അര്‍ജന്റൈന്‍ ആരാധകരെ തല്ലി, ബ്രസീലിയന്‍ പൊലീസിനെ കൈവെച്ച് മാര്‍ട്ടീനസ്; വീഡിയോ
Sports News
അര്‍ജന്റൈന്‍ ആരാധകരെ തല്ലി, ബ്രസീലിയന്‍ പൊലീസിനെ കൈവെച്ച് മാര്‍ട്ടീനസ്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd November 2023, 10:42 am

ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ബ്രസീല്‍ പൊലീസ് അര്‍ജന്റൈന്‍ ആരാധകരെ ആക്രമിച്ചതിന് പിന്നാലെ മാരക്കാനയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. തങ്ങളുടെ ആരാധകരെ ആക്രമിച്ചതിന് പിന്നാലെ മെസിയും സംഘവും ഗ്രൗണ്ടില്‍ നിന്നിറങ്ങുകയും ലോക്കര്‍ റൂമിലേക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മത്സരം അരമണിക്കൂറോളം വൈകിയിരുന്നു.

ഇരു ടീമിന്റെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. മത്സരത്തിന് മുമ്പ് ദേശീയഗാനം പാടുന്നതിനിടെ ഇത് മൂര്‍ച്ചിക്കുകയും ബ്രസീല്‍ പൊലീസ് അര്‍ജന്റൈന്‍ ആരാധകരെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തങ്ങളുടെ ആരാധകരെ കൈവെക്കുന്നത് കണ്ടതോടെ മെസിയും സംഘവും അവര്‍ക്കരികിലേക്ക് ചെന്നു. ഇതിനിടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസ് പൊലീസില്‍ നിന്നും ആരാധകരെ സംരക്ഷിക്കുന്നതിനായി ശ്രമിക്കുകയും ബാരിക്കേഡിനപ്പുറത്തുള്ള പൊലീസിനെ പിടിച്ചുതള്ളുകയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ മാര്‍ട്ടീനസിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കവെ ആരാധകര്‍ക്കായി താരം അവരോട് കയര്‍ക്കുകയും ചെയ്തിരുന്നു.

കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് കടക്കുകയാണെന്ന് മനസിലായതോടെ അര്‍ജന്റൈന്‍ ടീമിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി അവര്‍ ലോക്കര്‍ റൂമിലേക്ക് മടങ്ങുകയായിരുന്നു.

സംഭവങ്ങള്‍ കെട്ടടങ്ങിയതോടെ 22 മിനിട്ടിന് ശേഷം മെസിയും സംഘവും ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.

അതേസമയം, മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു. നിക്കോളാസ് ഒട്ടമെന്‍ഡിയുടെ ഗോളിലാണ് അര്‍ജന്റീന വിജയിച്ചത്.

ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് പിന്നാലെ 63ാം മിനിട്ടിലാണ് ഒട്ടമെന്‍ഡി ഗോള്‍ നേടിയത്. ഒടുവില്‍ ഫൈനലില്‍ വിസില്‍ മുഴങ്ങും വരെ ലീഡ് നിലനിര്‍ത്താനായതോടെ ആല്‍ബിസെലസ്റ്റ്‌സ് വിജയിച്ചുകയറി.

ഇതിന് പുറമെ ജോ ലിന്റന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതും ബ്രസീലിന് തിരിച്ചടിയായി.

കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വേയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട അര്‍ജന്റീന വീണ്ടും വിജയവഴിയില്‍ എത്തിയിരിക്കുകയാണ്. 6 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി അര്‍ജന്റീന ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഈ തോല്‍വിക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍. ആറ് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്റാണ് ബ്രസീലിനുള്ളത്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കോപ്പ അമേരിക്കയ്ക്ക് ശേഷം അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് ഇനി പുനരാരംഭിക്കുക.

 

Content highlight: Argentine Goalkeeper Emiliano Martinez attempts to fight off Brazilian police after they attack Argentina fans