ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇതിഹാസ താരം ലയണൽ മെസിയും ടീം അർജന്റീനയും. 2014ൽ മാരക്കാനയിൽ ഒരു കയ്യകലത്തിലാണ് അർജന്റീനക്ക് ലോകകപ്പ് നഷ്ടമായത്.
എന്നാൽ ഇത്തവണ ഒന്നുകൂടി ശക്തമാക്കിയ ടീമും അതിനെക്കാൾ കരുത്തേറിയ പ്രതീക്ഷയുമായാണ് മെസിയും കൂട്ടരും അങ്കത്തിനെത്തുന്നത്.
അർജന്റൈൻ സൂപ്പർതാരങ്ങളായ ലയണൽ മെസിയെയും പൗലോ ഡിബാലയെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അർജന്റീനയുടെ ഫിസിക്കൽ ട്രെയ്‌നറായ ലൂയിസ് മാർട്ടിൻ.
ഇരുവരും സമാധാന പ്രിയരാണെന്നും ഇവർ രണ്ടുപേരുമാണ് അർജന്റീനയുടെ സമ്മർദം മുഴുവൻ വഹിച്ച് ടീമിൽ സന്തോഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
‘അവർക്കറിയാം ടീമിൽ സമാധാനം കൊണ്ടുവരാൻ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന്. ഇരുവരും തികഞ്ഞ മത്സരാർഥികളുമാണ്.
അർജന്റീനയുടെ സമ്മർദം വഹിക്കുകയും ടീമിൽ സന്തോഷം കൊണ്ടു വരികയും ചെയ്യുന്നതിൽ വലിയ പങ്കാണ് ഇരുവരും വഹിക്കുന്നത് കൊവിഡ് പാൻഡമിക്കിൽ 53 ദിവസത്തോളം ടീം അംഗങ്ങൾ കുടുംബത്തെ കാണാതെ അടച്ചു പൂട്ടിയിരിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.
അന്ന് മനസിലാക്കിയതാണ് ഇക്കാര്യങ്ങൾ. പ്രതസന്ധിഘട്ടങ്ങളിൽ ടീമിന് ഊർജം നൽകി മുന്നോട്ട് കൊണ്ടുപോവുക അത്ര എളുപ്പം കാര്യമല്ല.
Argentina national team physical trainer speaks about Lionel Messi, Paulo Dybala. https://t.co/fEWvL0Mbl6
പരസ്പര സഹകരണമുണ്ടായാൽ ഏത് പ്രശ്‌നവും എളുപ്പം മറികടക്കാനാവുമെന്ന് അവർ കാട്ടിത്തന്നു,’ മാർട്ടിൻ പറഞ്ഞു.
അതേസമയം ഖത്തറിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ് ടൂർണമെന്റോട് കൂടി ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് മെസി ആദ്യം സൂചിപ്പിച്ചിരുന്നത്.
എന്നാൽ ഫിഫ ലോകകപ്പിന് ശേഷവും മെസി അർജന്റീന ടീമിൽ തുടരുമെന്ന സൂചനയാണ് പിന്നീട് ലഭിച്ചത്.
തനിക്ക് 35 വയസായെങ്കിലും ആരോഗ്യവും ഫുട്‌ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശവും കെടാതെ കൂടെയുണ്ടെന്നാണ് മെസി പറഞ്ഞത്.
എന്നാൽ അന്തിമ തീരുമാനം ഖത്തറിലെ ലോകകപ്പിനെ ആശ്രയിച്ചിരിക്കുമെന്നും അതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നും താരം പിന്നീട പറയുകയുണ്ടായി.