ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; ധൃതിപിടിക്കേണ്ട... തള്ളാനും കൊള്ളാനും
governance
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; ധൃതിപിടിക്കേണ്ട... തള്ളാനും കൊള്ളാനും
ജിതിന്‍ ടി പി
Wednesday, 20th February 2019, 10:00 am

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിന്റെ 1000 ദിനങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് ഒരു “അതിഥി” കേരള പൊലീസ് ആസ്ഥാനത്ത് എത്തുന്നത്. കെ.പി- റോബോട്ടിക്സ്. അനുദിനം വളരുന്ന സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ച് നിര്‍മ്മിച്ചെടുത്ത ഒരു യന്ത്രമനുഷ്യന്‍.

പൊലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ റോബോട്ടിനാണ് ഇനി ചുമതല. പൊലീസ് ആസ്ഥാനത്ത് എത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാണിത്. ഓഫീസില്‍ എത്തുന്നവര്‍ക്ക് എവിടെ എത്തണം എന്ന് കൃത്യമായി വഴികാട്ടാന്‍ റോബോട്ടിന് കഴിയും. ഓഫീസിലെ നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിക്കാനും ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കാനുള്ള സമയം അനുവദിച്ചു നല്‍കാനും കഴിയുമെന്നതും റോബോട്ടിന്റെ പ്രത്യേകതയാണ്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ഈ നൂതനസംരംഭത്തിന് തുടക്കമാകുന്നത്. കേരള പൊലീസ് സൈബര്‍ഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചിരിക്കുന്നത്.

സാങ്കേതിക വിദ്യയെ സുരക്ഷാ കാര്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നത് അഭിനന്ദിക്കേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം മനുഷ്യധ്വാനത്തെ ഗുണപരമായി രീതിയില്‍ സഹായിക്കുന്ന സാങ്കേതികവിദ്യ മനുഷ്യനെ പൂര്‍ണ്ണമായി പകരംവെക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പുത്തന്‍ സാങ്കേതികവിദ്യ പ്രയോഗിക്കപ്പെടുമ്പോള്‍ കേരളത്തെ എങ്ങനെ ബാധിക്കുമെന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവര്‍ത്തികള്‍ കമ്പ്യൂട്ടര്‍ സിസ്റ്റത്തെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ വേണ്ട ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു ആശയമാണ് ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ചൈനയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ ഈ രംഗത്ത് മത്സരബുദ്ധിയോടെയാണ് നീങ്ങുന്നത്. ഇന്ത്യയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിതബുദ്ധിയുടെ സാധ്യതകളെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും പുത്തന്‍ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രാരംഭമെന്നോണം ചില കമ്പനികളെങ്കിലും തുടങ്ങി വച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ALSO READ: കോഴിക്കോട് ആശുപത്രികളിൽ മരുന്ന് നൽകാൻ ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ല; രോഗികൾ ദുരിതത്തിൽ

ഗവേഷണ സ്ഥാപനമായ ഐ.ഡി.സിയുടെ സഹായത്തോടെ ഇന്റല്‍ നടത്തിയ പഠനത്തില്‍ നിലവില്‍ അഞ്ച് വ്യാപാര സ്ഥാപനങ്ങളില്‍ ഒന്നെങ്കിലും എതെങ്കിലും രൂപത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയിരുന്നു.

ഈ വര്‍ഷം പത്തില്‍ ഏഴ് കമ്പനികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം, മീഡിയ&ടെക്‌നോളജി, റീടെയില്‍, ബാങ്കിങ്, സാമ്പത്തിക സേവനങ്ങള്‍& ഇന്‍ഷൂറന്‍സ്, ആരോഗ്യരംഗം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെല്ലാം നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യം

75 ശതമാനം സ്ഥാപനങ്ങളും ബിസിനസില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും തൊഴിലാളികളെ മെച്ചപ്പെടുത്താനുമാണ് ഈ സംവിധാനത്തെ ഉപയോഗിക്കുന്നത്.

ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലിങ്ക്ഡ് ഇന്‍ റിപ്പോര്‍ട്ട് പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്ക, ചൈന എന്നിവരാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ഇസ്രാഈയല്‍, ജര്‍മ്മനി, ജപ്പാന്‍, റഷ്യ എന്നിവരെല്ലാം ഇന്ത്യയ്ക്ക് പിന്നിലാണ്. കേരളത്തില്‍ ഇതിന് വലിയ സാധ്യതകളുണ്ടെന്നാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഗ്ലോബല്‍ ഹെഡ് ഡോ. റോഷി ജോണ്‍ പറയുന്നത്. കേരളത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രാലയം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് റോഷി ജോണ്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ALSO READ: കോഫി ഹൗസിലെ കിരീടം എന്താ പെണ്ണുങ്ങള്‍ക്ക് ചേരില്ലെ?

