വളര്‍ന്നുവരുന്ന ഓരോ കുട്ടികളും സമൂഹത്തില്‍ നാളെ ഏതെങ്കിലും വിധത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരാണ്. എന്നാല്‍ ഈ രീതിയിലുള്ള ശ്രദ്ധ മുതിര്‍ന്നവര്‍ കൊടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. ലോകത്തിന് മുതല്‍ക്കൂട്ടായി കുട്ടികള്‍ മാറേണ്ടതുണ്ടെങ്കില്‍ ഓരോ കുട്ടിയേയും അറിയാന്‍ കഴിയണം.
കുട്ടികളുടെ പ്രകൃതി, വികൃതി, സുകൃതി, അവകാശങ്ങള്‍, രീതികള്‍ എന്നുവേണ്ട എല്ലാ കാര്യങ്ങളും അറിയേണ്ടതുണ്ട്. ഓരോ കുട്ടിയേയും അവനായി, അവളായി, യാതൊരു താരതമ്യവുമില്ലാതെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ നമ്മുടെ നാടിന്റെ ബഹുമുഖത്വം അവയുടെ സത്ത ചോര്‍ന്നുപോകാതെ നിലനില്‍ക്കുകയുള്ളൂ.
2009ല്‍ നിലവില്‍ വന്ന കുട്ടികളുടെ അവകാശനിയമത്തെക്കുറിച്ച് ഇവിടെ എത്രപേര്‍ക്ക് അറിയില്ല എന്നത് തന്നെ നോക്കിയാല്‍ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മനസിലാക്കാന്‍ കഴിയുക. ഭൂരിഭാഗം പേര്‍ക്കും കുട്ടികളുടെ പരിമിതികള്‍, പ്രയാസങ്ങള്‍, അവരോടുള്ള സമീപനങ്ങള്‍, അവര്‍ക്ക് നല്‍കേണ്ട അംഗീകാരം, അവസരസമത്വം, സംരക്ഷണം, പങ്കാളിത്തം മുതലായവയെക്കുറിച്ച് ധാരണയില്ല.
7 അധ്യായങ്ങളും 38 സെക്ഷനുകളുമുള്ള കുട്ടികളുടെ അവകാശനിയമത്തില്‍ അധ്യായം മൂന്നില്‍ സര്‍ക്കാര്‍, പ്രാദേശിക ഭരണകൂടം, രക്ഷിതാക്കള്‍ എന്നിവരുടെ കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ടോടോച്ചാനിലെ അമ്മയെപ്പോലെ ഒരു അച്ഛനേയും അമ്മയേയും അധ്യാപകനെപ്പോലെ അധ്യാപകരേയും കിട്ടിയ ഒരു കുട്ടിക്ക് ആര്‍.ടി.ഇ ആക്ട് 2009 ഉയര്‍ത്തിക്കാട്ടി പല്ലിളിക്കേണ്ടിവരില്ല.
നമ്മുടെ കുട്ടികള്‍, അല്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ള കുട്ടികള്‍ നമ്മളറിയാതെ തന്നെ അവരെയറിയാന്‍ അവസരം ഒരുക്കിത്തരും. ഈ അവസരത്തിലൂടെ നമുക്ക് ലഭിക്കുന്നത് സന്തോഷവും അതേസമയം വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന നേട്ടവുമാണ്. ഓരോ കുട്ടിയുടെ കഴിവുകളും പ്രയാസങ്ങളും പരിമിതികളും തിരിച്ചറിയണമെന്നുണ്ടെങ്കില്‍ കുട്ടികളില്‍ അടിസ്ഥാനപരമായി ഉണ്ടാകുന്ന അവരുടെ ഭാവനകള്‍ ഉണര്‍ത്തുന്നതിനുള്ള അവസരം ഒരുക്കുകയും സ്വതന്ത്ര ചിന്താശക്തി വളര്‍ത്താന്‍ പ്രേരിപ്പിക്കുകയും വേണം. കൂടാതെ പരസ്പര ആശയവിനിമയം ശക്തമാക്കുകയും സ്വതന്ത്ര പ്രകടനത്തിനുള്ള അവസരം നല്‍കുവാനും കഴിയണം.
നമ്മള്‍ ജീവിതം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു ജീവിക്കുന്നവരാണ്. എന്നാല്‍ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്തൊക്കെയാണ് അവര്‍ പഠിക്കുന്നതെന്നും എങ്ങനെയൊക്കെയാണ് പഠിക്കുന്നതെന്നും നമുക്ക് നോക്കാം.
ഒരു കുട്ടിയ്ക്ക് അഞ്ചു വയസാകുന്നതിനു മുന്നേ തന്നെ ഉണ്ടാകേണ്ട അടിസ്ഥാന നൈപുണികളാണ് നിറങ്ങള്‍ തിരിച്ചറിയല്‍, ആകൃതികളുടെ വ്യത്യാസവും വലിപ്പത്തിലുള്ള വ്യത്യാസവും അനുസരിച്ച് വസ്തുക്കളെ വേര്‍തിരിച്ചറിയാന്‍ കഴിയല്‍, മനുഷ്യശരീരത്തിലെ വിവിധ ഭാഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുക, ഏകദേശം വരക്കാന്‍ കഴിയുക എന്നതൊക്കെ.
