| Wednesday, 11th May 2022, 10:49 pm

ഖുര്‍ആന്‍ വചനങ്ങള്‍ അവഗണിച്ചുകൊണ്ട് മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു; സമസ്തയെ വിമര്‍ശിച്ച് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമസ്തയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമസ്ത വേദിയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലാണ് ഗവര്‍ണറുടെ വിമര്‍ശനം. സംഭവം അതീവ ദുഖകരമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മുസ്‌ലിം പുരോഹിതന്‍ ഖുര്‍ആന്‍ വചനങ്ങളും ഒപ്പം തന്നെ സംവരണ തത്വങ്ങളും അവഗണിച്ചു കൊണ്ട് മുസ്‌ലിം സ്ത്രീകളെ അവരുടെ അവകാശങ്ങളും വ്യക്തിത്വങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് ഉണ്ടായത്. സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായ എല്ലാ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ട് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതിനെയാണ് പുരോഹിതന്‍ തള്ളിപ്പറയുന്നത് എന്നാണ് ഗവര്‍ണറുടെ വിമര്‍ശനം.

രണ്ട് ദിവസം മുമ്പായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ വെച്ച് ഇ.കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ചത്.

മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്‌ലിയാരെ പ്രകോപിപ്പിച്ചത്. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ് ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.

Content Highlights:  Arif Mohammad Khan against samastha

We use cookies to give you the best possible experience. Learn more