിക വിദ്യകളാണ്. യോഗ, ധ്യാനം, പ്രാര്‍ഥന, ഭജന എന്നിങ്ങനെ ഭക്തരുടെ മനസ്സിനെയും ചിന്തയെയും ശൂന്യമാക്കുന്ന പലതരം സങ്കേതങ്ങളുണ്ട്. ഈ പ്രക്രിയയെ “അപചിന്തനം” (de-thinking) എന്നു വിശേഷിപ്പിക്കാവുന്നതാണ്. അശാന്തിയ്ക്കു കാരണം മനസ്സിലെ ചിന്തകളാണെന്നുപദേശിക്കുന്ന ഗുരുക്കള്‍, മനസ്സിനെ ചിന്താശൂന്യമാക്കുന്ന അപചിന്തനവിദ്യകളാണ് പഠിപ്പിക്കുന്നത്.

ചിന്താശൂന്യമായ മനസിനെ ഇവര്‍ “ശുദ്ധ കേവല-മനസ്സ്” അഥവാ “ശുദ്ധബോധം” എന്നുവിളിക്കുന്നു. ചിന്താശൂന്യമായ മനസ്സിന് ബാഹ്യാധികാരത്തിന്റെ സൂക്ഷ്മവും അദൃശ്യവുമായ അധിനിവേശത്തെ പ്രതിരോധിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. ചിന്താശൂന്യവും പ്രതിരോധമുക്തവുമായ ആളുകളെ തങ്ങളുടെ വ്യക്തിപ്രഭാവത്തിലേക്ക് വശീകരിക്കാന്‍ ആള്‍ദൈവങ്ങള്‍ക്ക് എളുപ്പമാണ്.

അമൃതാനന്ദമയിയുടെ ആശ്ലേഷത്തിന് സ്വന്തം ശരീരത്തെ വിട്ടുകൊടുക്കുന്ന ഓരോ വ്യക്തിയും, വാസ്തവത്തില്‍, അപ-ചിന്തനത്തിന്റെ ഇരകളാണ്. അപചിന്തനത്തിന്റെ ഫലമായി ഓരോ അമൃതാനന്ദമയിഭക്തനും വെറുമൊരു ശരീരം മാത്രമായി മാറുന്നു. പ്രതിരോധമുക്തമായ ഇത്തരം ശരീരങ്ങളെ തനിക്കിഷ്ടംപോലെ കൈകാര്യം ചെയ്യാന്‍ അമൃതാനന്ദമയിയ്ക്കു കഴിയുന്നു.[]

പ്രകൃതിയുമായും സമൂഹവുമായും വ്യക്തിയെ ബന്ധിപ്പിക്കുന്ന സര്‍ഗാത്മക പ്രവൃത്തിയാണ് ചിന്ത. ലോകത്തോടുള്ള സംവേദനമാണ് ചിന്തയെന്ന് ഹൈഡഗ്ഗര്‍ നിര്‍വചിക്കുന്നു. ആധുനിക മനുഷ്യന്റെ നിര്‍വചന ഘടകമാണ് ചിന്ത. തനിക്കുചുറ്റുമുള്ള ലോകവുമായും മനുഷ്യരുമായും സംവദിക്കാന്‍, ചിന്താശൂന്യനായ വ്യക്തി അശക്തനാണ്. സംവേദനശക്തി കൊഴിഞ്ഞ, ചിന്താശൂന്യരായ വ്യക്തികളെ യാതൊന്നിനും അലോസരപ്പെടുത്താന്‍ കഴിയില്ല. അമൃതാനന്ദമയിയുടെ ഭക്തര്‍ സാമൂഹ്യതിന്‍മകള്‍ക്കും അനീതികള്‍ക്കും മുന്നില്‍ “വൈരാഗി”കളാകുന്നത് അതുകൊണ്ടാണ്.

സത്‌നാംസിങിന്റെ മനോവിഭ്രാന്തി അമൃതാനന്ദമയിയെയോ അവരുടെ ശിഷ്യരെയോ അസ്വസ്ഥമാക്കിയില്ല. മറിച്ച് ആ ചെറുപ്പക്കാരനെ ബലപ്രയോഗത്തിലൂടെ കീഴടക്കി, പോലീസിനെ ഏല്‍പിക്കാനായിരുന്നു അവരുടെ താത്പര്യം. നിങ്ങളെ അസ്വസ്ഥമാക്കുന്നതെന്തോ അതാണ് തത്വചിന്തയെന്ന് ദെലേസ് നിര്‍വചിച്ചിട്ടുണ്ട്. എത്ര വലിയ ഹിംസയ്ക്കും എത്രകൊടിയ അനീതിക്കും എത്ര ദാരുണമായ കൊലയ്ക്കും തത്വചിന്താപരമായ ഭാവുകത്വമില്ലാത്തവരെ സ്പര്‍ശിക്കാനാവില്ല.

