| Monday, 26th December 2022, 10:20 pm

ബ്രസീലിനെ പരിശീലിപ്പിക്കാന്‍ അര്‍ജന്റൈന്‍ കോച്ച്?

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്രസീല്‍ ദേശീയ ടീം. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോടു തോല്‍വി വഴങ്ങി ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോയതിനു പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.

നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടില്ല. മൗറിഞ്ഞോസിന്റെയും സിനഡിന്‍ സിദാന്റെയും പേരുകള്‍ പട്ടികയിലുണ്ടായിരുന്നു.

ഇപ്പോള്‍ മുന്‍ റിവര്‍പ്ലേറ്റ് പരിശീലകനായ മാഴ്സലോ ഗല്ലാര്‍ഡോയോയുടെ പേരാണ് ബ്രസീല്‍ പരിശീലക സ്ഥാനത്തേക്ക് കേള്‍ക്കുന്നത്. ഇതിന് പുറമെ അര്‍ജന്റീന പരിശീലകന്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍, പി.എസ്.ജി എന്നീ ക്ലബുകളുടെ മാനേജരായിരുന്ന മൗറീസിയോ പോച്ചട്ടിനോയും പരിഗനണയിലുണ്ട്. ഫ്രഞ്ച് മാധ്യമം എല്‍ എക്വിപ്പെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനഡിന്‍ സിദാനെയാണ് ബ്രസീല്‍ പ്രധാനമായും പരിഗണിക്കുന്നത്. ഇതിന് പുറമെ മുന്‍ ചെല്‍സി പരിശീലകനായ തോമസ് ടുഷെല്‍, ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ എത്തിച്ചിട്ടുള്ള റാഫേല്‍ ബെനിറ്റസ് എന്നിവരും ബ്രസീലിന്റെ ലിസ്റ്റിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിട്ടില്ല.

അതേസമയം, ക്രൊയേഷ്യക്കെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. തോല്‍വിയെ തുടര്‍ന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു.

61കാരനായ ടിറ്റെ 2016 മുതല്‍ ബ്രസീലിന്റെ പരിശീലകനായിരുന്നു. ടിറ്റെയുടെ പരിശീലനത്തിലാണ് 2018ല്‍ കോപ്പ അമേരിക്ക കിരീടം നേടിയത്.

എന്നാല്‍ 2018, 2022 ലോകകപ്പില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായില്ല. ലോകകപ്പ് മത്സരങ്ങളിലെ ടീം സെലക്ഷനിലും ക്രൊയേഷ്യക്കെതിരായ ഷൂട്ടൗട്ടില്‍ കിക്കെടുക്കാന്‍ താരങ്ങളെ തെരഞ്ഞെടുത്തതിലും ടിറ്റെക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു.

Content Highlights: Argentine coach Marcelo Gallardo is going to sign with Brazil

We use cookies to give you the best possible experience. Learn more