| Monday, 10th April 2023, 2:50 pm

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം: ആരിഫ് മുഹമ്മദ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എലത്തൂര്‍ കുറ്റകൃത്യം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത്തരത്തിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. ഈ ആക്രമണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണം. എലത്തൂര്‍ ആക്രമണം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് ഒരാളുടെ മാത്രം പ്രവര്‍ത്തിയാണെങ്കില്‍ സംഭവം വിചിത്രമാണ്. ഈ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്,’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

നിരവധി നിഷ്‌കളങ്കരായ മനുഷ്യര്‍ക്കാണ് ആ അപകടത്തില്‍ ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമാണോ അതോ തീവ്രവാദമാണോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നതെന്നും ഉത്തരേന്ത്യയിലടക്കം ഇത്തരം സംഭവങ്ങള്‍ വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപകടമുണ്ടായതെന്നത് ദുരൂഹതയുണ്ടാക്കുന്നതാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

content highlight: arif khan against elathur incident

We use cookies to give you the best possible experience. Learn more