അവയവങ്ങള്‍ തിരിച്ചറിഞ്ഞ് പേരുപറയാന്‍ കഴിയുക, പന്ത് തട്ടിക്കളിക്കാന്‍ കഴിയുക, ചലിക്കുന്ന വസ്തുവിന് നേരെ കൈ, കണ്ണ്, കാല് എന്നിവ ചലിപ്പിക്കുവാന്‍ കഴിയുക. ചെറിയ മുത്ത് പെറുക്കുവാനും ചോറു വിരലുകളുടെ സഹായത്തോടെ വാരിക്കഴിക്കുവാനുമൊക്കെ ഈ പ്രായത്തില്‍ ഉണ്ടാകേണ്ട കഴിവുകളാണ്.
കളര്‍കൊണ്ടോ പെന്‍സില്‍ കൊണ്ടോ വെറുതെ വരക്കുക, ചിത്രങ്ങള്‍ നോക്കി വായിക്കുക, ഓടുക, നടക്കുക, കെട്ടിമറിഞ്ഞ് കളിക്കുക, പടി കയറുക, കുളിക്കുക, പല്ലുതേക്കുക, ടോയ്‌ലറ്റ് ഉപയോഗിക്കുക, മുകളില്‍-താഴെ, അടുത്ത്-അകലെ, ദിശകള്‍ (ഇടത്ത്, വലത്ത്) കിഴക്ക് പടിഞ്ഞാറ് ദിക്കുകള്‍ അറിയുക, കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസിലാകുന്ന തരത്തില്‍ ക്രമമായി പറഞ്ഞുകൊടുക്കുവാന്‍ കഴിയുക, രണ്ടില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള കഴിവ്, കൂട്ടുകൂടി കളിക്കാനും കളി നിയമം പാലിക്കുവാനും കുഞ്ഞുനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുമുള്ള കഴിവ് ഇവയൊക്കെ കുട്ടികള്‍ക്കുണ്ടായിരിക്കണം.
അക്ഷരസ്ഫുടത, അവനവനെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുക, ആകൃതിനോക്കി അക്ഷരങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കുക, കൈവിരലുകള്‍ എത്ര, കണ്ണുകള്‍ എത്ര, മൂക്ക് എത്ര, കൈകള്‍ എത്ര എന്നിങ്ങനെയുള്ള അക്കങ്ങളെക്കുറിച്ചുള്ള ധാരണ, വെറുതെ എണ്ണാനുള്ള ശ്രമം, വാചകങ്ങള്‍, ആശയങ്ങള്‍ ഓര്‍ത്ത് പറയുക, സ്വന്തം പേര് തിരിച്ചറിയുക, പേരിനോട് പ്രതികരിക്കുവാന്‍ കഴിയുക മുതലായ അടിസ്ഥാന കഴിവുകള്‍ കുട്ടികള്‍ക്ക് ഉണ്ടാവുന്നതിനുള്ള അവസരങ്ങള്‍ ഉറപ്പാക്കുന്നതിന് എന്തൊക്കെ അവര്‍ പഠിക്കുന്നുവെന്നും പഠിക്കേണ്ടത് എന്നും രക്ഷിതാക്കള്‍ക്ക് ധാരണയുണ്ടാവണം.
എങ്ങനെയൊക്കെ പഠിക്കുന്നു.?
-കണ്ടു പഠിക്കുന്നു, കേട്ടുപഠിക്കുന്നു, അനുഭവിച്ചു പഠിക്കുന്നു.
ഓരോ കുട്ടിയും നമ്മോട് പറയുന്നത് എനിക്ക് ഈ രീതിയില്‍ പഠിക്കാനറിയാം അതിനവസരം തരൂ എന്നാണ്. ഓരോ കുട്ടിയുടെയും കാര്യങ്ങള്‍ മനസ്സിലാക്കാനും ഓര്‍ത്തുവെക്കാനുമുള്ള തന്ത്രങ്ങള്‍ പലതാണ്. ഓരോ കുട്ടിയും സ്വതന്ത്രമായി ഈ പഠനതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു.
ഇതില്‍ നിന്ന് നാം മനസിലാക്കേണ്ടത് കുട്ടിയെ സ്വാധീനീക്കുന്ന വ്യക്തികളായ രക്ഷിതാക്കള്‍, അധ്യാപകര്‍, എന്നിവര്‍ക്ക് സ്വന്തമായ പഠനരീതികളുണ്ടാവും. ഇത് കുട്ടികളെ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല. അവന്‍ രൂപപ്പെടുത്തിയ പഠന തന്ത്രങ്ങളില്‍ നിന്ന് അത് വ്യത്യസ്തമാവുകയാണെങ്കില്‍ അവന് ആസ്വദിച്ച് പഠിക്കുവാന്‍ കഴിയാതെ വരുന്നു.
കണ്ടും കേട്ടും അനുഭവിച്ചുമുള്ള പഠനാന്തരീക്ഷം ഒരുങ്ങിയാലേ ഓരോ കുട്ടിക്കും തന്റേതായ രീതിയില്‍ ആസ്വദിച്ചു പഠിക്കാന്‍ കഴിയുകയുള്ളൂ. ഉറക്കെ വായിച്ചുകേട്ടു പഠിക്കുന്ന കുട്ടിയോട് മനസില്‍ വായിക്കുന്ന, കണ്ടുപഠിക്കുന്ന കുട്ടിയെപ്പോലെ ആകാന്‍ ആവശ്യപ്പെട്ടാല്‍ എന്താണ് സംഭവിക്കുക. നടന്നു വായിക്കാന്‍ ഇഷ്ടപ്പെടുന്ന, കാണാപ്പാഠം പഠിക്കാന്‍ ഇഷ്ടമില്ലാത്ത, അനുഭവിച്ചു കഴിയുന്ന കുട്ടിയോട് അതിന് ആവശ്യപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്.