ലോകരാജ്യങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി ഒരു വകുപ്പും ഒരു മന്ത്രിയുമുള്ളപ്പോള്‍ വിവരസാങ്കേതിക വിദ്യയില്‍ കേരളം പോലെ അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കാര്യമായ സംഭാവനകളുമൊന്നുമില്ലാത്തത് വലിയ പോരായ്മയാണെന്ന് റോഷി ജോണ്‍ പറയുന്നു.

“അയല്‍രാജ്യമായ യു.എ.ഇയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പിന് ഒരു മന്ത്രിയും ഉള്ളപ്പോള്‍ നമ്മള്‍ മാത്രം അക്കാര്യത്തില്‍ പുറകോട്ട് പോകുന്നത് ശരിയല്ല. കാരണം ഇനിയുള്ള ലോക സാഹചര്യത്തില്‍ 70 ശതമാനത്തോളം ജോലി സാധ്യത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.”

കേരളത്തിലെ ടെക്നോപാര്‍ക്കുകളാണ് രാജ്യത്ത് ഇന്ന് ഏറ്റവും അധികം ഉന്നതിയില്‍ നില്‍ക്കുന്നത്. കേരളീയരാണ് ഇന്ന് ലോകത്തിലെ പല പ്രമുഖ ഐ.ടി കമ്പനികളിലെ മേധാവികളും. ഈ സാഹചര്യം മുതലെടുത്ത് കേരളം തന്നെ രാജ്യത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രാലയം ആരംഭിച്ച് രാജ്യത്തിന് മാതൃക കാണിക്കണമെന്നാണ് റോഷി ജോണ്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നത്.

നിര്‍മ്മിത ബുദ്ധി ഇന്ന് ലോകരാജ്യങ്ങളില്‍ പലയിടത്തും നടപ്പിലാക്കി കഴിഞ്ഞു. അത് കാരണം അവിടത്തെ സാമൂഹിക സാംസ്‌കാരിക തൊഴില്‍ മേഖലകളില്‍ വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത് കാരണം ഒരു വിഭാഗത്തിന് തൊഴില്‍ നഷ്ടം സംഭവിച്ചു വരുമ്പോള്‍ മറ്റൊരു വശത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകളും വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള മാറ്റം തിരിച്ചറിഞ്ഞ് ഇത് നടപ്പിലാക്കാനുള്ള സാഹചര്യം കേരളത്തില്‍ കൂടുതലാണെന്ന് റോഷി ജോണ്‍ പറയുന്നു.

ALSO READ: കണ്ടങ്കാളിയെ മറ്റൊരു വൈപ്പിനാക്കരുത്; പ്രതിഷേധവുമായി പ്രദേശവാസികള്‍

വരുംകാലങ്ങളില്‍ സംസ്ഥാനത്തും രാജ്യത്തും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, വാഹനഗതാഗതം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പിലാക്കും. അതോടെ കമ്പനികളുടെ പ്രവര്‍ത്തന ചിലവ് ഇപ്പോഴത്തേതില്‍ നിന്നും നൂറ് മടങ്ങ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ കമ്പനികളും ഇത് നടപ്പിലാക്കും.

ചില മറുപുറങ്ങള്‍

അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പ് രൂപീകരിക്കുക എന്നത് പെട്ടെന്ന് കൈക്കൊള്ളേണ്ട തീരുമാനമല്ലെന്നാണ് ഐ.ടി വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യ പൂര്‍ണ്ണമായി ഇന്റര്‍നെറ്റ് സാക്ഷരത കൈവരിച്ചിട്ടില്ലെന്നിരിക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള അതിനൂതന സാങ്കേതിക വിദ്യയ്ക്ക് പ്രത്യേക മന്ത്രാലയത്തിന്റെ ആവശ്യമില്ലെന്നാണ് ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തിലെ ന്യൂ മീഡിയ പ്രൊഫസര്‍ ദേവദാസ് രാജാറാം പറയുന്നത്.

