പാരിസ്: ദുരന്തത്തിന്റെ വക്കില്‍ നിന്നുമായിരുന്നു ലയണല്‍ മെസിയെന്ന സൂപ്പര്‍ താരം അര്‍ജന്റീനയെ ലോകകപ്പിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. ഇക്വഡോറിനെതിരെ ഹാട്രിക് പ്രകടനത്തിലൂടെ താരം ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. ആരാധകര്‍ക്കും താരങ്ങള്‍ക്കും ഈ വിജയം എത്ര ആഘോഷിച്ചാലും മതിയാവാത്ത ഒന്നാകുന്നതും അതു കൊണ്ടാണ്. ഇതിനിടെ വിജയം ആഘോഷിക്കുന്ന മെസിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ജെഴ്‌സിയൊക്കെ ഊരി മതിമറന്നുള്ള ആവേശത്തോടെയുള്ള നല്ല ഒന്നാന്തരം നൃത്തം. ജെഴ്സിയൂരി ടീമംഗങ്ങളോടൊപ്പം മെസ്സി പാട്ടു പാടി നൃത്തം ചെയ്ത് ആഘോഷിക്കുന്നതാണ് വീഡിയോയിലുള്ളത്.
നായകന്റെ നൃത്തം വീഡിയോയില്‍ പകര്‍ത്തിയത് ടീമംഗം ഹാവിയര്‍ മഷരാനോയാണ്. ഈ വീഡിയോ മഷരാനോ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.
അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടിയില്ലായിരുന്നുവെങ്കില്‍ അത് ഭ്രാന്താകുമായിരുന്നു എന്നായിരുന്നു മത്സര ശേഷം മെസി പ്രതികരിച്ചത്.
നിര്‍ണ്ണായക മത്സരത്തില്‍ ഇക്വഡോറിനെ 3-1 ന് പരാജയപ്പെടുത്തിയാണ് മെസിയും സംഘവും റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചത്.
കിക്കോഫിന് മുമ്പു വരെ പ്ലേ ഓഫ് മാത്രമായിരുന്നു അര്‍ജന്റീനയ്ക്കു മുന്നിലുണ്ടായിരുന്നത്. അവിടെ നിന്നും തകര്‍പ്പന്‍ വിജയത്തിലൂടെ യോഗ്യത ടീം നേടിയെടുക്കുകയായിരുന്നു. 38 സെക്കന്റില്‍ തന്നെ ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷമായിരുന്ന ലാറ്റിനമേരിക്കന്‍ കരുത്തരുടെ തിരിച്ചു വരവ്.
“ഭയത്തോടു തന്നെയായിരുന്നു ഇങ്ങോട്ടു കളിക്കാന്‍ വന്നത്. ഭാഗ്യവശാല്‍ ഞങ്ങള്‍ നന്നായി കളിച്ചു.” മെസി പറയുന്നു. ലക്ഷ്യം നേടിയെന്നും അതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറഞ്ഞ മെസി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതില്‍ ദൈവത്തിന് നന്ദി പറയുകയും ചെയ്തു.