സ്വന്തം കണ്‍മുന്നിലെ ഹിംസയോടും അനീതിയോടും സംവദിക്കാനുള്ള മനുഷ്യസഹജമായ ശേഷി നഷ്ടപ്പെട്ട അമൃതാനന്ദമയിയും അവരുടെ ഭക്തജനക്കൂട്ടങ്ങളും സ്വയം അപമാനവീകരിക്കപ്പെട്ടവരാണ്. സ്വയം അപമാനവീകരിക്കപ്പെട്ട മനുഷ്യപ്പറ്റങ്ങള്‍, ആധുനിക മനുഷ്യാവസ്ഥയ്ക്ക് നിതാന്തമായ ഭീഷണിയാണ്. സത്‌നാംസിങ് എന്ന 23 വയസ്സുകാരന്റെ ദാരുണമായ അന്ത്യം ഒരു അമൃതാനന്ദമയി ഭക്തനെപ്പോലും വേദനിപ്പിക്കാത്തത് അതുകൊണ്ടാണ്.

അമൃതാനന്ദമയി ഉള്‍പ്പെടെയുള്ള സമകാല ഹിന്ദുഗുരുക്കളുടെ ആവിര്‍ഭാവത്തെ “സ്വകാര്യ ആത്മീയത” എന്നു വിശേഷിപ്പിക്കാവുന്നതാണ്. ആഗോളവത്കരണപ്രക്രിയ സാമൂഹ്യജീവിതത്തെ കൂടുതല്‍ അപായകരവും അനിശ്ചിതവുമാക്കുന്നതിനാല്‍ മനുഷ്യരുടെ നിരാശാബോധവും ഭയവും വര്‍ധിക്കുന്നുവെന്ന് അള്‍റിച്ച് ബെക്ക് സിദ്ധാന്തിക്കുന്നു. അതിനാല്‍ “ആശ്വാസം”, “സാന്ത്വനം”, “സുരക്ഷിതത്വം”, “സ്‌നേഹം”, “പ്രത്യാശ”, എന്നിവ വാഗ്ദാനം ചെയ്യുന്ന ആത്മീയഗുരുക്കള്‍ക്ക് “ആഗോള അപായ സമൂഹ”ത്തില്‍ വമ്പിച്ച വിപണനസാധ്യതകളാണുള്ളത്.

പരിലാളനയുടെയും വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും മൂര്‍ത്തീഭാവമായി സ്വയം പ്രദര്‍ശിപ്പിക്കുന്ന അമൃതാനന്ദമയിയുടെ കരവലയത്തിലേക്ക് ആഗോളാരക്ഷിതത്താല്‍ വേട്ടയാടപ്പെടുന്ന നവനാഗരിക മധ്യവര്‍ഗം ആകര്‍ഷിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ നവനാഗരിക മധ്യവര്‍ഗം ആഗോളവത്കരണത്തിന്റെ ഭൗതികസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതാണെന്നും ഇവര്‍ വാരിക്കൂട്ടിയ വമ്പിച്ച സമ്പത്ത് സൃഷ്ടിക്കുന്ന മനസ്സാക്ഷിക്കുത്താണ് ഇവരെ ഗുരുക്കളിലേക്ക് ആകര്‍ഷിക്കുന്നതെന്നും മായാ വാര്യര്‍ നിരീക്ഷിക്കുന്നു.

അമൃതാനന്ദമയി ആശ്ലേഷിക്കുന്നത് ഇവരുടെ ശരീരത്തെ മാത്രമല്ല സമ്പത്തിനെക്കൂടിയാണ്. അമൃതാനന്ദമയിയുടെ സാന്നിധ്യവും ആശ്ലേഷവും ഈ നവസമ്പന്നരുടെ സമ്പത്തിനെ ധാര്‍മികമായി സാധൂകരിക്കുകയാണ് ചെയ്യുന്നത്. അധാര്‍മികമായ മാര്‍ഗങ്ങളില്‍ക്കൂടി ആര്‍ജിച്ച സമ്പത്ത് ജീവിതത്തെ സമൃദ്ധമാക്കുന്നതോടൊപ്പം കുറ്റബോധവും സൃഷ്ടിക്കുന്നുണ്ട്. നവസമ്പന്നരുടെ കുറ്റബോധശമനമാണ് അമൃതാനന്ദമയി നിര്‍വഹിക്കുന്ന ആത്മീയധര്‍മം.