യു.എ.ഇ പോലുള്ള അതിസമ്പന്ന രാജ്യങ്ങളില്‍പോലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പൂര്‍ണ്ണമായി കാര്യക്ഷമമല്ലെന്നിരിക്കെ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഈ സാങ്കേതികവിദ്യയ്ക്കായി പുതിയ മന്ത്രാലയം തുടങ്ങേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി പ്രത്യേക വകുപ്പെന്ന ആശയത്തോട് യോജിപ്പില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കല്ല സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോസഫ് സി മാത്യു

“ഇത്തരം ആവശ്യങ്ങളുമായി ഒരുപാട് പേര് വരാറുണ്ട്. എന്നാല്‍ ഇതെല്ലാം ഇത്തരത്തില്‍ ചര്‍ച്ചയാക്കേണ്ട കാര്യമുണ്ടോ എന്നാണ് എന്റെ സംശയം. ഇതൊരു ക്യാംപെയനിന്റെ ഭാഗമാണോ എന്ന സംശയംപോലും എനിക്കുണ്ട്. കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പാരംഭിക്കണം എന്നെല്ലാം ആവശ്യപ്പെട്ട് പലരും സര്‍ക്കാരിനെ സമീപിക്കാറുണ്ട്. അതുപോലെ തന്നെയാണ് ഇതും. ”

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു മന്ത്രാലയം ആരംഭിക്കണം എന്ന് പറയുമ്പോള്‍ എന്താണ് അതിന്റെ സാഹചര്യം എന്ന് മനസിലാക്കേണ്ടതുണ്ട്. ഇതുകൊണ്ട് ആര്‍ക്ക് എങ്ങനെ നേട്ടമുണ്ടാക്കും എന്നൊക്കെ ആലോചിക്കേണ്ടതുണ്ട്. ഒരു പ്രത്യേക മന്ത്രാലയം കൊണ്ട് അതിനുണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ് എന്നൊക്കെ പരിശോധിക്കണം- ജോസഫ് സി മാത്യൂ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്റെ സാഹചര്യത്തില്‍ ഇത് ഏത് രീതിയില്‍ ഉപയോഗപ്പെടും.? കൂടുതല്‍ ജോലി എന്ന രീതിയിലാണോ കൂടുതല്‍ വിദഗ്ധര്‍ എന്ന രീതിയിലാണോ എന്നൊക്കെ കൃത്യമായി പരിശോധിക്കണം. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇതിനെ ഏത് രീതിയിലാണ് ഉപയോഗിക്കാനാകുക എന്നൊക്കെ പരിശോധിക്കണം.

ALSO READ:  മാളയിലും സമീപ പ്രദേശങ്ങളിലും ചെമ്മീന്‍ കൃഷി വ്യാപകം; കണ്ടല്‍കാടുകളുടേയും പുഴകളുടേയും സ്വാഭാവികത തകര്‍ത്തെന്ന് ആരോപണം

പുതിയ മന്ത്രാലയം എന്ന് പറയുമ്പോള്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹോദര മന്ത്രാലയം എന്ന രീതിയിലാണോ അതോ വ്യവസായവകുപ്പിന്റെ കീഴിലാണോ എന്ന് ആലോചിക്കേണ്ടേ?. ഇത് എന്താണ് വിഭാവനം ചെയ്യുന്നതെന്നാണ് എന്റെ സംശയം. ഇത്തരം കാര്യങ്ങളില്‍ വിഷയം ഉന്നയിക്കുന്നവര്‍ക്ക് തന്നെ വ്യക്തതയുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.- ജോസഫ് സി. മാത്യു പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ സംബന്ധിച്ച് അതാണ് അടുത്ത തലമുറ എന്ന അഭിപ്രായമൊന്നും എനിക്കില്ല. കാരണം എല്ലാ പ്രോഗ്രാമിംഗിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉണ്ട്. വ്യവസായങ്ങളെ സംബന്ധിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുപാട് സഹായകരമാണ് എന്നതില്‍ സംശയമില്ല.

“എന്നാല്‍ ഒരു സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ ഇതിന്റെ വ്യാപകമായ ഉപയോഗം എന്ന് പറയുന്നത് മനുഷ്യവിഭവശേഷിയ്ക്ക് പകരം വെക്കുക എന്നതാണ്. പ്രായമായവരെ നോക്കാന്‍ റോബോട്ടുകള്‍ വരിക, കൊച്ചുകുട്ടികള്‍ ഉറങ്ങാന്‍ വൈമനസ്യം കാണിക്കുമ്പോള്‍ അവരെ പുതപ്പുകൊണ്ട് കെട്ടിവെക്കുക ഇതെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്.”ഇതെല്ലാം മാനുഷിക മൂല്യങ്ങള്‍ക്ക് അപ്പുറമാണ് എന്നും അദ്ദേഹം പറഞ്ഞു.