ഇത്തരം രീതികളിലൂടെ പഠിക്കുന്ന തന്റെ മുന്നിലുള്ള കുട്ടിയുടെ പഠനരീതിയെ അധ്യാപകരും രക്ഷിതാക്കളും മനസിലാക്കേണ്ടത് എത്രത്തോളം ഗൗരവത്തോടെയാവണമെന്ന് നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ.
പഠനരീതിയെപോലെ തന്നെ പ്രധാനപ്പെട്ടതാണ് എങ്ങനെ പഠിക്കണം, എന്ത് പഠിപ്പിക്കണം, എപ്പോള്‍ പഠിപ്പിക്കണം, എവിടെ പഠിപ്പിക്കണം, എത്രസമയം എന്തിനുവേണ്ടി പഠിക്കണം എന്നുള്ളത്. ഒരു കാര്യം പഠിക്കുവാന്‍ തുടങ്ങുമ്പോള്‍ അത് കുട്ടിയുടെ ആവശ്യമായി മാറേണ്ടതുണ്ട്. അതുപോലെ തന്നെ കൃത്യമായ ഒരു സമയക്രമം രൂപപ്പെടുത്തേണ്ടതുണ്ട്.
ഓരോ കുട്ടിയുടെയും പഠന സമയദൈര്‍ഘ്യം, ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള കഴിവ്, എന്നിവ വ്യക്തിപരമാണെന്നിരിക്കെ സഹോദരനെയോ സഹോദരിയേയോ താരതമ്യം ചെയ്ത് ഇങ്ങനെയിരുന്ന് പഠിക്കണമെന്ന് നിര്‍ബന്ധിക്കപ്പെട്ടാല്‍ കുട്ടിക്ക് ആത്മധൈര്യം ലഭിക്കുമോ.? പഠിക്കേണ്ട ആവശ്യകതയ്ക്കുള്ള പ്രാധാന്യം കാറ്റില്‍പ്പറത്താന്‍ ഇത്തരം ഇടപെടലുകള്‍ക്ക് സാധിക്കും.
ഏത് സാഹചര്യത്തിലും, ജയത്തിലും തോല്‍വിയിലും തന്റെ കൂടെ രക്ഷിതാക്കളോ അധ്യാപകരോ ഉണ്ടെന്ന തോന്നല്‍ ഒരു കുട്ടിക്ക് ലഭിച്ചാല്‍ മാത്രമേ ഗുണാത്മകമായ പാഠങ്ങളിലേക്കും ചിന്തകളിലേക്കും കുട്ടിക്ക് പോകാന്‍ കഴിയുകയുള്ളൂ. കുറ്റപ്പെടുത്തലുകളും മുന്നറിയിപ്പുകളും ശകാരവും വിലക്കുകളും പേറുന്ന അസ്വസ്ഥമായ മനസുള്ള പാവം വ്യക്തികളാണ് കുട്ടികള്‍.
അതുകൊണ്ട് തന്നെ ലോകത്തിന് മുതല്‍ക്കൂട്ടാകേണ്ട ഈ മുത്തുകളെ നല്ല ശാന്തമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അനുവദിക്കണം. എങ്കില്‍ മാത്രമേ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹികവുമായ കഴിവുകളുടെ സമ്പൂര്‍ണ വികസനം സാധ്യമാകുകയുള്ളൂ. ഇത് അവരുടെ അവകാശമാണ്.
ഉദാഹരണമായി ഒരു കുട്ടി വീട്ടില്‍ നിന്ന് മറ്റു കുട്ടികളെ പഠിപ്പിക്കുന്ന രീതിയില്‍ ഗുണാത്മകമായി ചില ചിത്രങ്ങളും വാക്യങ്ങളും എഴുതി തയ്യാറാക്കുന്നു. പാടുന്നു, മ്യൂസിക് ആവര്‍ത്തിച്ച് പ്രവര്‍ത്തിപ്പിക്കുന്നു, കളിയിലൂടെ കഥകള്‍ പറയുന്നു. ഇങ്ങനെയൊരു പ്രകൃതക്കാരിയായ കുട്ടി പഠിക്കുന്നതില്‍ മിടുക്ക് കാണിക്കണമെന്ന് ഒരു രക്ഷിതാവിന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ മാനസിക സംഘര്‍ഷങ്ങളില്ലാതെ പുന:പ്രക്രിയകളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ.
കുറഞ്ഞ് വരുന്ന സംസാരങ്ങളിലൂടെ അത് ഗുരു-ശിഷ്യബന്ധത്തിലാവട്ടേ, കുട്ടി-രക്ഷിതാവ് ബന്ധത്തിലാവട്ടേ, നമുക്ക് നഷ്ടപ്പെടുന്നത് ഊഷ്മളമായ സാമൂഹിക ജീവിതവും പുത്തന്‍ അറിവും ഓമനത്തമുള്ള വാക്കുകളും ചിരികളുമാണ്. എവിടെ നോക്കിയാലും ഗൗരവും തുളുമ്പുന്ന മുഖവും സംസാരവും കുട്ടിയുടെ ആശങ്കയും നിരീക്ഷണവും കണ്ടെത്തലും തുറന്നുപറിച്ചിലിനെ തടസപ്പെടുത്തുന്നു.
