മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അരിസ്റ്റോ സുരേഷ്. അഭിനയത്തിന് പുറമെ ഗായകനും ഗാനരചയിതാവുമാണ് അദ്ദേഹം. 2016ല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് സുരേഷ് അഭിനയ ജീവിതം ആരംഭിക്കുന്നത്.
സിനിമയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ ഫൈനലിസ്റ്റ് കൂടെയായിരുന്നു അരിസ്റ്റോ സുരേഷ്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ കൂടെ അഭിനയിക്കാനും നടന് സാധിച്ചിരുന്നു.
ഓര്‍ക്കുമ്പോള്‍ സന്തോഷം കാരണം ഉറങ്ങാന്‍ പോലും പറ്റാത്ത എന്തെങ്കിലും അനുഭവങ്ങള്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സുരേഷ്.
മോഹന്‍ലാലിനൊപ്പം ഇട്ടിമാണി സിനിമയിലും മമ്മൂട്ടിയോടൊപ്പം പരോള്‍ എന്ന സിനിമയിലും അഭിനയിച്ചപ്പോളുണ്ടായ അനുഭവമാണ് അദ്ദേഹം പറഞ്ഞത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരിസ്റ്റോ സുരേഷ്.
‘ഓര്‍ക്കുമ്പോള്‍ സന്തോഷം കാരണം ഉറങ്ങാന്‍ പോലും പറ്റാത്ത രണ്ട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് ഇട്ടിമാണി എന്ന സിനിമയുടെ സമയത്തായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ എന്റെ ഡയലോഗ് പറയുകയായിരുന്നു.
അത് കേട്ടതും ലാലേട്ടന്‍ ‘ഡയലോഗിന് വേഗത കൂടുതലാണ് വേഗത കുറച്ചിട്ട് പറഞ്ഞു നോക്കൂ’വെന്ന് പറഞ്ഞു. അവിടം മുതല്‍ക്കാണ് എങ്ങനെയാണ് ഒരു സിനിമയില്‍ ഡയലോഗ് പറയേണ്ടത് എന്ന് ഞാന്‍ പഠിക്കുന്നത്. പിന്നെ പരോള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു അടുത്ത അനുഭവം ഉണ്ടാകുന്നത്.
അതില്‍ ഒരു സീനില്‍ അഭിനയിച്ച് കഴിഞ്ഞതും ഞാനും അസീസ് നെടുമങ്ങാടും മമ്മൂക്കയോട് ഞങ്ങളുടെ സീന്‍ എങ്ങനെ ഉണ്ടായിരുന്നെന്ന് ചോദിച്ചു. അതിന് മറുപടിയായി മമ്മൂക്ക ഒരു തംസപ്പ് കാണിച്ചു. അത് മതിയായിരുന്നു ഞങ്ങള്‍ക്ക്. അതില്‍ എനിക്ക് വലിയ സന്തോഷം തോന്നി,’ അരിസ്റ്റോ സുരേഷ് പറഞ്ഞു.
Content Highlight: Aristo Suresh Talks About Mammootty And Mohanlal