2022ലെ ഖത്തർ ലോകകപ്പ് എഡിഷനിലെ ഏറ്റവും മനോഹര നിമിഷമായിരുന്നു അർജന്റൈൻ ടീം ലോക കിരീടം സ്വന്തമാക്കിയത്. സമകാലിക ഫുട്ബോൾ ലോകത്തെ ഇതിഹാസം എന്ന് നിസംശയം വിളിക്കാവുന്ന ലയണൽ മെസിക്ക് തന്റെ ഫുട്ബാൾ കരിയർ സമ്പൂർണമാക്കാൻ ലോകകപ്പ് കിരീട നേട്ടത്തോടെ സാധിച്ചു.
എന്നാൽ അർജന്റീനക്ക് ലോകകപ്പ് നേടാൻ ഇടയാക്കിയത് ഒരൊറ്റ നിമിഷമാണെന്നും ആ സമയം മറികടക്കാൻ സാധിച്ചില്ലെങ്കിൽ കപ്പ് ഫ്രാൻസ് കൊണ്ട് പോയേനെയെന്നുമാണ് ഡി മരിയ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഫൈനലിൽ ഒരു ഗോൾ നേടാനും ഒരു പെനാൽട്ടി നേടിയെടുക്കാനും സാധിച്ച ഡി മരിയയുടെ മികച്ച പ്രകടനമാണ് ഫ്രാൻസിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് കരുത്തായത്.
മത്സരത്തിൽ രണ്ട് ഗോളിന് മുമ്പിൽ നിന്ന് വിജയത്തിലേക്ക് അടുത്ത് കൊണ്ടിരുന്ന അർജന്റീനയെ രണ്ട് മിനിട്ടിനിടയിൽ തുടർച്ചയായി നേടിയ രണ്ട് ഗോളിൽ എംബാപ്പെ വിറപ്പിച്ചിരുന്നു. തുടർന്ന് ആർക്കും വിജയിക്കാം എന്ന അവസ്ഥയിൽ മുന്നോട്ട് പോയ മത്സരത്തിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടീനെസ് ചെയ്ത നിർണായകമായ രക്ഷപെടുത്തലില്ലായിരുന്നുവെങ്കിൽ കപ്പ് ഫ്രാൻസ് കൊണ്ട് പോയെനെ എന്നാണ് ഡി മരിയ അഭിപ്രായപ്പെട്ടത്. ഡാസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
കൊളോ മുവാനിയുടെ ഷോട്ട് മാർട്ടീനെസ് തടഞ്ഞതിനെ സൂചിപ്പിച്ചായിരുന്നു ഡി മരിയയുടെ പരാമർശം. കൂടാതെ എമിലിയാനോ നേരിടുന്ന വിമർശനങ്ങളിൽ അദ്ദേഹത്തിന് പിന്തുണയും ഡി മരിയ പ്രഖ്യാപിച്ചു.
‘കൊളോ മുവാനിയുടെ ഷോട്ട് എമിലിയാനോ മാർട്ടീനെസ് തടഞ്ഞിട്ടതാണ് ഞങ്ങൾക്ക് ലോകകപ്പ് നേടാൻ വഴിയൊരുക്കിയത്. എന്നാൽ മത്സരശേഷം ഒരുപാട് പേർ മാർട്ടീനെസിനെ കുറ്റപ്പെടുത്തുന്നത് കണ്ടിരുന്നു. മാർട്ടിനെസ് എന്നൊരു ഗോൾ കീപ്പർ ഉണ്ടോ എന്ന് പോലും ചോദിച്ച് ചിലർ അദ്ദേഹത്തെ പരിഹസിച്ചു. എന്നാൽ ലോകകപ്പ് കഴിഞ്ഞപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഗോളിയായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു,’ ഡി മരിയ പറഞ്ഞു.
അതേസമയം ഡി മരിയയുടെ ക്ലബ്ബായ യുവന്റസ് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. സാമ്പത്തിക തിരിമറികളിൽ ഏർപ്പെട്ടതിന്റെ പേരിൽ ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ ക്ലബ്ബിന്റെ 15 പോയിന്റുകൾ വെട്ടിക്കുറച്ചിരുന്നു. ഇതോടെ സീരി എയിൽ നിലവിൽ പത്താം സ്ഥാനത്താണ് യുവന്റസിന്റെ സ്ഥാനം.
Content Highlights:Argentina won the World Cup because of that one moment; Revealed Angel Di Maria