ഒന്നിലധികം ബുദ്ധിശക്തികള്‍
പഠനരീതിയെക്കുറിച്ച് പറയുമ്പോള്‍ ബുദ്ധിശക്തിയെക്കുറിച്ചും ബുദ്ധിവൈവിധ്യങ്ങളെക്കുറിച്ചും പറയാതെ വയ്യ. ബുദ്ധിശക്തിയെക്കുറിച്ച് ധാരാളം നിര്‍വചനങ്ങള്‍ നല്‍കാമെങ്കിലും ലോകാരോഗ്യ സംഘടനയുടെ നിര്‍വചനമാണ് പ്രയോഗതലത്തില്‍ മെച്ചപ്പെട്ടത്.
പഠനാനുഭവങ്ങളില്‍ നിന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവാണ് ഈ നിര്‍വചനത്തിലൂടെ നമുക്ക് മനസിലാക്കാവുന്നത്. ഇതും ഒരു കഴിവുതന്നെയാണ് എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഇത് ജന്മനാ ഉണ്ടാകുന്നത് മാത്രമല്ല നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്നതിലും തര്‍ക്കമില്ല.
ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങള്‍ അതായത് ജീവിക്കാന്‍ അപകടത്തെ തരണം ചെയ്യല്‍, വിശപ്പകറ്റാന്‍, ഭാവി തീരുമാനമെടുക്കല്‍, രീതികള്‍ തിട്ടപ്പെടുത്താന്‍ തീരുമാനങ്ങള്‍ക്ക് മുന്‍ഗണനാക്രമം ചിട്ടപ്പെടുത്താന്‍, പരിഹരിക്കാന്‍ കഴിയുകയെന്നതാണ്. എന്ത്, എവിടെ, എപ്പോള്‍, എങ്ങനെ, എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി മുതലായ ചിന്തകള്‍ക്കു വഴിയൊരുക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നം പരിഹരിച്ചുപോരുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്.
ശാസ്ത്രജ്ഞനായ ആല്‍ഫ്രണ്ട് ബിനെയാണ് ഓര്‍മ്മശക്തി, ശ്രദ്ധ, പ്രശ്‌നപരിഹാരശേഷി എന്നിവയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു ടെസ്റ്റ് രൂപപ്പെടുത്തിയത്.
ലോകത്തിലെ ആദ്യ ഐക്യു ടെസ്റ്റ് (Intelligent quotient). പിന്നീട് 1995 ല്‍ കാമിന്‍, 1992ല്‍ സിംഗ്ലൂര്‍, ലൂയിസ് ടെര്‍ബന്‍ മുതലായവര്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിനുള്ള ശേഷിയില്‍ ഏറ്റക്കുറച്ചിലുകള്‍ കാണുന്നത്.
അനുകൂലമായ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരശേഷി കൂടുതലായിരിക്കും. എങ്ങനെയാണ് സാഹചര്യങ്ങളെ അനുകൂലമാക്കേണ്ടത് എന്നതിനുള്ള ഉത്തരമാണ് ഹവാര്‍ഡ് ഗാര്‍ഡ്‌നര്‍ 945 ന്റെ Frames of mind: Theory of multiple intelligence എന്ന പുസ്തകത്തില്‍ 50ഓളം ബുദ്ധിയെക്കുറിച്ച് പറയുന്നത്.
Verbal / Lingustic Intelligence
ഭാഷാപരമായ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ മുന്നിലായിരിക്കും. വാമൊഴിയിലും വരമൊഴിയിലും, സംവേദനക്ഷമത, അനായാസം ഭാഷ സ്വായത്തമാക്കാനും പ്രയോഗത്തില്‍ വരുത്തുവാനുമുള്ള കഴിവ്, കാവ്യഭാഷ പ്രയോഗം നടത്താനുള്ള കഴിവ്, സംഭവങ്ങളേയും മറ്റും ഓര്‍ത്തുവെക്കുന്നതിനുള്ള ഉപാധിയായി ഭാഷ ഉപയോഗിക്കുവാനുള്ള കഴിവ് എല്ലാം ഇതില്‍പ്പെടുന്നു.
എഴുത്തുകാര്‍, പ്രാസംഗികര്‍, പത്രപ്രവര്‍ത്തകര്‍, ഭാഷവിദഗ്ധര്‍ എന്നിവര്‍ ഇതില്‍പ്പെടുന്നു. സംസാരത്തിലൂടെ കൃത്യതയാര്‍ന്ന വിവരണത്തിലൂടെ കേള്‍വിക്കാരെ കയ്യിലെടുക്കുവാന്‍ ഇക്കൂട്ടര്‍ക്കു കഴിയും. ആശയവിനിമയം കാര്യക്ഷമമാക്കാന്‍ ഇക്കൂട്ടര്‍ക്കു സാധിക്കുന്നു. കാര്യങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താനും പഠിപ്പിക്കുവാനും പ്രത്യേകം കഴിയുന്നു.
ഇക്കാരണത്താലൊക്കെ ഇവര്‍ വായിക്കാന്‍ ഇഷ്ടപ്പെടുമെന്നും നമുക്ക് മനസിലാക്കാം. നല്ല കേള്‍വിക്കാരുമായിരിക്കും. അതുപോലെ തന്നെ അടുക്കും ചിട്ടയോടും കൂടി ചെയ്യാനും കഴിയുന്നു. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും വാചികമായി സമര്‍പ്പിക്കുവാനും ശ്രമിക്കുന്നവരാണ്. നിസാര കാര്യങ്ങളും സംഭവങ്ങളും ഓര്‍ത്തുവെച്ച് വിശദീകരിച്ച് രസിക്കുന്നു.