അടുത്ത പേജില്‍ തുടരുന്നു

ഇന്ത്യക്കാരനായി ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഈ ഹിന്ദുസാമാന്യബോധത്തിന്റെ വക്താക്കളും വാഹകരുമാകേണ്ടിവരുന്ന അവസ്ഥ ഇസ്ലാമിക് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വമ്പിച്ച അരക്ഷിതത്വവും ഭീതിയുമാണ് വിതച്ചത്. ഭരണകൂടവും സംഘപരിവാറും നടത്തിയ അക്രമാസക്തമായ ഹൈന്ദവ വത്കരണത്തെ ന്യൂനപക്ഷങ്ങള്‍ പ്രതിരോധിച്ചത് മൗലികവാദപരമായ മതസ്വത്വ രൂപീകരണത്തിലൂടെയായിരുന്നു.

ഹിന്ദുസാമാന്യബോധവും സവര്‍ണഫാസിസവും

ആഗോളവത്കരണത്തിന്റെ അഞ്ചു “സ്‌കേയ്പ്പുകള്‍” അഥവാ “പ്രവാഹ”ങ്ങളെക്കുറിച്ചുള്ള അര്‍ജുന്‍ അപ്പാദുരെയുടെ നിരീക്ഷണത്തെ അവലംബിച്ചുകൊണ്ട് ആറാമതൊരു “സ്‌കേയ്പ്പി”നെക്കൂടി സങ്കല്പിക്കാവുന്നതാണ്.  “ഫിനാന്‍ സ്‌കേയ്പ്പ്”, “ടെക്‌നോ സ്‌കേയ്പ്പ്”, “ഐഡിയോ സ്‌കേയ്പ്പ്”, “എത്‌നോ സ്‌കേയ്പ്പ്”, “മീഡിയാസ്‌കേയ്പ്പ്” എന്നിവയാണ് അപ്പാദുരൈ ആവിഷ്‌കരിക്കുന്ന സ്‌കേയ്പ്പുകള്‍. ആഗോളതലത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ആത്മീയപ്രസ്ഥാനത്തെ വിശദീകരിക്കാന്‍ “സ്പിരിച്ച്വോ സ്‌കേയ്പ്പ്” (spirituoscape) എന്നൊരു ഗണം ഞാന്‍ ആവിഷ്‌കരിക്കുകയാണ്.

സവര്‍ണ ഹിന്ദുവര്‍ഗീയതയുടെ സമകാലിക സാംസ്‌കാരിക വ്യവഹാരത്തെ മനസിലാക്കുന്നതില്‍ “സ്പിരിച്ച്വോസ്‌കേയ്പ്പി”നു ഗണ്യമായ സ്ഥാനമുണ്ട്. അമൃതാനന്ദമയി ഭക്തരായ സവര്‍ണ മധ്യവര്‍ഗങ്ങള്‍ക്ക് ഇത് പുതിയൊരു പ്രതീകാത്മക ലോകത്തെ നിര്‍മിച്ചു നല്കുകയും അവരുടെ പുതിയ സ്വത്വത്തെ അടയാളപ്പെടുത്തുന്ന ചിഹ്നമായി മാറുകയും ചെയ്യുന്നു. “സ്‌നേഹസമ്പന്നവും കുടുംബാധിഷ്ഠിതവും സാര്‍വത്രികവും ശുദ്ധവും ആദിമവുമായ ഹൈന്ദവമണ്ഡല”ത്തെ ഭാവന ചെയ്യുന്ന ഈ സ്‌കേയ്പ്പ്, ഫലത്തില്‍, നവീനമായൊരു “ഹിന്ദു സാമാന്യബോധ” (Hindu Commonsense) ത്തിനു രൂപം നല്കുന്നുണ്ട്.

