ഹൈദരാബാദ്: ഏക സിവില്‍കോഡ് വിഷയത്തില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെച്ച് പുറത്തുപോകണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദീന്‍ ഒവൈസി. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ഇരുന്നുകൊണ്ട് ബി.ജെ.പിയെ പിന്തുണക്കുകയല്ല വേണ്ടതെന്നും ഒവൈസി പറഞ്ഞു.
ഹൈദരാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഗവര്‍ണര്‍ പദവി രാജിവെച്ച് ഔദ്യോഗികമായി ബി.ജെ.പി അംഗത്വമെടുത്തിട്ട് വേണം അവരുടെ രാഷ്ട്രീയ കാര്യങ്ങള്‍ പറയാന്‍.
എന്നിട്ട് അദ്ദേഹം ബി.ജെ.പിയുടെ പാര്‍ട്ടി വേഷങ്ങള്‍ ധരിച്ച് നടന്നോട്ടെ. പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് താങ്കള്‍ക്ക് താല്‍പര്യമെങ്കില്‍ ആദ്യം രാജിവെക്കണം. ബി.ജെ.പിയുടെ കാര്യങ്ങള്‍ പറയാനാണ് ഇഷ്ടമെങ്കില്‍ അവരുടെ മെമ്പര്‍ഷിപ്പ് എടുക്കണം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ദല്‍ഹിയില്‍ ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഒവൈസി വിമര്‍ശിച്ചത്.
നീതി തേടുമ്പോള്‍ ആദ്യം മതം പറയേണ്ടിവരുന്നത് വിചിത്രമായ അവസ്ഥയാണെന്നും ഇന്നത്തെ കാലഘട്ടത്തില്‍ ഇത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗിച്ചിരുന്നു.
‘മുത്തലാഖ് 2019ല്‍ ശിക്ഷാര്‍ഹമായ കുറ്റമാക്കിയതിന് ശേഷം മുസ്‌ലിങ്ങള്‍ക്കിടയിലെ വിവാഹമോചന നിരക്ക് 96 ശതമാനം കുറഞ്ഞു. മാത്രമല്ല ഇത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുണം ചെയ്തിട്ടുണ്ട്.
എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. ലോ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. കൂടാതെ, വരുന്ന എല്ലാ നിര്‍ദേശങ്ങളും ലോ കമ്മീഷനും സര്‍ക്കാരും ശ്രദ്ധിക്കും. ബ്രിട്ടീഷ് ഭരണാധികാരികളാണ് അതത് മതങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ഒരാള്‍ നീതി തേടി പോകുമ്പോള്‍ ആദ്യം പറയേണ്ടത് അവന്റെ മതവും ഏത് സമുദായമാണെന്നുമാണ്. അപ്പോള്‍ നിയമത്തിന് മുന്നില്‍ സമത്വമാണോ? നിയമത്തിന്റെ തുല്യ സംരക്ഷണമാണോ? ഒരിക്കലുമല്ല.
രണ്ട് സ്ത്രീകള്‍ ഒരു കോടതിയില്‍ പോകുന്നു. സമാനമായ ഒരു കേസില്‍, വ്യത്യസ്ത മത പശ്ചാത്തലത്തില്‍ ഉള്ളവരായതിനാല്‍ ഇരുവര്‍ക്കും വ്യത്യസ്ത നീതിയാണ് ലഭിക്കുന്നത്. ഇത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും,’ എന്നാണ് കേരള ഗവര്‍ണര്‍ പറഞ്ഞത്.