| Thursday, 17th October 2024, 9:37 pm

വിദ്വേഷ പ്രചരണത്തിന് കേസെടുത്തതിന് പിന്നാലെ പോസ്റ്റുകള്‍ പിന്‍വലിക്കാമെന്നറിയിച്ച് എസ്സന്‍സ് ഗ്ലോബല്‍ നേതാവ് ആരിഫ് ഹുസൈന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്വതന്ത്ര ചിന്തകരെന്ന് അവകാശപ്പെടുന്ന എസ്സന്‍സ് ഗ്ലോബല്‍ വിഭാഗം നേതാവ് ആരിഫ് ഹുസൈനെതിരെ വിദ്വേഷപ്രചരണത്തിന് കേസെടുത്ത് പൊലീസ്. ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ പരാതിയില്‍ ഉന്നയിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈന്‍ ഹൈക്കോടതിയെ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതായും വിദ്വേഷ പ്രചരണം നടത്തുന്നതായും കാണിച്ച് കോട്ടയം ഈരാറ്റുപേട്ട സ്വദേശി നിയാസ് നല്‍കിയ പരാതിയിലാണ് കേസ്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി ഈരാറ്റുപേട്ട പൊലീസ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തയ്യാറാണെന്ന് ആരിഫ് ഹുസൈന്‍ കോടതിയെ അറിയിച്ചത്.

സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ കോടതി ഇടപെട്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹരജിയും സമര്‍പ്പിച്ചിരുന്നു. ഗൂഗിളിനെയും മെറ്റയെയും പ്രതിചേര്‍ത്തുകൊണ്ടായിരുന്നു ഹരജി. ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് ആരിഫ് ഹുസൈന്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് കോടതിയെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്നതിനായി നവംബര്‍ നാലിലേക്ക് മാറ്റി.

സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്ന യുക്തിവാദികള്‍ എന്ന ആരോപണം നേരിടുന്ന ഗ്രൂപ്പാണ് എസ്സന്‍സ് ഗ്ലോബല്‍. എസ്സന്‍സ് ഗ്ലോബല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പരിപാടിയില്‍ കടുത്ത മുസ്‌ലിം വിരുദ്ധവും സംഘപരിവാര്‍ അനുകൂലവുമായ നിലപാടാണ് കൈകൊണ്ടത് എന്ന് ചൂണ്ടിക്കാട്ടി അധ്യാപകനും എഴുത്തുകാരനുമായ ഡോ. ആസാദ് മലയാറ്റില്‍ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോന്നിരുന്നു.

അവതാരകയടക്കം പരിപാടിയില്‍ പങ്കെടുത്തവരെല്ലാം മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുകയായിരുന്നു എന്നായിരുന്നു ഡോ. ആസാദിന്റെ ആരോപണം. ഈ പരിപാടിയില്‍ പങ്കെടുത്ത വ്യക്തികൂടിയാണ് എക്‌സ് മുസ്‌ലിം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരിഫ് ഹുസൈന്‍ തെരുവത്ത്.

സി. രവിചന്ദ്രനാണ് ഈ ഗ്രൂപ്പിന്റെ നേതാവ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന ആരിഫ് ഹുസൈന്‍ നേരത്തെ ഹോമിയോ ഡോക്ടറായിരുന്നു. പിന്നീട് ഹോമിയോ ചികിത്സ അശാസ്ത്രീയമാണെന്ന് പ്രചരിപ്പിച്ചാണ് ഇയാള്‍ എസ്സന്‍സ് ഗ്ലോബര്‍ ഗ്രൂപ്പിന്റെ ഭാഗമാകുന്നത്.

content highlights: Arif Hussain, leader of Essence Global, announced that he would withdraw the posts after a case was filed for hate propaganda.

Video Stories

We use cookies to give you the best possible experience. Learn more