| Tuesday, 27th December 2022, 7:20 pm

പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്, ഇതാണ് സത്യാവസ്ഥ; ക്ലബ് മാറ്റത്തെ കുറിച്ച് എൻസോ ഫെർണാണ്ടസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കയ്യടി നേടിയ താരമാണ് അർജന്റീനയുടെ എൻസോ ഫെർണാണ്ടസ്. മികച്ച യുവതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ ഫെർണാണ്ടസിന് തന്റെ മാർക്കറ്റ് വാല്യൂ കുത്തനെ ഉയർത്താനും സാധിച്ചു.

ലോകകപ്പ് ചാമ്പ്യന്മാരായി തിരിച്ചെത്തിയ താരത്തിനെ ലക്ഷ്യമിട്ട് നിരവധി ക്ലബ്ബുകൾ രംഗത്തെത്തിയിരുന്നു. നിലവിൽ ബെൻഫിക്കക്ക്‌ വേണ്ടി ബൂട്ട് കെട്ടുന്ന താരം ഈ സീസണിൽ മികച്ച പ്രകടനമാണ് ലീഗ് മത്സരങ്ങളിലും കാഴ്ചവെച്ചത്.

ലോകകപ്പ് മത്സരങ്ങൾ സമാപിച്ചതിന് ശേഷം താരത്തിന്റെ ട്രാൻസ്ഫറിനെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം.

തന്റെ ഭാവി നീക്കത്തെ കുറിച്ച് ഇപ്പോൾ പദ്ധതികളൊന്നുമില്ലെന്നും അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ബെൻഫിക്കയുടെ മത്സരങ്ങളിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നുമാണ് ഫെർണാണ്ടസ് പ്രതികരിച്ചത്.

ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ സംസാരിച്ചത്.

“എനിക്ക് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ലെന്നതാണ് സത്യം. ഞാൻ ബെൻഫിക്കയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഞങ്ങൾക്ക് വെള്ളിയാഴ്ച ഒരു കളിയുണ്ട്. ക്ലബ് മാറ്റത്തെ കുറിച്ചൊന്നും ഞാൻ ആസൂത്രണം നടത്തിയിട്ടില്ല. അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത് മുഴുവൻ. ഒന്നും എന്റെ അറിവോടെയല്ല,’ ഫെർണാണ്ടസ് വ്യക്തമാക്കി.

റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകളാണ് താരത്തെ നോട്ടമിട്ട് രംഗത്തെത്തിയിരിക്കുന്ന പ്രധാന ക്ലബ്ബുകൾ. അതേസമയം, ലോകകപ്പിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ പകരക്കാരൻ ആയിരുന്നെങ്കിലും പിന്നീട് ടീമിലെ പ്രധാന താരമായി മാറാൻ എൻസോക്ക് കഴിഞ്ഞിരുന്നു.

ഇക്കഴിഞ്ഞ സമ്മറിലാണ് എൻസോ ഫെർണാണ്ടസ് അർജന്റീന ക്ലബായ റിവർപ്ലേറ്റിൽ നിന്നും പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറിയത്. ഇതിനകം ലീഗിലും ചാമ്പ്യൻസ് ലീഗിലും തകർപ്പൻ പ്രകടനം നടത്തുന്ന ബെൻഫിക്കയുടെ പ്രധാന താരമായി മാറാൻ എൻസോ ഫെർണാണ്ടസിന് സാധിച്ചു.

Content Highlights: Argentine super star Enzo Fernandez about Rumors

We use cookies to give you the best possible experience. Learn more