| Wednesday, 12th October 2022, 7:09 pm

ഖത്തറിലേക്ക് ഒരു വാട്ടർബോയ് ആയിട്ടാണെങ്കിലും പോകും, ആ​ഗ്രഹം മെസിക്കൊപ്പം ലോകകപ്പ് കളിക്കാൻ; മനസ് തുറന്ന് സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോൾ ലോകത്തിനകത്തും പുറത്തും ധാരാളം ആളുകൾ അഡ്മയർ ചെയ്യുന്ന വ്യക്തിയാണ് ലയണൽ മെസി. കളിയിലുള്ള മികവ് മാത്രമല്ല ആരെയും ഹഠാതാകർഷിക്കുന്ന സ്വഭാവ സവിശേഷത കൂടിയുണ്ട് താരത്തിന്.

ഇപ്പോഴിതാ മെസിക്കൊപ്പം ലോകകപ്പ് കളിക്കണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചെത്തിയിരിക്കുകയാണ് അർജന്റീനയുടെ തന്നെ താരമായ ഏഞ്ചൽ കൊറിയ. 2022 ലെ ഖത്തർ ലോകകപ്പിൽ ലയണൽ മെസിക്കൊപ്പം കളിക്കണമെന്നാണ് നിലവിൽ അത്റ്റികോ മാഡ്രിഡ് താരമായ കൊറിയ പറഞ്ഞത്.

“മെസി എനിക്കേറ്റവും പ്രിയപ്പെട്ട താരമാണ്. അദ്ദേഹം ദേശീയ ടീമിന് വേണ്ടി മത്സരിക്കുമ്പോഴെല്ലാം ആസ്വദിച്ചാണ് കളിക്കാറ്. അത് ഞങ്ങൾക്ക് വളരെ സന്തോഷം തരുന്ന കാര്യമാണ്.

മെസി ഞങ്ങൾക്ക് ​ഗെയ്മിന് വേണ്ട എല്ലാ പരിശീലനവും നൽകാൻ സഹായിക്കാറുണ്ട്. ടീമിൽ എല്ലാവരും വളരെയധികം യോജിപ്പോടെയും ഒത്തൊരുമയോടെയുമാണ് കളിക്കാറ്. ഒന്നോ രണ്ടോ വ്യക്തികളെ മാത്രം ആശ്രയിക്കാതെ ടീം എന്ന നിലയിൽ അർജന്റീന വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്, കൊറിയ പറഞ്ഞു.

ദേശീയ ടീമിന്റെ ജേഴ്സി ധരിക്കുന്നതാണ് ഏറ്റവും മനോഹരമായ കാര്യമെന്നും അതിന് വേണ്ടി താൻ നന്നായി പ്രയത്നിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

“അർജന്റീന ടീമിൽ ഞങ്ങളെല്ലാവരും സഹോദരന്മാരെ പോലെയാണ്. ഞങ്ങളുടെ പ്രകടനം മികച്ചതാവാൻ കാരണം ഞങ്ങളുടെ ഒത്തൊരുമയും ഐക്യവുമാണ്. അതാണ് അർജന്റീനയുടെ രഹസ്യം. ഇവിടെ ആരും ആരെക്കാളും കുറഞ്ഞവരല്ല,“ കൊറിയ പറഞ്ഞു.

തന്റെ വലിയ സ്വപ്നം ലോകകപ്പ് കളിക്കുക എന്നതാണെന്നും കഴിഞ്ഞ തവണ പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ ഉണ്ടായിരിക്കുക എന്നത് എല്ലാ കളിക്കാരുടെയും സ്വപ്നമാണെന്നും ഖത്തറിലേക്ക് ഒരു വാട്ടർ ബോയ് ആയിട്ടാണെങ്കിലും താൻ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് കൊറിയ. ശനിയാഴ്ച നടന്ന തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ താരം നിലവിലെ അര്ജന്റീന ടീമിന്റെ ഭാഗം കൂടിയായാണ്. കോപ്പ അമേരിക്കയും ഫൈനൽസീമയും നേടിയ ടീമിൽ അംഗമായിരുന്നു 27കാരൻ.

Content Highlights: Argentine player praises Lionel Messi

We use cookies to give you the best possible experience. Learn more