| Friday, 19th January 2024, 3:35 pm

അർജന്റീനൻ പ്രസിഡന്റ്‌ പിന്തുടരുന്നത് നാസി ആശയങ്ങൾ: വെനസ്വേല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരാക്കസ്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട അർജന്റീനൻ പ്രസിഡന്റ്‌ ജാവിയർ മിലെ നാസി പ്രത്യയശാസ്ത്രങ്ങളാണ് പിന്തുടരുന്നതെന്ന ആരോപണവുമായി വെനസ്വേലൻ പ്രസിഡന്റ്‌ നിക്കോളാസ് മഡുറോ.

സോഷ്യലിസം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിച്ചെന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലെ ജാവിയർ മിലെയുടെ പ്രസ്താവനകൾക്ക് പിന്നാലെയാണ് മഡുറോയുടെ പരാമർശം.

മിലെയുടെ പ്രഭാഷണം മണ്ടത്തരമാണെന്നും നാസി, മക്കാർത്തി ആശയങ്ങളെ ഒരു നാണവുമില്ലാതെ പ്രകടിപ്പിക്കുകയാണെന്നും മഡുറോ കുറ്റപ്പെടുത്തി.

ശീത യുദ്ധ കാലത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധ യു.എസ് എം.പിയെ കുറിച്ചായിരുന്നു മഡുറോയുടെ പരാമർശം.

‘നിങ്ങൾ പറഞ്ഞത് തെറ്റാണ് മിലെ. അവർ നിങ്ങളെ അർജന്റീനയിലേക്ക് നിയോഗിച്ചത് നിയമവാഴ്ച്ച ഇല്ലാതാക്കാനാണ്. മുഴുവൻ സാമൂഹ്യ, തൊഴിൽ അവകാശങ്ങൾ എടുത്തുകളയാനാണ്. ദേശീയ സമ്പദ്ഘടന ഇല്ലാതാക്കാനും അർജന്റീനയെ കോളനിവത്കരിക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. എന്നിട്ട് നോർത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന് മുന്നിൽ മുട്ടുമടക്കാനും,’ മഡുറോ പറഞ്ഞു.

സർവ്വ സമത്വത്തിന് മുൻതൂക്കം നൽകുന്നതിനാൽ പാശ്ചാത്യ ലോകം അപകടത്തിലാണെന്നും സോഷ്യലിസ്റ്റ് നയങ്ങളുടെ അനന്തരഫലങ്ങൾ സാരമായി അനുഭവിച്ച ജനതയാണ് അർജന്റീനയെന്നും മിലെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ 40 ശതമാനം പൗരന്മാരും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും പണപ്പെരുപ്പം പ്രതിവർഷം 200 ശതമാനം കവിയുന്നു എന്നും മിലെ പറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെയും ചെലവുചുരുക്കൽ നടപടികളിലൂടെയും സമൃദ്ധി പുനഃസ്ഥാപിക്കുമെന്നും തീവ്രവലതുപക്ഷ നിലപാടുകാരനായ മിലെ അഭിപ്രായപ്പെട്ടു.

Content Highlight: Argentine leader follows ‘Nazi ideology’ – Maduro

We use cookies to give you the best possible experience. Learn more