ഉരുളക്കുപ്പേരി മറുപടികള്‍ നല്‍കി രസിക്കുന്നു. ആശയങ്ങള്‍ പറയുവാനും എഴുതുവാനും പറഞ്ഞുകൊണ്ടിരിക്കുവാനും ഇഷ്ടപ്പെടുന്നു. കൃത്യമായി അറിഞ്ഞതിനും ബോധ്യപ്പെട്ടതിനും ശേഷമേ പ്രവര്‍ത്തിക്കുകയുള്ളൂ. മറ്റുള്ളവരോട് അടുപ്പം നിലനിര്‍ത്തുകയും കൃത്യമായ മേഖലയില്‍ സമര്‍ത്ഥിക്കുകയും സുഹൃദ് ബന്ധത്തെ അതില്‍ കൂട്ടിക്കുഴക്കാതിരിക്കുകയും ചെയ്യുന്നു. ഈ ബുദ്ധിയുള്ളതുകൊണ്ടാണ് എബ്രഹാം ലിങ്കണും ടാഗോറുമൊക്കെ നമ്മളറിയുന്നവരായത്.
Logical Mathematical Intelligence (ഗണിതപരമായ യുക്തിപരമായ ബുദ്ധി)
ഗണിതത്തോട് അമിതമായ ഇഷ്ടവും തന്റേതായ മാര്‍ഗത്തില്‍ ഗണിതക്രിയ എളുപ്പത്തില്‍ മനസിലാക്കുവാനും ഉത്തരം കണ്ടെത്തുവാനും കഴിയുന്നു. യുക്തിയോടെയുള്ള ഇടപെടല്‍, പാറ്റേണുകള്‍ പെട്ടെന്നു കണ്ടെത്താന്‍ കഴിയുന്നതുകൊണ്ട് യുക്തിപരമായ തീരുമാനങ്ങളും കണക്കുകൂട്ടലും ഊഹങ്ങളിലും എത്താന്‍ വളരെ എളുപ്പത്തില്‍ സാധിക്കുന്നു.
ശാസ്ത്രബോധവും അതിന്റെ പ്രായോഗിക വശവും മനസിലാക്കുവാനും കഴിയുന്നു. ചിന്തയിലും വാക്കിലും പ്രവൃത്തികളിലും വ്യക്തതയും കൃത്യതയും ഉണ്ടാകുന്നു. ഏത് ബുദ്ധിമുട്ടുള്ള മേഖലകളെയും സന്തോഷത്തോടെ ഏറ്റെടുത്ത് നിമിഷനേരംകൊണ്ട് ക്രമീകരിക്കുവാനും തരംതിരിക്കുവാനും കഴിയും. യുക്തിപരമായ വിശദീകരണങ്ങള്‍ നല്‍കാന്‍ കഴിയും. പ്രത്യേക ശ്രമങ്ങളിലൂടെ കാര്യങ്ങള്‍ ഓര്‍ത്തുവെക്കുന്നു. സി.വി രാമനും, ഐസക് ന്യൂട്ടനും മാത്രമല്ല ഈ ബുദ്ധി നമ്മുടെയിടയിലെ കുട്ടികള്‍ക്കുമുണ്ട്.
Musical Intelligence (സംഗീതപരമായ ബുദ്ധി)
സംഗീതം വളരെയധികം ഇഷ്ടപ്പെടുന്നവരാണിവര്‍. വെറും ഇഷ്ടമല്ല. താളവും രീതിയും രാഗവും ശൈലികളും ആസ്വദിക്കുവാനും പാടാനും പുതിയവ ഉണ്ടാക്കുവാനും പെട്ടെന്നു കഴിയുന്നു. മറ്റെല്ലാ മേഖലകളും മെച്ചപ്പെട്ടതായിരിക്കുമെങ്കിലും കൂടുതല്‍ മെച്ചപ്പെട്ടത് സംഗീതമാണെന്നു കാണാം. ഇതുകൊണ്ടാവാം ഇവര്‍ അറിയപ്പെടുന്നത്.
രാഗം, താളം, ഈണം എന്നിവ വൈകാരികമായ വിനിമയത്തിനും അല്ലാതെയും ഉപയോഗിക്കുന്നതു കാണാം. ഭാഷാബുദ്ധിയോടൊപ്പം ചേര്‍ന്നുപോകുന്നതാണ് ഇത്. കേട്ടുപഠിക്കുകയെന്നതായിരിക്കും മികച്ചു നില്‍ക്കുന്ന രീതി. സൂക്ഷ്മമായ ശബ്ദങ്ങള്‍ ശ്രദ്ധിക്കുകയും ശക്തവും വ്യക്തവുമായ ഓഡിയോ പ്രോസസ്സിങ് ശേഷിയും ഇവര്‍ക്കുണ്ടായിരിക്കും.
നന്നായി പാടുകയും ആസ്വദിക്കുകയും ചെയ്യും. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ സന്തോഷം കണ്ടെത്തും. ഹോം വര്‍ക്ക് ചെയ്യുമ്പോഴും പഠിക്കുമ്പോഴും നേരിയ ശബ്ദത്തില്‍ സംഗീതമുണ്ടായിരിക്കുമ്പോള്‍ ഇവരുടെ ശ്രദ്ധ കൂടുന്നു. ധാരാളം പാട്ടുകളും വരികളും ഓര്‍ത്തുവെക്കുന്നു.
