| Monday, 15th July 2024, 10:08 am

മെസിയുടെ കണ്ണുനീരിലും അർജന്റീനക്ക് കിരീടം; തകർത്തെറിഞ്ഞത് കോപ്പയിലെ ഉറുഗ്വായുടെ ആധിപത്യം

സ്പോര്‍ട്സ് ഡെസ്‌ക്

2024 കോപ്പ അമേരിക്ക ചാമ്പ്യന്മാരായി അര്‍ജന്റീന. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം ചൂടിയത്. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമാണിത്.

കിരീടം നേടിയതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനാണ് അര്‍ജന്റീനക്ക് സാധിച്ചത്. 16 കിരീടങ്ങളാണ് അര്‍ജന്റീന കോപ്പയില്‍ നേടിയത്. 15 കിരീടങ്ങള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ടാണ് അര്‍ജന്റീന ഈ നേട്ടം സ്വന്തമാക്കിയത്.

 മത്സരത്തില്‍ സൂപ്പര്‍താരം മെസി പരിക്ക് പറ്റി പുറത്തായിരുന്നു. 65ാം മിനിട്ടില്‍ കാലിന് പരിക്കേറ്റതിന് പിന്നാലെയാണ് മെസി കളം വിട്ടത്. ആദ്യ പകുതിയില്‍ കൊളംബിയന്‍ താരം സാന്റിയാഗോ അരീസാണ് മെസിയെ ടാക്കിള്‍ ചെയ്തത്.

ഇതിന് പിന്നാലെ മെസിക്ക് പരിക്കേല്‍ക്കുകയും എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് താരം കളിക്കളത്തില്‍ തുടരുകയും ആയിരുന്നു. ഒടുവില്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ഇതോടെ അര്‍ജന്റീനന്‍ ഇതിഹാസതാരം കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന കാഴ്ചക്കായിരുന്നു മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

അതേസമയം നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലൗട്ടാറോ മാര്‍ട്ടീനസിലൂടെയായിരുന്നു അര്‍ജന്റീന വിജയഗോള്‍ നേടിയത്. കൊളംബിയന്‍ പ്രതിരോധം മറികടന്നുകൊണ്ട് പാസ് സ്വീകരിച്ച താരം കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.

ഇതോടെ ഫുട്‌ബോളില്‍ സമീപകാലങ്ങളില്‍ നാലു കിരീടങ്ങള്‍ നേടാന്‍ അര്‍ജന്റീനക്ക് സാധിച്ചു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍ സീമ എന്നീ കിരീടങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സ്‌കലോണിയുടെ കീഴില്‍ അര്‍ജന്റീന നേടിയത്.

Content Highlight: Argentina Won Copa America 2024

We use cookies to give you the best possible experience. Learn more