അര്‍ജന്റീനിയന്‍ ആരാധകരെ സംബന്ധിച്ച് വിഷമകരമായിരുന്നു കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍ ബ്രസീലിനോട് ഏറ്റ പരാജയം. റഫറിയാണ് തോല്‍പ്പിച്ചതെന്നാണ് ആരാധകരുടെയും ടീമിന്റെയും ആരോപണം. ആരോപണം ഉന്നയിച്ച് പിന്നോട്ട് പോവാനല്ല അര്‍ജന്റീനയുടെ തീരുമാനം. മുന്നോട്ട് പോവാന്‍ തന്നെയാണ്.
റഫറിക്കെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കോപ്പ അമേരിക്ക സംഘാടകര്‍ക്ക് പരാതി നല്‍കി. ടീം പരാജയപ്പെടാന്‍ കാരണം റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. രണ്ട് തവണ പെനാല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകള്‍ സംഭവിച്ചിട്ടും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വാര്‍ റഫറി പെനാല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും റഫറി സമ്മതിച്ചില്ല. അതിനാല്‍ വാര്‍ റഫറി നല്‍കിയ നിര്‍ദേശങ്ങളുടെ ഓഡിയോ പരിശോധിക്കണമെന്നാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആവശ്യം.
ബ്രസീലിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യൂറോയും റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. പെറുവിനെയാണ് ഫൈനലില്‍ ബ്രസീല്‍ നേരിടുന്നത്.