കോയ എന്ന വിളി ഇഷ്ടപ്പെട്ടു, താങ്കളെപോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുടിക്കുന്നത്; ബി.ജെ.പി ജില്ല പ്രസിഡന്റിനോട് രാമസിംഹന്‍ അബൂബക്കര്‍
Kerala News
കോയ എന്ന വിളി ഇഷ്ടപ്പെട്ടു, താങ്കളെപോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുടിക്കുന്നത്; ബി.ജെ.പി ജില്ല പ്രസിഡന്റിനോട് രാമസിംഹന്‍ അബൂബക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 6:24 pm

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വീണ്ടും പസ്പരം പോര്‍വിളിച്ച് ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ സഹയാത്രികനുമായ രാമസിംഹന്‍ അബൂബക്കറും. തൃശൂരില്‍ ഇനി സുരേഷ് ഗോപി മത്സരിക്കരുത് എന്ന് പറഞ്ഞുകൊണ്ട് രാമസിംഹന്‍ അബൂബക്കര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് മറുപടിയുമായി ബി.ജെ.പി തൃശൂര്‍ ജില്ല പ്രസിഡന്റ് അഡ്വ. അനീഷ് കുമാര്‍ കെ.കെ. രംഗത്ത് വന്നതോടെയാണ് ഇടവേളക്ക് ശേഷം രാമസിംഹന്‍ അബൂബക്കറും ബി.ജെ.പി നേതാക്കളും പരസ്പരം ഏറ്റുമുട്ടുന്നതിലേക്കെത്തിയത്.

തൃശൂരില്‍ ഇനി സുരേഷ് ഗോപി മത്സരിക്കേണ്ടതില്ല എന്നായിരുന്നു രാമസിംഹന്റെ പോസ്റ്റിന്റെ ഉള്ളടക്കം. ഇതിന് മറുപടിയായി തൃശൂരില്‍ കാര്യങ്ങള്‍ തൃശൂരുകാര്‍ തീരുമാനിച്ചോളാം കുത്തിത്തിരിപ്പുകാര്‍ക്ക് സന്തോഷം കൊണ്ട് ഉറങ്ങാന്‍ വയ്യ എന്നും തൃശൂര്‍ ജില്ല പ്രസിഡന്റ് കമന്റ് നല്‍കി. രാമസിംഹനെ കോയാ എന്ന് അഭിസംബോധന ചെയ്താണ് ബി.ജെ.പി ജില്ല പ്രസിഡന്റ് കമന്റ് അവസാനിപ്പിച്ചത്. ഈ പ്രയോഗമാണ് രാമസിംഹനെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

‘ കുത്തിത്തിരിപ്പുകാര്‍ക്ക് സന്തോഷം കൊണ്ട് ഉറങ്ങാന്‍ വയ്യ, തൃശൂരിലെ കാര്യങ്ങള്‍ തൃശൂര്‍കാര്‍ തീരുമാനിച്ചോളാം കോയ’ എന്നായിരുന്നു തൃശൂര്‍ ജില്ല പ്രസിഡണ്ടിന്റെ കമന്റിന്റെ പൂര്‍ണരൂപം. ഇതിന് മറുപടിയായി ‘താങ്കള്‍ ബി.ജെ.പിയുടെ ജില്ല പ്രസിഡന്റല്ലേ, നാട്ടുകാരാണോ ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. കേന്ദ്ര കമ്മിറ്റിയാണെന്നാണ് എന്റെ അറിവ്. അതിന് വ്യവസ്ഥകളുണ്ട്. ഒരു ജില്ല പ്രസിഡന്റിന് ഇതുപോലും അറിയില്ലെങ്കില്‍ താങ്കള്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. താങ്കളെ പോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുടിക്കുന്നത്. കോയ എന്നുള്ള വിളി ഇഷ്ടമായി’ എന്നിങ്ങനെയാണ് തൃശൂര്‍ ജില്ല പ്രസിഡണ്ടിന് രാമസിംഹന്‍ നല്‍കിയ മറുപടി.

ഈ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെ രാമസിംഹന്‍ ഇന്ന് വീണ്ടും പുതിയ പോസ്റ്റിട്ടുണ്ട്. ഈ പോസ്റ്റിന് താഴെയും രാമസിംഹനും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നടക്കുകയാണ്. നേരത്തെ അദ്ദേഹമിട്ട പോസ്റ്റുകള്‍ക്കടയിലും ബി.ജെ.പി പ്രവര്‍ത്തകര്‍ രാമസിംഹനെ എതിര്‍ത്തുകൊണ്ട് കമന്റിടുന്നുണ്ട്. നാട്ടുകാരെ പറ്റിച്ച് ആ പണം കൊണ്ട് സിനിമയെടുത്തവനല്ലേ താനെന്നാണ് കമന്റുകളില്‍ ഭൂരിഭാഗവും.


CONTENT HIGHLIGHTS: Argument between Ramasimhan Abubakar and BJP leaders on Facebook