സൂപ്പര്‍താരത്തിന് ലോകകപ്പ് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്; അര്‍ജന്റീനക്ക് കനത്ത തിരിച്ചടി
Football
സൂപ്പര്‍താരത്തിന് ലോകകപ്പ് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്; അര്‍ജന്റീനക്ക് കനത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd November 2022, 9:58 am

ഖത്തര്‍ ലോകകപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ അവസാനഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. മാരക്കാനയില്‍ അവസാന നിമിഷം കൈവിട്ട് പോയ ലോകകപ്പ് ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായാണ് ഇത്തവണ മെസിയും സംഘവും ഖത്തറിലെത്തുക.

കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും നേടിയ അര്‍ജന്റീന 35 മത്സരങ്ങളുടെ അപരാജിത നേട്ടവും അക്കൗണ്ടിലിട്ടാണ് രാജ്യാന്തര പോരാട്ടത്തിനെത്തുന്നത്.

എന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ആശങ്കയിലാഴ്ത്തുന്നത്.

ഈ സീസണിലെ ലീഗ് മത്സരങ്ങളില്‍ അര്‍ജന്റീനയുടെ മുന്‍നിര താരങ്ങളായ ഏഞ്ചല്‍ ഡി മരിയ, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരേഡസ്, നിക്കോളാസ് ഗോണ്‍സാലസ് എന്നിവരും ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ടിനെസും പരിക്കുകളുടെ പിടിയിലായിരുന്നു.

ലോകകപ്പിന് മുമ്പുതന്നെ താരങ്ങള്‍ പരിക്കില്‍ നിന്ന് മുക്തരായി തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

 

എന്നാലിപ്പോള്‍ അര്‍ജന്റൈന്‍ ദേശീയ ടീമിലെ മധ്യനിര താരമായ ജിയോവാനി ലോ സെല്‍സോക്ക് ടൂര്‍ണമെന്റ് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്.

കഴിഞ്ഞ ദിവസം അത്‌ലെറ്റികോ ബില്‍ബാവോയുമായി നടന്ന സ്പാനിഷ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ താരം ലോകകപ്പിന് മുമ്പ് തിരിച്ചെത്തുമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അതിന് സാധ്യതയില്ലെന്നാണ് അര്‍ജന്റൈന്‍ മാധ്യമം ടൈക് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടര്‍ ഗാസ്റ്റാന്‍ എഡുല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കാലിന്റെ മസിലിനു പരിക്കേറ്റ ലൊ സെല്‍സോക്ക് ശസ്ത്രക്രിയ വേണ്ടി വരാന്‍ സാധ്യതയുണ്ട്. ഏതാനും പരിശോധനകള്‍ കൂടി നടത്തിയാലേ ഇക്കാര്യം ഉറപ്പിക്കാന്‍ കഴിയൂ.

ശസ്ത്രക്രിയ വേണ്ടി വന്നാല്‍ താരത്തിന് എട്ടാഴ്ചയോളം വിശ്രമം വേണ്ടി വരും. ഇതോടെ ലോകകപ്പിനുള്ള ടീമില്‍ നിന്നും മുന്‍ ടോട്ടന്‍ഹാം ഹോസ്പര്‍ താരം പുറത്താവുമെന്നുറപ്പിക്കാം.

ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലോ സെല്‍സോ പരിക്കേറ്റ് പുറത്തു പോകുന്നത് അര്‍ജന്റീന ടീമിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്.

ലയണല്‍ സ്‌കലോണി ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ടീമിന്റെ മധ്യനിരയിലെ പ്രധാന താരമാണ് ജിയോണി ലോ സെല്‍സോ.

കോപ്പ അമേരിക്ക കിരീടമടക്കം നേടിയ താരത്തെ നഷ്ടമായാല്‍ അത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെങ്കിലും പകരക്കാരനാവാന്‍ കഴിയുന്ന കളിക്കാര്‍ അര്‍ജന്റീന ടീമിലുണ്ടെന്നത് ആശ്വാസമാണ്.

2014ല്‍ മാരക്കാനയില്‍ ഒരു കയ്യകലത്തിലാണ് അര്‍ജന്റീനക്ക് ലോകകപ്പ് നഷ്ടമായത്. ഇത്തവണ ഒന്നുകൂടി ശക്തമാക്കിയ ടീമുമായി അങ്കത്തിനെത്തണമെന്ന അര്‍ജന്റീനയുടെ പ്രതീക്ഷക്കെതിരെയാണ് പരിക്കുകള്‍ വില്ലനായെത്തിയത്.

അതേസമയം ഖത്തറിലേത് അവസാന ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ലോകകപ്പിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

നിലവില്‍ പാരിസ് സെന്റ് ഷെര്‍മാങ്ങിന് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

Content Highlights: Argentine midfielder Giovani Lo Celso cannot play World Cup, claims medical report