ഇരുവരും സമാധാന പ്രിയരാണെന്നും ഇവര്‍ രണ്ടുപേരുമാണ് ടീം അര്‍ജന്റീനയുടെ സമ്മര്‍ദം മുഴുവന്‍ വഹിച്ച് ടീമില്‍ സന്തോഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
‘അവര്‍ക്കറിയാം ടീമില്‍ സമാധാനം കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന്. ഇരുവരും തികഞ്ഞ മത്സരാര്‍ഥികളുമാണ്. അര്‍ജന്റീനയുടെ സമ്മര്‍ദം വഹിക്കുകയും ടീമില്‍ സന്തോഷം കൊണ്ടു വരികയും ചെയ്യുന്നതില്‍ വലിയ പങ്കാണ് ഇരുവരും വഹിക്കുന്നത്. കൊവിഡ് പാന്‍ഡമിക്കില്‍ 53 ദിവസത്തോളം ടീം അംഗങ്ങള്‍ കുടുംബത്തെ കാണാതെ അടച്ചു പൂട്ടിയിരിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.
അന്ന് മനസിലാക്കിയതാണ് ഇക്കാര്യങ്ങള്‍. പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിന് ഊര്‍ജം നല്‍കി മുന്നോട്ട് കൊണ്ടുപോവുക അത്ര എളുപ്പം കാര്യമല്ല. പരസ്പര സഹകരണമുണ്ടായാല്‍ ഏത് പ്രശ്നവും എളുപ്പം മറികടക്കാനാവുമെന്ന് അവര്‍ കാട്ടിത്തന്നു,’ മാര്‍ട്ടിന്‍ പറഞ്ഞു.
അതേസമയം, ഏഷ്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന തിങ്കഴാഴ്ച ഇന്തോനേഷ്യയെ നേരിടാന്‍ ഒരുങ്ങുകയാണ്. ബെയ്ജിങ്ങില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. മത്സരത്തിന് ശേഷം ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, ഒട്ടാമെന്‍ഡി എന്നിവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.
നായകന്‍ മെസി ഇല്ലാതെയാണ് ടീം അര്‍ജന്റീന ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയെ നേരിടാനിറങ്ങുക. ഓസ്ട്രേലിയക്കെതിരായി നടന്ന മത്സരത്തിന്റെ 80ാം സെക്കന്‍ഡില്‍ ബോക്‌സിന് പുറത്ത് നിന്ന് ഇതിഹാസ താരം ലയണല്‍ മെസിയാണ് അര്‍ജന്റൈനയുടെ ആദ്യ ഗോള്‍ നേടിയത്. 68ാം മിനുട്ടില്‍ ജര്‍മ്മന്‍ പെസെല്ലെയുടെ ഗോളിലൂടെ അര്‍ജന്റീന വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
ഈ വിജയത്തിലൂടെ ഖത്തര്‍ ലോകകപ്പ് ജയത്തിന് ശേഷവും തങ്ങള്‍ ജൈത്ര യാത്ര തുടരുകയാണെന്ന് അടിവരയിടുകയാണ് മെസിയും സംഘവും. ടീം വിജയത്തെ കൂടാതെ 35ാം വയസില്‍ ലയണല്‍ മെസി അര്‍ജന്റീനക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.