അസ്വസ്ഥതകളിലും ആഴത്തിലുള്ള ചിന്തയിലും താളം പിടിക്കുന്നതായി കാണാം. ട്യൂണ്‍ കണ്ടെത്തി പാട്ടെഴുതുന്നതും കാണാം. എ.ആര്‍ റഹ്മാനും, ബീത്തോവനും യേശുദാസുമൊക്കെ നമ്മുടെയിടയിലുണ്ട്.
Bodily kinesthetic intelligence (ശാരീരിക വൈകാരിക ബുദ്ധി)
മനസും ശരീരവും ഒരുമിച്ച് ഒരേപോലെ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്ന മാനസിക ദൃഢത കൊണ്ട് ശരീരത്തെ ഏകോപിപ്പിക്കാന്‍ കഴിയുന്ന ശാസ്ത്ര-കായിക പ്രവൃത്തികള്‍ മുതലായവ വളരെയധികം ഇഷ്ടപ്പെടുന്നതിനാല്‍ നല്ല ആരോഗ്യം നിലനിര്‍ത്തുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പുതിയ ഭക്ഷണമുണ്ടാക്കല്‍ എന്നീ സൂക്ഷ്മ പേശീപ്രവര്‍ത്തനങ്ങളും സ്റ്റേജ് പെര്‍ഫോമന്‍സ് അഭിനയം, ഓട്ടം മുതലായ സ്ഥൂലപേശീ പ്രവര്‍ത്തനങ്ങളിലും അനായാസം ഇടപെടുന്നു.
കണ്ടും കേട്ടും പഠിക്കുന്നതിനു പകരം ചെയ്തു പഠിക്കുന്നു. ഡോക്ടര്‍മാര്‍, അത്‌ലറ്റ്‌സ്, ഡാന്‍സര്‍, അഭിനേതാക്കള്‍, പട്ടാളക്കാര്‍, പ്ലംബര്‍ മുതലായവരെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. പി.ടി ഉഷയും, ഉസൈന്‍ ബോള്‍ട്ടും ഐ.എം വിജയനും കൂടാതെ മറ്റനേകം പേരും ഈ കൂട്ടത്തിലുണ്ട്.
Visual spatial intelligence (ദൃശ്യ-സ്ഥാന ബുദ്ധി)
ദൃശ്യ ഓര്‍മ്മ കൂടുതലായുള്ള ഇവര്‍ക്ക് ദിശകളും സ്ഥാനങ്ങളും സ്ഥലപരിമിതികളും ക്രമമായി തിരിച്ചറിയാനും ഫലപ്രദമായി ഉപയോഗിക്കുവാനും കഴിയും. ഒരു കാര്യത്തെ ചിത്രീകരിച്ചുകാണാന്‍ കഴിയും. നന്നായി ചിത്രംവരയ്ക്കാനും പുതിയ ഡിസൈനുകള്‍ കണ്ടെത്തുവാനും കഴിയും. ശാരീരിക-വൈകാരിക ബുദ്ധിയോടു ചേര്‍ന്നിരിക്കുന്ന ഗണിതശാസ്ത്രപരമായ കഴിവുകൂടുതലാണ്.
ഈ കഴിവുള്ളവരില്‍ സ്‌കൗട്ട്, ലൈഫ് ഗാര്‍ഡ്, നാവിഗേറ്റര്‍, ചരിത്രഗവേഷകന്‍ മനസില്‍ ചിത്രംകൊണ്ട് ആസൂത്രണം ചെയ്യാന്‍ കഴിയുന്നവരൊക്കെയാണ്. കെ.ജി ജോര്‍ജ്, ഭരതന്‍, ഐ.വി ശശി, ആഷിക് അബു പിക്കാസോ രാജാ രവിവര്‍മ്മയുമൊക്കെ തിളങ്ങുന്നത് ഈ ബുദ്ധികൊണ്ടാണ് എന്നും ഇനിയും ഒരുപാട് പേര്‍ ഉയര്‍ന്നുവരാനുണ്ട് എന്നും ഓര്‍ക്കേണ്ടിയിരിക്കുന്നു.
Interperonsal intelligence (വ്യക്തിബന്ധ ബുദ്ധി)
ചുറ്റുപാടുള്ള വ്യക്തികളെ അംഗീകരിക്കുവാനും അവരുടെ ആവശ്യങ്ങള്‍, ഇഷ്ടങ്ങള്‍, കഴിവുകള്‍ എന്നുവേണ്ട ആ വ്യക്തിയെ അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ കഴിയുകയും സംസാരിക്കുകയും ചെയ്യുന്നതിനുള്ള കഴിവ്. ഇവരുടെ സാമീപ്യം മറ്റുള്ളവര്‍ക്ക് ആശ്വാസകരവും സൗകര്യവും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധികള്‍, മതനേതാക്കന്മാര്‍, അധ്യാപകര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഇത്തരത്തിലുള്ള ബുദ്ധിനിലവാരം പുലര്‍ത്തുന്നവരാണെങ്കില്‍ മാത്രമേ ശോഭിക്കുവാന്‍ കഴിയുകയുള്ളൂ.
