| Monday, 17th April 2023, 1:09 pm

അല്‍ നസറില്‍ പരിശീലിപ്പിക്കാന്‍ ക്ഷണം; നിരസിച്ച് അര്‍ജന്റൈന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ഷണമുണ്ടായിരുന്നെന്നും എന്നാല്‍ ഓഫര്‍ സ്വീകരിച്ചിട്ടില്ലെന്നും അര്‍ജന്റൈന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ മാനേജര്‍ അന്റോണിയെ മുഹമ്മദ്. നിലവില്‍ ലിഗാ എം.എക്‌സ് ക്ലബ്ബായ യുനാമിന്റെ (UNAM) കോച്ചാണ് മുഹമ്മദ്.

നാല് തവണ അല്‍ നസറുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും യുനാമുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ടി.വി അസ്‌ടെക്കയില്‍ പങ്കുവെച്ച വിവരങ്ങള്‍ ഉദ്ധരിച്ച് മുണ്ടോ ഡിപ്പോര്‍ട്ടീവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘നാല് തവണയാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അല്‍ നസര്‍ ബന്ധപ്പെട്ടത്. ഇന്നലെയും ഇക്കാര്യം പറഞ്ഞ് ക്ലബ്ബിന്റെ സി.ഇ.ഒ എന്നെ ബന്ധപ്പെട്ടിരുന്നു. റൂഡി ഗാര്‍ഷ്യയുടെ പുറത്താകലിന് ശേഷമാണ് ക്ലബ്ബ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയതെന്നും എന്നെ സൈന്‍ ചെയ്യിക്കാന്‍ അവര്‍ വളരെയധികം താത്പര്യപ്പെടുന്നുണ്ടെന്നും അറിയിച്ചു. ഉയര്‍ന്ന വേതനം വാഗ്ദാനെ ചെയ്യുകയുമുണ്ടായി.

എനിക്ക് യുനാമുമായി കമ്മിറ്റ്‌മെന്റ് ഉണ്ടെന്നും അത് വിശ്വാസ്യതയുടെ കാര്യമാണെന്നും ഞാനവരോട് പറയുകയായിരുന്നു. മറ്റൊരു ടീമിലേക്ക് പോകാന്‍ വേണ്ടി ഞാനൊരിക്കലും ഒരു ടീം ഉപേക്ഷിക്കില്ല,’ മുഹമ്മദ് പറഞ്ഞു.

അതേസമയം, റൊണാള്‍ഡോ ഗാര്‍ഷ്യയുടെ പരിശീലനത്തില്‍ സംതൃപ്തനല്ലെന്ന കാരണത്താലാണ് അല്‍ നസര്‍ അദ്ദേഹത്തെ പുറത്താക്കിയത്. സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം അല്‍ ഫെയ്ഹക്കെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് സംഭവം. മത്സരത്തില്‍ സമനില വഴങ്ങിയതിനെ തുടര്‍ന്ന് ഗാര്‍ഷ്യ താരങ്ങളോട് അതിരുവിട്ട് സംസാരിച്ചിരുന്നെന്നും അത് റോണോയെ ചൊടിപ്പിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗാര്‍ഷ്യയുടെ പരിശീലനത്തില്‍ റൊണാള്‍ഡോ അതൃപ്തി അറിയിച്ചതിന് പിന്നാലെ കോച്ചിനെ പുറത്താക്കാന്‍ അല്‍ നസര്‍ തീരുമാനിക്കുകയായിരുന്നു. സ്പാനിഷ് സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അല്‍ ഫെയ്ഹക്കെതിരായ സമനിലക്ക് പിന്നാലെ അല്‍ നസറിന്റെ പ്രകടനത്തില്‍ അതൃപ്തിയറിയിച്ച് ഗാര്‍ഷ്യ രംഗത്തെത്തിയിരുന്നു. മത്സരഫലം തീര്‍ത്തും മോശമായിരുന്നെന്നും താരങ്ങളുടെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ മത്സരത്തിലേത് പോലെ കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവരത് ചെയ്തില്ലെന്നും ഗാര്‍ഷ്യ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷമാണ് ഗാര്‍ഷ്യ അല്‍ നസറിന്റെ പരിശീലകനായി ചുമതലയേറ്റത്. നേരത്തെ, ഫ്രഞ്ച് ക്ലബുകളായ ലിയോണ്‍, മാഴ്‌സെ തുങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുള്ളയാളാണ് ഗാര്‍ഷ്യ.

പോയിന്റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഒന്നാമതുള്ള അല്‍ ഇതിഹാദിനെക്കാള്‍ മൂന്ന് പോയിന്റ് കുറവാണ് അല്‍ നസറിനുള്ളത്. 23 മത്സരത്തില്‍ നിന്നും 16 ജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമായി 53 പോയിന്റാണ് അല്‍ നസറിനുള്ളത്.

Content  Highlights: Argentine professional football coach Antonio Mohamed refused the offer from Al Nassr

We use cookies to give you the best possible experience. Learn more