“പ്രായമാകുമ്പോള്‍ നമ്മളെ ആരെങ്കിലും പരിഗണിക്കുക എന്നതൊക്കെയുള്ള ഒരു തരം വികാരമുണ്ടല്ലോ. ഇതിന് പകരം ഒരു റോബോട്ടിനെ ഏല്‍പ്പിക്കുക എന്നൊക്കെ പറയുന്നത് മാനുഷിക മൂല്യങ്ങള്‍ എടുത്തുമാറ്റുകയാണ്. മനുഷ്യവിഭവശേഷിയെ ഇല്ലാതാക്കി പകരം ഒരു യന്ത്രത്തെ ഏല്‍പ്പിക്കുക എന്നത് ശരിയല്ല. സര്‍ക്കാര്‍ അത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഞാന്‍ കരുതുന്നില്ല. ”

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് പറയുന്നത് വളരെ സൂക്ഷിച്ച് സമീപിക്കേണ്ട ഒന്നാണ്. മനുഷ്യപക്ഷത്ത് നിന്ന് നോക്കിയാലും ഇടതുപക്ഷത്ത് നിന്ന് നോക്കിയാലും അത് മനസിലാകും. അതിന്റെ ഉപയോഗം മാനദണ്ഡമാക്കിയാണ് അതിനെ പ്രോത്സാഹിപ്പിക്കേണ്ടത്. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്കല്ല ഊന്നല്‍ നല്‍കേണ്ടത്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന തരത്തില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇതിനോടകം മാറിക്കഴിഞ്ഞു. ക്ലാസ്‌റൂമുകളില്‍ ടീച്ചര്‍ പഠിപ്പിക്കുന്നു കുട്ടികള്‍ മിണ്ടാതിരിക്കുന്ന എന്നതാണ് നമ്മുടെ സിസ്റ്റം. നമ്മുടെ ക്ലാസ് റൂമുകളില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങുന്ന ശബ്ദം സൈലന്‍സ് എന്നതാണ്. അത് മാറിയിട്ട് കുട്ടികളുമായി ഇടപഴകി ആശയവിനിമയം നടത്തുകയാണ് വേണ്ടത്. മനുഷ്യശേഷിയെ ഒഴിവാക്കിക്കൊണ്ട് സാങ്കേതികവിദ്യ കൊണ്ടുവരിക എന്ന് പറയുന്നത് മണ്ടത്തരമാണെന്നും ജോസഫ് സി മാത്യു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തൊഴില്‍നഷ്ടങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓട്ടോമേഷനുമെല്ലാം തൊഴില്‍ നഷ്ടമുണ്ടാക്കുമെന്ന ആശങ്കകളും സജീവമാണ്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഐ.ടി. രംഗത്തെ തൊഴില്‍ ലഭ്യത 20 മുതല്‍ 25 ശതമാനം വരെ ഇടിയുമെന്ന് വിലയിരുത്തല്‍. ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.), മെഷീന്‍ ലേണിങ് തുടങ്ങിയ പുതിയ പ്രവണതകള്‍ പരമ്പരാഗത ജോലികള്‍ കുറയ്ക്കുമെന്നും ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഐ.ടി. മേഖല 8.6 ശതമാനം വളര്‍ച്ച കൈവരിക്കും. എന്നാല്‍, ഈ വര്‍ഷം ഈ രംഗത്തെ തൊഴില്‍ സാധ്യത 5 ശതമാനം മാത്രമായിരിക്കുമെന്നും നാസ്‌കോം വ്യക്തമാക്കുന്നു.

ഓട്ടോമേഷനെ തുടര്‍ന്ന് ഇന്‍ഫോസിസ് 8000-9000 തൊഴിലാളികളെ കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടിരുന്നു. വിപ്രോ 3,200 പേരെ മറ്റ് മേഖലകളിലേക്ക് പുനര്‍വിന്യസിച്ചിരുന്നു.

