അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ദേശീയ ടീമില്‍ തന്റെ സഹതാരങ്ങളോട് എങ്ങനെയാണ് പെരുമാറുന്നതെന്നും താരങ്ങള്‍ക്ക് മെസിയെ എത്രമാത്രം ഇഷ്ടമാണെന്നതിനെ കുറിച്ചുമൊക്കെ കോച്ച് ലയണല്‍ സ്‌കലോണിയടക്കം പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ടീം അംഗങ്ങളുടെ ഒത്തിണക്കത്തിന്റെയും പരസ്പര സഹകരണത്തിന്റെയും കൂടി ഫലമാണ് ഖത്തറില്‍ വിശ്വകിരീടമുയര്‍ത്താന്‍ അര്‍ജന്റീനയെ സഹായിച്ചതെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
മെസിയെയും പൗലോ ഡിബാലയെയും പ്രശംസിച്ച് അര്‍ജന്റീനയുടെ ഫിസിക്കല്‍ ട്രെയ്നറായ ലൂയിസ് മാര്‍ട്ടിന്‍ പറഞ്ഞ വാചകങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മെസിയും ഡിബാലയും ടീമിലെ സമാധാന പ്രിയരായ രണ്ട് താരങ്ങളാണെന്നും ഇവര്‍ രണ്ടുപേരുമാണ് അര്‍ജന്റീനയുടെ സമ്മര്‍ദം മുഴുവന്‍ വഹിച്ച് ടീമില്‍ സന്തോഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ലോകത്താകമാനം കൊവിഡ് ബാധിച്ചപ്പോള്‍ അര്‍ജന്റൈന്‍ ടീമിലുണ്ടായിരുന്ന ഒരനുഭവം ഓര്‍ത്തെടുത്ത് സംസാരിക്കുകയായിരുന്നു മാര്‍ട്ടിന്‍.
‘അവര്‍ക്കറിയാം ടീമില്‍ സമാധാനം കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യണമെന്നത്. ഇരുവരും മികച്ച മത്സരാര്‍ഥികളുമാണ്. അര്‍ജന്റീനയുടെ സമ്മര്‍ദം വഹിക്കുകയും ടീമില്‍ സന്തോഷം കൊണ്ടു വരികയും ചെയ്യുന്നതില്‍ വലിയ പങ്കാണ് ഇരുവരും വഹിക്കുന്നത്. കൊവിഡ് പാന്‍ഡമിക്കില്‍ 53 ദിവസത്തോളം ടീം അംഗങ്ങള്‍ കുടുംബത്തെ കാണാതെ അടച്ചു പൂട്ടിയിരിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.
അന്ന് മനസിലാക്കിയതാണ് ഇക്കാര്യങ്ങള്‍. പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിന് ഊര്‍ജം നല്‍കി മുന്നോട്ട് കൊണ്ടുപോവുക അത്ര എളുപ്പം കാര്യമല്ല. പരസ്പര സഹകരണമുണ്ടായാല്‍ ഏത് പ്രശ്നവും എളുപ്പം മറികടക്കാനാവുമെന്ന് അവര്‍ കാട്ടിത്തന്നു,’ മാര്‍ട്ടിന്‍ പറഞ്ഞു.
ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ഉജ്ജ്വല വിജയത്തിന് ശേഷം സൂപ്പര്‍താരം ലയണല്‍ മെസിയെ ദൈവതുല്യനായാണ് അര്‍ജന്റൈന്‍ ആരാധകര്‍ കാണുന്നത്.
ടീം അര്‍ജന്റീനയെ ലോകചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മെസിയെ പ്രശംസിച്ച് കോച്ച് ലയണല്‍ സ്‌കലോണി പലപ്പോഴും രംഗത്തെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ മെസിയുടെ നേതൃത്വം ടീമിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് സ്‌കലോണി വിശദീകരിച്ചിരുന്നു.
കളിയില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ടീം മേറ്റ്സിനോട് പ്രതിബദ്ധതയുള്ളയാളാണ് മെസിയെന്നുമാണ് സ്‌കലോണി മെസിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.