1990-കളില്‍ ശക്തിപ്രാപിച്ച ഹിന്ദു ഫാസിസം, ഈ ഹിന്ദു സാമാന്യബോധത്തിലധിഷ്ഠിതമാണ്. ആഗോള സാമ്പത്തിക പ്രവാഹങ്ങളിലേക്കു തുറക്കപ്പെട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വാതിലുകളിലൂടെ പ്രവേശിച്ച പുതിയ പ്രവണതകള്‍ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കു നേരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ ശക്തമായിരുന്നു. ലിബറല്‍ സര്‍വമത പ്രീണനത്തിന്റെ പരമ്പരാഗത വ്യവഹാരംകൊണ്ടു രഞ്ജിപ്പിക്കാന്‍ കഴിയാത്തവണ്ണം അഗാധമായിരുന്നു, ഇന്ത്യ എന്ന ഏകരാഷ്ട്രത്തെ ഗ്രസിച്ച ആന്തരികശൈഥില്യം.[]

1990-കള്‍ അപകടകരമായ മറ്റൊരു രാഷ്ട്രീയ പ്രവണതക്കുകൂടി ജന്മം നല്കി. “അഖണ്ഡഭാരത”ത്തിന്റെ ഹൈന്ദവാധിഷ്ഠാനങ്ങളെ പിടുച്ചുലച്ച ദലിത് മുന്നേറ്റങ്ങളായിരുന്നു ഈ പ്രവണത. ഔദ്യോഗികമായ ഹിന്ദു നിര്‍വചനത്തിന്റെ സ്വത്വമാതൃകയില്‍ നിന്ന് കുതറിമാറിയ ദലിത് രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പുകള്‍ക്കു മുന്നില്‍ അഖണ്ഡ ദേശീയബോധത്തിനു നിലനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. അഖണ്ഡ രാഷ്ട്രത്തിന്റെ ആഭ്യന്തരാതിര്‍ത്തികള്‍ക്ക് കാവല്‍ നില്ക്കാന്‍ ഭരണകൂടം ആശ്രയിച്ചത്,  സവര്‍ണ ഹൈന്ദവ സംസ്‌കാരത്തിന്റെ ചിഹ്ന-പ്രതീക വ്യവസ്ഥയെയായിരുന്നു.

ഈ സന്ദര്‍ഭത്തിലാണ് രാമായണ മഹാഭാരതങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണത്തിലൂടെ അഖിലേന്ത്യാ വ്യാപകമായി ഹിന്ദു സാമാന്യബോധത്തിനു രൂപം നല്‍കാന്‍ മതേതര ഭരണകൂടം തയ്യാറായത്. ഇതിഹാസങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണം ചരിത്രത്തില്‍ ഒരിക്കലും നിലനിന്നിട്ടില്ലാത്ത പുതിയൊരു ദേശീയ സ്വത്വബോധത്തിനു രൂപംനല്‍കിയെന്നു റീവ്‌സ് നിരീക്ഷിക്കുന്നു. നിയമരാഷ്ട്രീയ വ്യവഹാരങ്ങളിലൂടെ  നിലവില്‍ വന്ന ഇന്ത്യന്‍ പൗരബോധത്തെ ഭരണകൂടം തന്നെ ഹിന്ദു സാമാന്യ ബോധമാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു.

ഇന്ത്യക്കാരനായി ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഈ ഹിന്ദുസാമാന്യബോധത്തിന്റെ വക്താക്കളും വാഹകരുമാകേണ്ടിവരുന്ന അവസ്ഥ ഇസ്ലാമിക് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വമ്പിച്ച അരക്ഷിതത്വവും ഭീതിയുമാണ് വിതച്ചത്. ഭരണകൂടവും സംഘപരിവാറും നടത്തിയ അക്രമാസക്തമായ ഹൈന്ദവ വത്കരണത്തെ ന്യൂനപക്ഷങ്ങള്‍ പ്രതിരോധിച്ചത് മൗലികവാദപരമായ മതസ്വത്വ രൂപീകരണത്തിലൂടെയായിരുന്നു.

