പൊന്നാരം തോട്ടത്തെ രാജാവെന്ന സിനിമയുടെ ക്ലൈമാക്‌സ് സംബന്ധിച്ച് അതിന്റെ സംവിധായകനുമായി താന്‍ തര്‍ക്കിച്ചിരുന്നു എന്ന് നടന്‍ ജഗദീഷ്. ക്ലൈമാക്‌സില്‍ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുട്ടി മരിക്കുന്നതാണെന്നും അത് വേണോ എന്ന് താന്‍ ചോദിച്ചിരുന്നു എന്നും ജഗദീഷ് പറയുന്നു.
ദൈവത്തെയോര്‍ത്ത് ആ സീന്‍ വേണ്ട എന്ന് താന്‍ പറഞ്ഞിരുന്നു എന്നും അന്നാല്‍ അന്നത് അംഗീകരിച്ചില്ല എന്നും ജഗദീഷ് പറയുന്നു. ഈ സിനിമയില്‍ കുട്ടി മരിക്കുന്നത് സിനിമക്ക് ഒരു ബ്ലാക്ക് മാര്‍ക്കാണെന്നും ജഗതീഷ് കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ സിനിമയായ പരിവാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമകളുടെ ക്ലൈമാക്‌സുകളെ കുറിച്ചും ജഗദീഷ് ഈ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ക്ലൈമാക്സുകളുടെ കാര്യത്തില്‍ സംവിധായകന്‍ സച്ചി പറഞ്ഞ കാര്യത്തോടാണ് താന്‍ യോജിക്കുന്നതെന്നും നായകന്‍ വില്ലൊടിക്കണമെന്നതാണ് സിനിമയുടെ ക്ലൈമാക്സുകളെ കുറിച്ച് സച്ചി പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. പൈങ്കിളിയാകണമെന്നല്ല, മറിച്ച് പ്രതീക്ഷയുടെ ചെറിയൊരു അംശമെങ്കിലും ബാക്കിവെക്കുന്നതായിരിക്കണം ക്ലൈമാക്സെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ സംവിധായകരായ പ്രിയദര്‍ശന്റെയും ലോഹിതദാസിന്റെയും സ്റ്റൈലിനോട് തനിക്ക് യോജിപ്പില്ലെന്നും ക്ലൈമാക്സുകളുടെ കാര്യത്തില്‍ എം.ടിയുടെ സ്വാധീനം ഇരുവരിലുമുണ്ടായിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രിയദര്‍ശനും ലോഹിതദാസും ചെയ്തത് തെറ്റാണെന്ന് താന്‍ പറയുന്നില്ലെന്നും തന്റെ ആഗ്രഹമാണ് പറഞ്ഞതെന്നും ജഗതീഷ് പറഞ്ഞു.
‘ എം.ടി സാറിന്റെ സ്വാധീനം ലോഹിതദാസിലും പ്രിയദര്‍ശനിലുമുണ്ട്. അവസാനം പ്രേക്ഷകരെ ഒന്ന് കരയിച്ചു വിടുകയെന്നാണ്. എനിക്ക് അതിനോട് യോജിപ്പില്ല. അവസാനം പ്രേക്ഷകരെ ഹാപ്പിയാക്കണം. സംവിധായകന്‍ സച്ചി പറഞ്ഞതാണ് അതില്‍ കറക്ട്. അവസാനം നായകന്‍ വില്ലൊടിക്കണമെന്ന്. വളരെ മനസില്‍ തട്ടിയൊരു കാര്യമാണത്.
പൈങ്കിളിയൊന്നുമാക്കേണ്ട, അവസാനം പ്രതീക്ഷയുടെ ചെറിയൊരു നാളമെങ്കിലും നല്‍കാനായാല്‍ ഹൃദയം നിറഞ്ഞ് ഇറങ്ങിപ്പോകാം. മറിച്ച്, നന്മയുടെ പ്രതീകമായ നായകന്‍ എല്ലാം തകര്‍ന്ന് ലൂസറായി നില്‍ക്കുമ്പോള്‍ നമ്മുടെ നന്മക്കെന്താണ് പ്രസക്തി. നന്മയുള്ളവനൊക്കെ ഇതേ വരികളൊള്ളൂ എന്നൊരു തോന്നല്‍ നമുക്ക് വരും.
പൊന്നാരം തോട്ടത്തെ രാജാവില്‍ ഞാന്‍ വളരെയേറെ തര്‍ക്കിച്ചിട്ടുണ്ട്. അതില്‍ എന്റെ കുട്ടി മരിക്കുന്നതായി കാണിക്കുന്നുണ്ട്. ദേവത്തെയോര്‍ത്ത് ആ മരിക്കുന്നത് വേണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ സമ്മതിച്ചില്ല. അത് ആ സിനിമക്ക് ചെറിയൊരു ബ്ലാക്ക് മാര്‍ക്ക് തന്നെയാണ്. അതില്‍ യാതൊരു സംശയവുമില്ല.
അത് പറയുമ്പോള്‍ എന്റെ ചിന്ത മുഴുവന്‍ പൈങ്കിളിയാണെന്ന് പറയും. ജീവിതത്തില്‍ എല്ലാം ഹാപ്പി എന്റിങ്ങാണോ എന്ന് ചോദിക്കും. ജീവിതത്തില്‍ എല്ലാം ഹാപ്പി എന്റിങ്ങല്ല. അത് കൊണ്ടാണ് സിനിമ കാണാന്‍ പോകുന്നത്. സിനിമ കാണാന്‍ പോകുമ്പോഴാണ് കുറച്ച് പ്രതീക്ഷയുള്ളത്.
ഹാപ്പി എന്റിങ്ങായിരിക്കണമെന്ന എന്റെ ആഗ്രമാണ് ഞാന്‍ പറയുന്നത്. ഞാന്‍ പറയുന്നത് ശരിയോ തെറ്റോ എന്നല്ല, എന്റെ ആഗ്രഹമാണ്. പ്രിയദര്‍ശനും ലോഹിതദാസും ചെയ്തത് തെറ്റാണെന്നും ഞാന്‍ പറയുന്നില്ല. എന്റെ ആഗ്രഹം അതെല്ലാം ഒരു പോസിറ്റീവ് എന്റിങ്ങില്‍ പോയിരുന്നെങ്കില്‍ എന്നാണ്,’ ജഗദീഷ് പറഞ്ഞു.
content highlights: Argument with director over climax of Ponnaramthottathe Raajaavu, kid shouldn’t have died: Jagadeesh