| Friday, 8th October 2021, 11:19 am

കഴിഞ്ഞ രണ്ട് രാത്രിയും എന്നെ ചോദ്യം ചെയ്തിട്ടില്ല, എന്റെ ഫോണ്‍ ചാറ്റല്ലാതെ ഒന്നും എന്‍.സി.ബിയുടെ കൈയിലില്ല; കോടതിയില്‍ ആര്യന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മൊബൈല്‍ ചാറ്റിന്റെ പേരിലാണ് തന്നെ എന്‍.സി.ബി അറസ്റ്റ് ചെയ്തതെന്ന് ആര്യന്‍ ഖാന്‍ കോടതിയില്‍. പ്രതിക് ഗാബ എന്ന സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്നും ആര്യന്‍ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

പ്രതികും ഞാനും തമ്മില്‍ പല തവണ ചാറ്റ് ചെയ്തിട്ടുണ്ട്. അതൊന്നും ലഹരിവിരുന്നിനെക്കുറിച്ച് ആയിരുന്നില്ല.

ആഡംബരക്കപ്പലിലെ പാര്‍ട്ടിയെക്കുറിച്ചു പറയുമ്പോള്‍ ലഹരി ഉപയോഗത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടേയില്ലെന്നും ആര്യന്‍ പറഞ്ഞു.

പ്രതിക് അര്‍ബാസിന്റെയും സുഹൃത്താണ്. അര്‍ബാസിനെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചതുമായി എനിക്കു യാതൊരു ബന്ധവുമില്ല.

അര്‍ബാസ് തന്റെ സുഹൃത്താണെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആര്യന്‍ പറഞ്ഞു.

‘ഗേറ്റിലെത്തിയപ്പോള്‍ അര്‍ബാസിനെ കണ്ട് സംസാരിച്ചിരുന്നു. അവിടെ വെച്ച് എന്‍.സി.ബി ഉദ്യോഗസ്ഥരെയും കണ്ടു. ലഹരിമരുന്നു കൈയിലുണ്ടോ എന്ന് അവര്‍ ചോദിച്ചു. ഇല്ലെന്നു മറുപടി നല്‍കി,’ ആര്യന്‍ ഖാന്‍ പറഞ്ഞു.

തുടര്‍ന്ന് അവര്‍ (എന്‍.സി.ബി) ബാഗിലും മറ്റും പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. പിന്നീട് അവര്‍ അര്‍ബാസിനെ പരിശോധിച്ചു. അതിനു ശേഷം തന്നോട് എന്‍.സി.ബി ഓഫീസിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ആര്യന്‍ കൂട്ടിച്ചേര്‍ത്തു.

‘അര്‍ബാസുമായുള്ള സൗഹൃദം നിഷേധിക്കുന്നില്ല. ഒറ്റയ്ക്കാണു വന്നതെന്ന് അര്‍ബാസ് പറഞ്ഞിട്ടുമുണ്ട്. അവന്‍ വരുന്നുണ്ടെന്നു പോലും എനിക്കറിയില്ലായിരുന്നു,’ ആര്യന്‍ പറഞ്ഞു.

അചിത് എന്നയാളെയും തന്നെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് എന്‍.സി.ബി ശ്രമിക്കുന്നത്. അവര്‍ക്കത് കഴിഞ്ഞ ദിവസം തന്നെ ആകാമായിരുന്നു. അചിതുമായുള്ള ചാറ്റ് ക്രിക്കറ്റിനെക്കുറിച്ചും ഫുട്‌ബോളിനെക്കുറിച്ചും ആയിരുന്നുവെന്നും ആര്യന്‍ പറഞ്ഞു.

‘എന്റെ ഫോണും ചാറ്റും എല്ലാം അവരുടെ കൈയിലുണ്ട്. കഴിഞ്ഞ രണ്ട് രാത്രിയും എന്നെ ചോദ്യം ചെയ്തിട്ടില്ല. പ്രധാന പ്രതിയെ കണ്ടെത്താനാണ് എന്‍.സി.ബി ശ്രമിക്കുന്നത്. പക്ഷെ അതുവരെ എന്നെ കസ്റ്റഡിയില്‍ വയ്ക്കാനാവില്ല,’ ആര്യന്‍ കൂട്ടിച്ചേര്‍ത്തു.

അര്‍ബാസില്‍നിന്നു പിടിച്ച ആറ് ഗ്രാം ചരസില്‍നിന്ന് മുന്നോട്ടുപോകാന്‍ എന്‍.സി.ബിക്കു കഴിഞ്ഞിട്ടില്ലെന്നും ആര്യനു വേണ്ടി അഭിഭാഷകന്‍ അറിയിച്ചു.

റെയ്ഡിനിടെ ആര്യനില്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് എന്‍.സി.ബിയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആര്യന്റെ ഫോണിലെ ചാറ്റുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടാണ് എന്‍.സി.ബി സ്വീകരിച്ചത്.

അതേസമയം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും.

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാനടക്കം പത്ത് പേര്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു.

രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.

ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന മറ്റുചിലരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോന്‍, 21 ഗ്രാം ചരസ്, 22 എം.ഡി.എം.എ ഗുളികകള്‍, 1,33,000 രൂപ എന്നിവയാണ് എന്‍.സി.ബി കപ്പലില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Arguments Made By Aryan Khan In Court For Bail

We use cookies to give you the best possible experience. Learn more