മറ്റുള്ളവരുടെ അവസ്ഥ മനസിലാക്കി വേണ്ടതുപോലെ പെരുമാറാന്‍ കഴിയുന്നു. ടീം വര്‍ക്കിനെ ഇഷ്ടപ്പെടുകയും ടീം നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്നു. കാര്യങ്ങള്‍ വളരെ കൃത്യമായി അവതരിപ്പിക്കുവാനും വിശകലനം ചെയ്യുവാനും കഴിയും. കരുണ, സഹജീവിബോധം സാമൂഹ്യബോധം പ്രകടമാണ്.
മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യുന്നതിനും ധൈര്യം നല്‍കുന്നതിനും ഇവര്‍ക്കു കഴിയും. തര്‍ക്കിച്ചും പ്രൊജക്ട് ചെയ്തും അനുഭവിച്ചും, ചെയ്തും പഠിക്കുവാന്‍ ഇഷ്ടപ്പെടുന്നു. നമ്മുടെ ഗാന്ധിജിയും, ചാണക്യനും, ബില്‍ ക്ലിന്റണും വിനോബാഭാവെയും യാസര്‍ അറഫത്തും ഇതില്‍പ്പെടുന്നവരാണ്.
നേതൃസ്ഥാനം പെട്ടെന്നു കൈവരിക്കുന്നു. മറ്റുള്ളവര്‍ക്ക് മടുപ്പുകൂടാതെ സഹായിക്കുന്നതുകൊണ്ട് അവരറിയാതെ തന്നെ ലീഡറായിട്ടുണ്ടാവും.
Intraperonsal intelligence (അന്തര്‍ വ്യക്തിത്വ ബുദ്ധി)
സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ബോധമുള്ളതിനാല്‍ സ്വയം നിയന്ത്രിക്കാനും ക്രമീകരിക്കുവാനും ഇവര്‍ക്കു കഴിയും. പുറത്തുനിന്നുള്ള യാതൊരു തരത്തിലുള്ള പ്രലോഭനവും അഭിനന്ദനവും വിമര്‍ശനവും ഇവരെ ബാധിക്കുകയില്ല. തന്റെ ലക്ഷ്യം തീരുമാനിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും അതിലേക്കുള്ള മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുന്നു. ഇതില്‍ മറ്റൊരാളെയും ഇടപെടാന്‍ അനുവദിക്കുകയോ ഇഷ്ടപ്പെടുകയോ ഇല്ല.
പ്രശസ്തിയുണ്ടാവുന്നതിനോട് വലിയ താല്‍പര്യം കാണിക്കില്ല. എന്നാല്‍ പ്രശസ്തമായാല്‍ അവര്‍ അത് ആസ്വദിക്കുകയും ചെയ്യുന്നുണ്ടാവും. മറ്റുള്ളവര്‍ അറിയാതെ ശാന്തമായി പഠിക്കുന്ന ഇവര്‍ പൊതുവെ കണിശക്കാരായിരിക്കും. കുറുക്കുവഴികള്‍ക്കു പകരം നേരായ വഴികള്‍ മാത്രമാണ് തെരഞ്ഞെടുക്കുകയുള്ളൂ.
ആത്മവിശ്വാസമുള്ളവരും അത് പകര്‍ന്നുകൊടുക്കുന്നവരുമാണെങ്കിലും പ്രകടിപ്പിക്കുവാനുളള ശേഷി കുറവായിരിക്കും. കാര്യക്ഷമതയുള്ള രക്ഷിതാവാന്‍ ഇവര്‍ക്കു കഴിയും. അച്ചടക്കം, ആത്മനിയന്ത്രണം, മടുപ്പില്ലാതെ ലക്ഷ്യം കാണുന്നതുവരെ പ്രവര്‍ത്തിക്കാനുള്ള ആവേശഭരിതമായ പ്രവര്‍ത്തനം നടത്തുന്നു. ശാന്തമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നു.
സിഗ്മണ്‍ ഫ്രോയിഡ്, അമര്‍ത്യാസെന്‍, സോക്രട്ടീസ് എന്നിവരും ഇത്തരത്തിലുള്ളവരാണ്.
Naturalistic intelligence (പ്രകൃതി ബുദ്ധി)
പ്രകൃതിയെ അറിയാനും വിശകലനം ചെയ്യുവാനും മനസിലാക്കുവാനുമുള്ള കഴിവ്. വിവിധ സാംസ്‌കാരിക മൂല്യങ്ങള്‍ അവയുടെ സ്വഭാവം, രീതികള്‍ എന്നിവയോട് യുക്തിയോടെ പ്രസന്നതയോടെ പ്രതികരിക്കുവാനും കഴിയുന്നു. അവരറിയാതെ തന്നെ ചുറ്റുപാടുള്ളതിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതും കൃത്യമായി പറയുകയും ചെയ്യും. ഗാര്‍ഡിനര്‍ സ്പിരിച്വല്‍ ഇന്റലിജന്‍സ് എന്നതുകൂടി പ്രകൃതി ബുദ്ധിയില്‍പ്പെടുത്തുന്നു.