1990-കളിലെ സാമ്പത്തിക ഉദാരവത്കരണത്തെ അന്ന് ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരം വിശേഷിപ്പിച്ചത് “സ്വദേശി” എന്നായിരുന്നു. “”ഇന്ത്യന്‍ സമ്പദ്ഘടനയെ മത്സരാധിഷ്ഠിതവും കാര്യക്ഷമവും ആഗോളവുമാക്കുന്ന പ്രക്രിയയാണ് സ്വദേശി. രാഷ്ട്രത്താല്‍ രാഷ്ട്രത്തിനുവേണ്ടി എന്നാണ് സ്വദേശിയുടെ അര്‍ഥം.”” ഇതായിരുന്നു ചിദംബരത്തിന്റെ നിര്‍വചനം. ആഗോളവത്കരണത്തെ എതിര്‍ക്കുന്നതിനുവേണ്ടി സംഘപരിവാര്‍ ഉപയോഗിക്കുന്നതും സ്വദേശിയെ ആണ്. ഈ ഹിന്ദുസാമാന്യബോധത്തിന്റെ സ്വാധീനം 1990-കളില്‍ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലേക്കു പോലും വ്യാപിക്കുകയുണ്ടായി.

1995-ലെ ഒരു സുപ്രീംകോടതി വിധി നോക്കുക: “ഹിന്ദുത്വം ഒരു മതമല്ല, ഒരു ജീവിതരീതിയാണ്… ഇന്ത്യനൈസേഷന്റെ പര്യായമായി ഉപയോഗിക്കാവുന്ന ഒരു സംജ്ഞയാണ് ഹിന്ദുത്വം. ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്ന ഏക-മാനക സംസ്‌കാരമാണ് ഹിന്ദുത്വം”.

അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു എല്‍.കെ. അധ്വാനി ഈ വിധിയോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “”ബി.ജെ.പി.യുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനുള്ള ജുഡീഷ്യല്‍ അംഗീകാരമാണ് ഈ വിധി. ഇന്ത്യ ഏകരാഷ്ട്രവും ഇന്ത്യക്കാര്‍ ഏകജനതയുമാണ്. ഈ ഐക്യത്തിന്റെ അടിസ്ഥാനം നമ്മുടെ പൗരാണിക സംസ്‌കാരമാണ്. നമ്മുടെ ദേശീയത ഭൂദേശപരമോ രാഷ്ട്രീയമോ അല്ല. അത് അടിസ്ഥാനപരമായി ഒരു സാംസ്‌കാരിക സങ്കല്പമാണ്. ഇതിനെ നിങ്ങള്‍ക്ക് ഹിന്ദുത്വമെന്നോ ഇന്ത്യത്വമെന്നോ ഭാരതീയത എന്നോ വിളിയ്ക്കാം. എല്ലാം ഒന്നു തന്നെയാണ്””.

ആഗോളവത്കരണം ദേശീയമായ സാമ്പത്തിക പരമാധികാരത്തെ നിരന്തരം ഉല്ലംഘിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക മണ്ഡലത്തിലെ ദേശീയ പരമാധികാരത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ചോര്‍ച്ച നികത്താന്‍ ഇന്ത്യന്‍ ഭരണകൂടം കണ്ടെത്തിയിരിക്കുന്ന മാര്‍ഗമാണ് ഹിന്ദുസാമാന്യബോധത്തിന്റെ വിന്യാസം. ഹിന്ദു സാമാന്യബോധത്തിന്റെ ചിഹ്നങ്ങളും ബിംബങ്ങളും “ഇന്ത്യ” എന്ന ബോധത്തെയാണ് ധ്വനിപ്പിക്കുന്നത്. ഉത്തരാധുനികത ചിഹ്ന-പ്രതീകങ്ങളുടെ സൂചകശക്തിയെ ആശ്രയിക്കുന്നതെങ്ങനെയെന്ന് ബോദ്രിയാര്‍ വിശദീകരിക്കുന്നുണ്ട്.

ആഗോളവത്കരണം ഒരേസമയം “നാടന്‍വത്കരണം” (glocalization) കൂടിയാണ്. ആഗോളവത്കരണത്തിന്റെ ഈ നാടന്‍ പ്രഭാവത്തെ “ചട്ട്‌നിഫിക്കേഷന്‍” എന്നാണ് സാല്‍മന്‍ റുഷ്ദി വിശേഷിപ്പിക്കുന്നത്. “”ഇന്ത്യയിലെ പുതുതലമുറകള്‍ തീര്‍ച്ചയായും ചട്ട്‌നി തലമുറകളാണ്. ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും ഇത്തരം ചട്ട്‌നികളെ കാണാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചേരുവകളുണ്ടെങ്കിലും ഇതിന്റെ സവിശേഷ രുചിയും മണവും തനിനാടനാണെ””ന്ന് റുഷ്ദി നിരീക്ഷിക്കുന്നു.

