വായടപ്പിക്കാനാവില്ല; നിലപാട് പറയുന്ന കലാകാരന്‍മാരെ ആരാധനാലായങ്ങളില്‍ ബഹിഷ്‌കരിക്കുന്നവരോട് ഹരീഷ് ശിവരാമകൃഷ്ണന്‍
Entertainment
വായടപ്പിക്കാനാവില്ല; നിലപാട് പറയുന്ന കലാകാരന്‍മാരെ ആരാധനാലായങ്ങളില്‍ ബഹിഷ്‌കരിക്കുന്നവരോട് ഹരീഷ് ശിവരാമകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th January 2024, 5:59 pm

വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. കവര്‍ സോങ്ങുകളിലൂടെ പ്രശസ്തനായ ഹരീഷ് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ പാടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഹരീഷിന്റെ നിലപാടുകളും പലപ്പോഴും ശ്രദ്ധേയമാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗായിക പ്രസീത ചാലക്കുടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രസീതക്ക് പിന്തുണയുമായി വന്നിരിക്കുകയാണ് ഹരീഷ്. ഒരു കലാകാരനെ / കലാകാരിയെ അവരുടെ നിലപാടിന്റെ പേരില്‍ ആരാധനങ്ങളില്‍ പാടുന്നതില്‍ നിന്ന് അങ്ങ് ബഹിഷ്‌കരിച്ചു കളയും എന്ന് പറയുന്നവരോടും, ഉളുപ്പില്ലാതെ അവരോടു ജാതി അധിക്ഷേപം പറയുന്ന സ്വയം വിശ്വാസി എന്ന് അവകാശപ്പെടുന്നവരോടും വിഷയത്തെ വിഷയം കൊണ്ട് നേരിടാന്‍ ശ്രമിക്കുക, അല്ലാത്തവര്‍ ആ പണിക്ക് പോവാന്‍ നില്‍ക്കരുത് എന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഒരു 6 കൊല്ലം മുമ്പ് വരെ ‘ഇവിടെ ജാതി, ജാതി പ്രശ്‌നം ഒന്നും ഇല്ല , വളരെ പ്രശാന്ത സുന്ദരം ആണ് – ഇവിടെ പ്രശ്‌നം ഉന്നയിക്കുന്നവര്‍ പറയുന്നത് ഇരവാദം ആണ്’ എന്നത് പോലത്തെ ഭൂലോക മണ്ടത്തരം സോഷ്യല്‍ മീഡിയയില്‍ വിളമ്പിയിട്ടുണ്ട് ഞാന്‍ – കുറച്ചു വൈകി ആണെങ്കിലും എനിക്ക് കുറച്ചെങ്കിലും ബോധം വെച്ചിട്ടുണ്ട് എനിക്ക് ഇപ്പൊ…

ഒരു കലാകാരനെ / കലാകാരിയെ അവരുടെ നിലപാടിന്റെ പേരില്‍ ആരാധനാലയങ്ങളില്‍ പാടുന്നതില്‍ നിന്ന് അങ്ങ് ബഹിഷ്‌കരിച്ചു കളയും എന്ന് പറയുന്നവരോടും, ഉളുപ്പില്ലാതെ അവരോടു ജാതി അധിക്ഷേപം പറയുന്ന സ്വയം വിശ്വാസി എന്ന് അവകാശപ്പെടുന്നവരോടും പറയാന്‍ ഉള്ളത് – നിലപാടു എടുക്കാനും , അതിനെ എതിര്‍ക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് തരുന്നുണ്ട് – എതിര്‍ അഭിപ്രായം ഉള്ളവരെ ക്യാന്‍സല്‍ ചെയ്തു വായടപ്പിക്കാന്‍ ഉള്ള ശ്രമം ചെറുക്കപ്പെടും . എതിര്‍ അഭിപ്രായം പറയുന്നവരെ ജാതിപ്പേര് വിളിച്ചു ആക്ഷേപിക്കാന്‍ ശ്രമിക്കുന്നവനോട് ഒക്കെ എന്ത് സഹിഷ്ണുത കാണിക്കാനാണ് ? വിഷയത്തെ വിഷയം കൊണ്ട് നേരിടാന്‍ പറ്റാത്തവര്‍ ആ പണിക്ക് ഇറങ്ങരുത്…

മനസ്സില്‍ പ്രകാശവും നന്മയും ഉള്ള ഒരുപാട് വിശ്വാസികള്‍ ഉള്ള നാടാണ് നമ്മുടേത് – ആ വിശ്വാസത്തില്‍ അചഞ്ചലം ആയി ഉറച്ചു നിന്നുകൊണ്ട് തന്നെ സമൂഹത്തിലെ തിന്മകളെ ചൂണ്ടി കാണിക്കാന്‍ ആര്‍ജവം ഉള്ളവര്‍.

അവര്‍ ഉള്ളേടത്തോളം ഒരു കലാകാരനെ / കലാകാരിയെ നിങ്ങളുടെ വെറുപ്പിന് ഒരു ചുക്കും ചെയ്യാന്‍ ആവില്ല. നല്ല ഒരു മനുഷ്യന്‍ ആവാന്‍ ശ്രമിക്കേടോ, അങ്ങനെ അല്ലാത്ത ഒരാളുടെ കൂടെ എന്ത് ദൈവ ചൈതന്യം ഉണ്ടാവാന്‍ ആണ്?’ ഹരീഷ് പറഞ്ഞു.

നേരത്തെ ഡി.വൈ.എഫ്.ഐ. യുടെ മനുഷ്യച്ചങ്ങലക്ക് പിന്തുണ പ്രഖ്യാപിച്ച പ്രസീതക്ക് നേരെ വലതുപക്ഷത്തിന്റെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ‘ഇനി മേലാല്‍ ഒരു അമ്പലത്തിലും പാടാന്‍ വരരുത്’, ‘അമ്പലത്തില്‍ പാടാനുള്ള അര്‍ഹതയില്ല’ എന്നിങ്ങനെ നിരവധി കമന്റുകള്‍ പ്രസീതയുടെ പോസ്റ്റുകള്‍ക്ക് താഴെ വന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഹരീഷ് പോസ്റ്റിട്ടത്.

Content Highlight: Harish Sivaramakrishnan posted on facebook about cyber attack facing by Praseetha Chalakkudy