| Monday, 3rd April 2023, 2:39 pm

'ഫുട്‌ബോള്‍ എന്നാല്‍ ടീം സ്‌പോര്‍ട്ടാണ്, അല്ലാതെ ഒരാള്‍ ഒറ്റക്ക് കളിക്കുന്നതല്ല'; പി.എസ്.ജിക്കെതിരെ എതിര്‍ ടീം താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം പി.എസ്.ജി ലിയോണുമായി ഏറ്റുമുട്ടിയിരുന്നു. പാര്‍ക് ഡെസ് പ്രിന്‍സെസില്‍ വെച്ച് നടന്ന മത്സരത്തിന് മുന്നോടിയായി പി.എസ്.ജി ആരാധകരില്‍ നിന്ന് ലയണല്‍ മെസിക്ക് കൂവലേല്‍ക്കേണ്ടി വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച മെസി മത്സരത്തിന് ശേഷം ആരാധകരെ ഗ്രീറ്റ് ചെയ്യാതെയാണ് കളം വിട്ടത്.

പി.എസ്.ജി ആരാധകരുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലിയോണിന്റെ അര്‍ജന്റൈന്‍ താരം നിക്കോളാസ്.

ലിയോണിനായി മികച്ച പ്രകടനം കാഴ്ചവെച്ച നിക്കോളാസ്, മെസിക്ക് നേരെ കൂകിവിളച്ചവര്‍ക്ക് രൂക്ഷമായ മറുപടി നല്‍കി. ഫുട്‌ബോള്‍ ഒറ്റക്ക് കളിക്കുന്ന മത്സരമല്ലെന്നും അത് ടീമായി കളിക്കുന്ന സ്‌പോര്‍ട്ടാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിഷയത്തില്‍ പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. മെസിക്കെതിരെയുള്ള കൂകിവിളികള്‍ കടുത്തുപോയെന്നും പി.എസ്.ജിക്കായി ഒരുപാട് നേട്ടമുണ്ടാക്കിയിട്ടുള്ള താരമാണ് മെസിയെന്നും അദ്ദേഹം പറഞ്ഞു. സീസണിന്റെ തുടക്കത്തില്‍ മെസി കൂടുതല്‍ ഗോളുകളും അസിസ്റ്റും നേടിയിരുന്നെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു.

അതേസമയം, ഫ്രഞ്ച് ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. ഒളിമ്പിക് ലിയോണ്‍ ആണ് ഏകപക്ഷീയമായ ഒരു ഗോളിന് പി.എസ്.ജിയെ തോല്‍പ്പിച്ചത്.

മത്സരത്തിന്റെ 58ാം മിനിട്ടില്‍ ബ്രാഡ്‌ലി ബാര്‍ക്കോളയുടെ ഗോളിലൂടെയാണ് ലിയോണ്‍ ജയം നേടിയത്. ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും മത്സരത്തിനുണ്ടായിട്ടും പി.എസ്.ജിക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്നത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.

മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി.

രണ്ടാം സ്ഥാനക്കാരായ ലെന്‍സിനേക്കാള്‍ ആറ് പോയിന്റിന്റെ ലീഡാണ് പി.എസ്.ജിക്കുള്ളത്. ഏപ്രില്‍ ഒമ്പതിന് നൈസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Argentine player criticizes PSG fan’s woes

Latest Stories

We use cookies to give you the best possible experience. Learn more