അര്‍ജന്റൈന്‍ സെക്കന്‍ഡ് ഡിവിഷന്‍ ലീഗില്‍ റിവര്‍പ്ലേറ്റിന് ജയം. സര്‍മിയന്റോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റിവര്‍പ്ലേറ്റ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ റിവര്‍പ്ലേറ്റിനായി വിജയഗോള്‍ നേടിയ അര്‍ജന്റീനയുടെ യുവതാരം ഫ്രാങ്കോ മസ്റ്റാന്റുവാനോയാണ്.
മത്സരത്തില്‍ 87ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയാണ് താരം ലക്ഷ്യം കണ്ടത്. തന്റെ 16ാം വയസിലാണ് താരം ഇത്തരത്തില്‍ ഒരു മിന്നും ഗോള്‍ നേടിക്കൊണ്ടു ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റുന്നത്.
2019ലാണ് അര്‍ജന്റീനയുടെ ഈ 16കാരന്‍ റിവര്‍പ്ലേറ്റില്‍ എത്തുന്നത്. പിന്നീട് താരം പെട്ടെന്ന് തന്നെ റിവറിന്റെ സീനിയര്‍ ടീമില്‍ ഇടം നേടുകയായിരുന്നു. രണ്ട് വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് താരത്തെ അര്‍ജന്റൈന്‍ ടീം സ്വന്തമാക്കിയത്.
റിവര്‍പ്ലേറ്റിനായി 12 മത്സരങ്ങളിലാണ് ഫ്രാങ്കോ ബൂട്ട് കെട്ടിയത്. ഇതില്‍ രണ്ടു ഗോളുകളും ഒരു അസിസ്റ്റുകളും താരം സ്വന്തമാക്കി. ഈ വര്‍ഷം നടന്ന കോപ്പ അര്‍ജന്റീനയില്‍ എക്‌സ്‌കര്‍ഷിസ്റ്റാസിനെതിരെ ഗോള്‍ നേടിയതോടെ ഈ ലിങ്കില്‍ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും ഫ്രാങ്കോക്ക് സാധിച്ചിരുന്നു.
2022 ലാണ് ഫ്രാങ്കോ അര്‍ജന്റീനയുടെ അണ്ടര്‍ 17 ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. ഉറുഗ്വായ്‌ക്കെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു താരം ആദ്യമായി അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞത്. തൊട്ടടുത്ത വര്‍ഷം നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീന ടീമിന്റെ ഭാഗമാവാനും താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ ഫ്രാങ്കോക്ക് സാധിച്ചിരുന്നില്ല.
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഫ്രാങ്കോയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. സൗത്ത് അമേരിക്കയില്‍ കളിക്കുന്ന മികച്ച യുവ താരങ്ങളെ ടീമില്‍ എത്തിച്ചുകൊണ്ട് ലോകത്തിലെ മികച്ച താരങ്ങളാക്കി മാറ്റുന്നതില്‍ റയല്‍ നടത്തുന്ന പങ്ക് വളരെ വലുതാണ്.
ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ ഉറുഗ്വാന്‍ താരം ഫെഡറികോ വാല്‍വെര്‍ദെ തുടങ്ങിയ താരങ്ങളെയെല്ലാം മികച്ച പ്രതിഭകളാക്കി മാറ്റാന്‍ ലോസ് ബ്ലാങ്കോസിനെ സാധിച്ചിട്ടുണ്ട്.
അടുത്തിടെ ബ്രസീലിന്റെ യുവതാരമായ എന്‍ഡ്രിക്കിനെയും റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ബ്രസീലിനായി നാല് ഗോളുകളും രണ്ട് അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.
Content Highlight: Argentina Young Player Franco Mastantuono Great Goal For River plate