ALSO READ: പള്ളി സ്വത്തുക്കള്‍ക്ക് ഇനി നിയന്ത്രണം; ചര്‍ച്ച് ആക്ടുമായി സര്‍ക്കാര്‍; എതിര്‍പ്പുമായി സഭകള്‍

ഓട്ടോമേഷന്‍ സാങ്കേതിക വിദ്യ ഇന്ത്യയിലെ തൊഴില്‍ രംഗത്തു വരുത്തുന്ന ആദ്യത്തെ വലിയ ആഘാതത്തിന് ടെക്സ്റ്റൈല്‍ ഭീമന്‍മാരായ റെയ്മണ്ടായിരിക്കും തുടക്കം കുറിക്കുക. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ റോബോട്ടുകളെയും സാങ്കേതിക വിദ്യയെയും പ്രയോജനപ്പെടുത്തി 10,000ഓളം ജോലികള്‍ ഇല്ലാതാക്കാനാണ് റെയ്മണ്ട് ലക്ഷ്യമിടുന്നത്.

നിലവില്‍ 30,000 ജോലിക്കാരാണ് രാജ്യത്താകെയുള്ള 16 നിര്‍മാണ പ്ലാന്റുകളിലായി റെയ്മണ്ടിനുള്ളത്. സാങ്കേതിക നവീകരണത്തിലൂടെ ഇത് 20,000 ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയ്മണ്ട് സി.ഇ.ഒ സഞ്ജയ് ബെഹ്ല് പറയുന്നു. ഒരു റോബോട്ടിന് 100 ജീവനക്കാര്‍ക്കു പകരമാകാന്‍ കഴിയും. ഇത് ചൈനയില്‍ നിലവില്‍ സംഭവിക്കുന്നുണ്ട്. ഇന്ത്യയിലും ഇത് യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വസ്ത്ര നിര്‍മാണ മേഖല മനുഷ്യ വിഭവശേഷി ഏറെ ആവശ്യമുള്ളതാണ്. ഇതില്‍ സാങ്കേതിക വിദ്യ ഏതുതരത്തില്‍ പ്രയോഗിക്കണമെന്ന കാര്യത്തില്‍ റെയ്മണ്ടിന്റെ സാങ്കേതിക വിഭാഗം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റ് ലോകത്തെ ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങളെ ജാഗ്രതയോടെയാണ് വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

ALSO READ: മുഖ്യമന്ത്രീ.. താങ്കള്‍ ഇവരെ കേള്‍ക്കണം; അല്ലെങ്കില്‍ ഇനിയും സ്ത്രീകള്‍ ആത്മഹത്യ ചെയ്യും

സമീപഭാവിയില്‍ തന്നെ ഇന്ത്യയിലെ ഐ.ടി മേഖലയില്‍ 10 ശതമാനം തൊഴിലവസരങ്ങള്‍ നഷ്ടമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഐ.ടി മേഖലയില്‍ വലിയ വൈദഗ്ധ്യം ആവശ്യമില്ലാത്ത 6.4 ലക്ഷം ജോലികള്‍ ഓട്ടോമേഷനിലേക്ക് മാറ്റപ്പെടുമെന്നാണ് യുഎസ് ആസ്ഥാനമായ ഒരു ഗവേഷണ സ്ഥാപനം അടുത്തിടെ വ്യക്തമാക്കിയത്. ഇന്ത്യന്‍ സേവന മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് ഐ.ടി രംഗം.

എന്നാല്‍ പ്രോസസിംഗ് അടിസ്ഥാനമായ വലിയ വൈദഗ്ധ്യം ആവശ്യമുള്ള ജോലികളിലെ അവസരങ്ങള്‍ വര്‍ധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 56 ശതമാനം വളര്‍ച്ചയാണ് ഇത്തരം തൊഴിലുകളില്‍ പ്രതീക്ഷിക്കുന്നത്. ഡാറ്റ, അനലിറ്റിക്സ്, മെഷീന്‍ ലേണിംഗ്, മൊബിലിറ്റി, ഡിസൈന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ആവശ്യകതയും ഉയര്‍ന്ന വേതനവും ഇനി ലഭ്യമാവുക.

വിദ്യാഭ്യാസതലം തൊട്ട് പരുവപ്പെടുത്തി വരേണ്ട ശ്രമകരമായ ജോലികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേരളത്തില്‍ പ്രയോഗിക്കുന്നതിന് മുന്‍പ് ചെയ്യേണ്ടതുണ്ട്. ജനസംഖ്യയിലും സാക്ഷരതയിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ മാനവവിഭവശേഷിയെ കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമെ പുത്തന്‍ പദ്ധതികള്‍ പൂര്‍ണ്ണമാകൂ. അതോടൊപ്പം ഇതുമൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകള്‍ ദൂരീകരിക്കേണ്ടതുമുണ്ട്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.