ഈ ചട്ട്‌നി തലമുറകളുടെ സാമാന്യബോധം ഇന്ത്യയുടെ മതേതര പൊതുമണ്ഡലത്തെ ഒരു ഹൈന്ദവമണ്ഡലമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഹൈന്ദവചിഹ്ന-പ്രതീകങ്ങളുടെ അനുഷ്ഠാന പ്രദര്‍ശനപരത ഈ ഹിന്ദു സാമാന്യബോധ രൂപീകരണത്തിനാവശ്യമായ ഒരു “സംഘതാളം” സൃഷ്ടിക്കുന്നുണ്ട്. അമൃതാനന്ദമയി ഉള്‍പ്പെടെയുള്ള സമകാലീന ഹിന്ദുഗുരുക്കളുടെ സാംസ്‌കാരിക മൂലധനം ഈ ഹിന്ദു സാമാന്യബോധമാണ്.

അമൃതാനന്ദമയിയുടെ സിദ്ധാന്തപരാങ്മുഖമായ അനുഷ്ഠാനപരത അവര്‍ക്ക് “മതേതരത്വ”ത്തിന്റെ പ്രതിച്ഛായ നല്‍കുന്നുണ്ട്. അതിനാല്‍  വിവിധ വിശ്വാസക്കാരായ ആളുകളെ ആകര്‍ഷിക്കാന്‍ അവര്‍ക്കു കഴിയുന്നു. ജനപ്രിയ ഹിന്ദുയിസത്തില്‍ എല്ലാകാലത്തും സിദ്ധാന്തപരത(orthodoxy)യെക്കാള്‍ പ്രധാനം അനുഷ്ഠാനപരത(orthopraxy)യ്ക്കായിരുന്നു. “”ഒരു ഹിന്ദു, വിശ്വാസിയോ അവിശ്വാസിയോ, കമ്യൂണിസ്റ്റോ ആകട്ടെ. നിര്‍വഹിക്കുന്ന അനുഷ്ഠാനങ്ങളും പാലിക്കുന്ന വിധി നിഷേധങ്ങളുമാണ് അയാളെ ഹിന്ദുവാക്കുന്ന””തെന്ന് ഫ്രിറ്റ്‌സ്‌റ്‌റാള്‍ നിരീക്ഷിച്ചിട്ടുണ്ട്.

സ്വന്തം ചാനലിലൂടെ കേരളീയ കുടുംബങ്ങളിലെ നിത്യസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്ന അമൃതാനന്ദമയി പ്രേക്ഷകരിലേക്കു പരോക്ഷമായി സന്നിവേശിപ്പിക്കുന്നത് ഈ ഹിന്ദു സാമാന്യബോധമാണ്. ഇതേ ഹിന്ദു സാമാന്യബോധത്തിന്റെ വ്യാപ്തിയാണ് സംഘപരിവാറിന്റെ സവര്‍ണ ഫാസിസത്തിന് മാന്യത നല്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാറിനുണ്ടായ അപായകരമായ മുന്നേറ്റത്തിനു സാക്ഷ്യം വഹിച്ച 1980-കള്‍, സുധാമണിയില്‍ നിന്ന് അമൃതാനന്ദമയിലേക്കുള്ള വളര്‍ച്ചയുടെ ദശകം കൂടിയായിരുന്നു എന്നത് ഒട്ടും യാദൃശ്ഛികമല്ല.

അവസാനിച്ചു.

ഭാഗം ഒന്ന്മലയാളിയുടെ സാംസ്‌കാരിക അപകര്‍ഷതയും അമൃതാനന്ദമയിയും

ഭാഗം രണ്ട്‌–  ജീവകാരുണ്യത്തിന്റെ വിപണനമൂല്യവും അമൃതാനന്ദമയിയും

റഫറന്‍സ്
13.    Christopher Lasch, The Culture of Narcisissm
14.    Ulrich Beck, 1999, World Risk Society
15.    Maya Warier, 2003, “Process of Secularization in Contemporary India-Guru Faith in the Matha Amritananda Mission” Modern Asian Studies, 37:1
16.    Arjunan Appadurai, Modernity at large: Cultural dimensions of globalization
17.    G.W. Reeves, Indian Television: The State Privatization and the Struggle for Media Autonomy 1994
18.    Jean Bandrillard, 1983, Simulations
19.    Salman Rushdie, “Interview” India Today, 1997 July 14
20.    Fritzstall, 1989, Rules without Meaning: Ritual, Mantras and the Human Sciences