അതിജീവനത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ബുദ്ധിമേഖലയുള്ള ഇത്തരക്കാരുടെ പ്രവര്‍ത്തനം ഇന്നത്തേക്കാലത്ത് ഏറ്റവും പ്രസക്തമായതും കുഞ്ഞുങ്ങളില്‍ ഏറ്റവും കുറവ് മുന്‍ഗണന നല്‍കി പരിശീലിപ്പിക്കുന്നതുമാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ ബാക്കി എല്ലാ മേഖലകളിലുമുള്ള കുറവ് നികത്താന്‍ ഈയൊരു കഴിവ് മാത്രം മതിയാകും.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസിലാക്കാന്‍ മൃഗങ്ങളെ മെരുക്കുന്നതിലും മിടുക്കര്‍ തന്നെ. മുന്നറിവുകള്‍, പുതിയ അനുഭവങ്ങളുമായി കൂട്ടിവെച്ച് അനുമാനിക്കാന്‍ കഴിയുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂട്ടിവെക്കുവാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. ക്രിയാത്മകത, സഹനം, അനുതാപം എന്നിവ ഇവരില്‍ കാണുന്നു. പുറത്തിറങ്ങി നടക്കുന്നതും, മരങ്ങളും പൂക്കളും കണ്ടാസ്വദിക്കുന്നതിലും സംരക്ഷിക്കുന്നതിലും വളരെയധികം സന്തോഷിക്കുന്നു.
Existential intelligence (അസ്ഥിത്വബുദ്ധി)
ഹോര്‍വാര്‍ഡ് ഗാര്‍ഡിനര്‍ ഈ ബുദ്ധിയെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി അംഗീകരിക്കാനും സ്വതന്ത്രമായ ബുദ്ധിശക്തി മേഖലയായി കണക്കാക്കാനും തയ്യാറായിട്ടില്ല. പക്ഷേ അതിനുള്ള ഗവേഷണത്തില്‍ അദ്ദേഹം ഇപ്പോഴും സജീവമാണ്. നാലു പ്രധാന സ്വഭാവ സവിശേഷതകളാണ് ഇവര്‍ക്കുള്ളത്. സംഘടിതാവബോധം, സംഘടിതമൂല്യം, സംഗ്രഹാവബോധം, സഹജീവിബോധം, എന്നിവയാണിത്.
സംസ്‌കാരം, സാഹിത്യം എന്നിവ ആസ്വദിക്കുകയും സ്വന്തം വ്യക്തിത്വം സൂക്ഷിക്കുകയും വിശ്വസാഹോദര്യം, അതിര്‍ത്തിയില്ലാത്ത ലോകം, സ്‌നേഹം എന്നിവയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. അര്‍ത്ഥവത്തായ പഠനത്തില്‍ ഏര്‍പ്പെടുന്നു. രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നു. എന്റെ റോള്‍ ഒരേ മേഖലയിലാണ് എന്ന ചിന്തക്ക് ഉത്തരം കണ്ടെത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇത്രയും ബുദ്ധിവൈവിധ്യങ്ങളെക്കുറിച്ച് പറഞ്ഞത് ഓരോ കുട്ടിയും വ്യത്യസ്തമാണെന്ന് പറയാനാണ്. ഒരു ബുദ്ധിമേഖല മാത്രമായി ഒരു കുഞ്ഞിന് ഒരിക്കലും ഉണ്ടാവില്ല. ചിലത് വളരെക്കൂടുതലായി കാണുന്നു. അപ്പോള്‍ അതില്‍ നിന്ന് നമുക്ക് മനസിലാക്കാം ചിന്തകള്‍ ചെയ്തികള്‍ എല്ലാം ഏത് രീതിയില്‍ പ്രകടമാക്കുന്നു എന്നത്.
പഠനം ഏത് രീതിയില്‍ എന്ത്, എപ്പോള്‍ എവിടെ, എന്നുളളതാണ് നമ്മുടെ മുന്നിലെ ചോദ്യങ്ങള്‍. അനുയോജ്യമായ അവസരവും ശ്രദ്ധയും ചുറ്റുപാടും ലഭിക്കുമ്പോള്‍ മെച്ചപ്പെട്ട മേഖല കൂടുതല്‍ പരിപോഷിക്കപ്പെടുകയും യഥാര്‍ത്ഥ വ്യക്തിയായി ജീവിക്കാനും സാധിക്കുന്നു. ഒരാളുടെ മെച്ചപ്പെട്ടു നില്‍ക്കുന്ന ബുദ്ധി ഒന്നും നമ്മള്‍ പരിപോഷിപ്പിക്കാന്‍ കൊടുക്കുന്ന അവസരവും ശ്രദ്ധയും മറ്റൊന്നുമാണെങ്കില്‍ എന്താണ് സംഭവിക്കുകയെന്നത് നമുക്ക് ഓര്‍ക്കാവുന്നതേയുള്ളൂ.
ഓരോ കുഞ്ഞിനെയും യുണീക്ക് ആയി കാണുകയും എല്ലാവരും വ്യത്യസ്തരാണെന്ന ഉറച്ചബോധവും തനിക്ക് ഒരുപാട് പഠിക്കുവാനുള്ള അവസരമായി ഓരോ അധ്യാപകരും രക്ഷിതാക്കളും കണക്കാക്കുകയും ചെയ്യുമ്പോള്‍ ഇത് മെച്ചപ്പെടും. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുവാനാവശ്യമായ ഗവേഷണങ്ങളും നിരീക്ഷണങ്ങളും സ്വയം ഏറ്റെടുക്കുകയും പ്രശ്‌നപരിഹാരം മുന്നില്‍ തെളിഞ്ഞുവരികയും ചെയ്യുമ്പോള്‍ നമുക്ക് ആവേശത്തോടെ കുട്ടികളോട് ഇടപഴകുവാന്‍ കഴിയും.