| Friday, 26th August 2022, 3:02 pm

ആരായാലും വേണ്ടില്ല, മെസിയെ തൊട്ടാല്‍ കൊന്നുകളയും ഞാന്‍; അര്‍ജന്റീന താരത്തോട് കലിപ്പായി അഗ്യൂറോ

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീന ഡിഫന്‍ഡര്‍ നിക്കോളാസ് ഓട്ടമെന്‍ഡിക്ക് മുന്നറിയിപ്പ് നല്‍കി അര്‍ജന്റൈന്‍ സൂപ്പര്‍ തരം സെര്‍ജിയോ അഗ്യൂറോ. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മെസിയെ വേദനിപ്പിക്കാന്‍ വല്ല ഉദ്ദേശവുമുണ്ടെങ്കില്‍ കൊന്നുകളയുമെന്നാണ് അഗ്യൂറോ പറയുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് നിര്‍ണയിട്ടത്. അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയുടെ പാരീസ് സെന്റ് ഷെര്‍മാങ് ഗ്രൂപ്പ് എച്ചിലാണ് ഇടം നേടിയിരിക്കുന്നത്.

പി.എസ്.ജിക്കൊപ്പം യുവന്റസ്, ബെന്‍ഫിക്ക, മക്കാബി ഹായ്ഫ എന്നിവരാണ് ഗ്രൂപ്പ് എച്ചില്‍ ഉള്ള മറ്റു ടീമുകള്‍. സെപ്റ്റംബര്‍ ആറിന് തുടങ്ങുന്ന ലീഗ് അടുത്ത് വര്‍ഷം ജൂണ്‍ പത്തിനാണ് കൊട്ടിക്കലാശത്തോടെ അവസാനിക്കുന്നത്.

ഗ്രൂപ്പ് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഓട്ടമെന്‍ഡിക്ക് മുന്നറിയിപ്പുമായി അഗ്യൂറോ എത്തിയത്. ഗ്രൂപ്പ് മത്സരങ്ങള്‍ക്കിടയില്‍ മെസിക്ക് ഒന്നും വരുത്തിവെക്കരുതെന്നാണ് ബെന്‍ഫിക്ക താരം ഓട്ടമെന്‍ഡിയോട് അഗ്യൂറോ പറഞ്ഞത്.

കളിക്കളത്തില്‍ അല്‍പം റഫ് ആന്‍ഡ് ടഫ് ആയ കളി പുറത്തെടുക്കുന്ന നിക്കോളാസ് ഓട്ടമെന്‍ഡി പ്രതിരോധ മതില്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന താരമാണ്. ഓട്ടമെന്‍ഡിയുടെ ഈ സ്വഭാവം വ്യക്തമായി അറിയുന്നതുകൊണ്ടുതന്നെയാണ് അഗ്യൂറോ താരത്തിന് മുന്നറിയിപ്പ് നല്‍കുന്നത്.

ട്വിച്ച് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘പി.എസ്.ജി, യുവന്റസ്, ബെന്‍ഫിക്ക… ഓട്ടമെന്‍ഡി ചില കളികള്‍ പുറത്തെടുക്കുമെന്നുറപ്പാണ്. ഓട്ടമെന്‍ഡി ബെന്‍ഫിക്കയിലാണ്. അതുകൊണ്ടുതന്നെ പോകെ പോകെ ഗ്രൂപ്പ് ഘട്ടത്തില്‍ മെസിയുമായി കൊരുക്കുമെന്നുമുറപ്പാണ്.

മെസിയെ പരിക്കേല്‍പിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിന്നെ ഞാന്‍ ഞാന്‍ കൊന്നുകളയും. ലോകകപ്പാണ് വരുന്നത് ഓട്ടാ,’ അഗ്യൂറോ പറഞ്ഞു.

ലയണല്‍ മെസിയും ഓട്ടമെന്‍ഡിയും മാത്രമല്ല അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡിയ മരിയും ഗ്രൂപ്പ് എച്ചില്‍ തന്നെയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഗ്രൂപ്പ് എച്ച് ഡി മരിയ ഗ്രൂപ്പാണെന്ന് പറയാം. കാരണം ഡി മരിയ ഇപ്പോല്‍ കളിക്കുന്നതും മുമ്പ് കളിച്ചതുമായ ടീമുകളാണ് ഗ്രൂപ്പ് എച്ചിലുള്ളത്.

നിലിവില്‍ യുവന്റെസിന്റെ താരമാണ് ഡി മരിയ. താരം നേരത്തെ മെസിക്കൊപ്പം പി.എസ്.ജിയിലും, ബെന്‍ഫിക്കയിലും കളിച്ചിരുന്നു.

മെസിയെ കുറിച്ച് പറഞ്ഞ അതേ കാര്യം തന്നെയാണ് അഗ്യൂറോയ്ക്ക് ഡി മരിയുടെ കാര്യത്തിലും ഓട്ടമെന്‍ഡിയോടും പറയാനുള്ളത്.

‘നീ യുവന്റസിനെതിരെ കളിക്കുമ്പോല്‍ ഫീഡോ (ഏയ്ഞ്ചല്‍ ഡി മരിയ)യെയും നേരിടേണ്ടി വരും. രണ്ടാളുടെ കാര്യവും നോക്കിക്കൊള്ളണം,’ താരം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന ഖത്തര്‍ ലോകപ്പില്‍ കിരീടം നേടി ഹാട്രിക്ക് തികക്കുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടത്തിനും ശേഷം അര്‍ജന്റീനക്ക് ലോകകപ്പും നേടിക്കൊടുത്തുകൊണ്ട് പടിയിറങ്ങണമെന്ന് മെസിയും, മെസിക്ക് വേണ്ടി ലോകകപ്പ് നേടണമെന്ന് മറ്റ് താരങ്ങളും കണക്കുകൂട്ടുമ്പോള്‍ ഖത്തറില്‍ അര്‍ജന്റീനയെ പേടിക്കുക തന്നെ വേണം.

Content Highlight: Argentine star Sergio Aguero warns Nicholas Otamendi says don’t hurt Lionel Messi

We use cookies to give you the best possible experience. Learn more