Football
'മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കടുത്ത റൊണാള്‍ഡോ ഫാന്‍, വീട്ടില്‍ നിറയെ മെസിയുടെ ചിത്രങ്ങള്‍'; യുവതാരത്തെ കുറിച്ച് അര്‍ജന്റൈന്‍ യൂത്ത് കോഡിനേറ്റര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 17, 07:13 am
Friday, 17th March 2023, 12:43 pm

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഫുട്‌ബോളിലെ തന്റെ ആരാധനാ പാത്രമെന്ന് അര്‍ജന്റൈന്‍ യുവതാരം അലജാന്‍ഡ്രോ ഗര്‍നാച്ചോ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോക്കൊപ്പം കളിക്കുമ്പോഴാണ് ഗര്‍നാച്ചോ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ഗര്‍നാച്ചോ രഹസ്യമായി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ ആരാധിക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ യൂത്ത് കോഡിനേറ്റര്‍ ബെര്‍ണാഡോ റൊമേറോ. ഗര്‍നാച്ചോയുടെ വീട്ടില്‍ ചെന്നാല്‍ നിറയെ മെസിയുടെ ചിത്രങ്ങള്‍ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി സ്‌പോര്‍ട്‌സ് റേഡിയോയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഗര്‍നാച്ചോ അര്‍ജന്റൈന്‍ ദേശീയ ടീമിനായാണ് കളിക്കുന്നതെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ നിറയെ മെസിയുടെ ചിത്രങ്ങള്‍ കാണാനാകും,’ ബെര്‍ണാഡോ പറഞ്ഞു.

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരങ്ങളില്‍ പ്രധാനിയാണ് ഗര്‍നാച്ചോ. യുണൈറ്റഡിന്റെ മധ്യനിരയില്‍ കളിക്കുന്ന താരം വേഗത കൊണ്ടും ഡ്രിബിളിങ് മികവ് കൊണ്ടും ഷോട്ട് എടുക്കുന്നതിലുള്ള കൃത്യത കൊണ്ടും ഇതിനകം കഴിവ് തെളിയിച്ച് കഴിഞ്ഞു.

യുണൈറ്റഡില്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന അര്‍ജന്റീനയുടെ അത്ഭുത ബാലനായി നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ട്.

പ്രീമിയര്‍ ലീഗില്‍ നിലവില്‍ 26 മത്സരങ്ങളില്‍ നിന്നും 15 വിജയങ്ങളുമായി 50 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്. മാര്‍ച്ച് 16ന് റയല്‍ ബെറ്റിസിനെതിരെയുള്ള യൂറോപ്പാ ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരമാണ് ക്ലബ്ബിന് അടുത്തതായി കളിക്കാനുള്ളത്.

Content Highlights: Argentine Youth Coordinator Bernardo Romeo talking about Alejandro Garnacho