| Wednesday, 16th November 2022, 11:59 pm

ലോകകപ്പ് കിരീടം അർജൻീന നേടും; പ്രവചിച്ച് മുൻ ഇറ്റാലിയൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പ് ഫേവറിറ്റുകളിലൊന്നാണ് അർജന്റീന. 35 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് അർജന്റീന ഇത്തവണ ഖത്തറിലെത്തുന്നത്. ഇതിഹാസ താരം ലയണൽ മെസിയുടെ തന്ത്രങ്ങൾ തന്നെയാണ് ഇത്തവണയും ടീമിന്റെ പ്രതീക്ഷ.

നേരത്തെ നെയ്മർ, കരിം ബെൻസെമ, ലൂക്ക മോഡ്രിച്ച്, ലൂയിസ് എന്റ്വികെ എന്നിവരെല്ലാം അർജന്റീനയുടെ വിജയ സാധ്യതകൾ വിലയിരുത്തിയിരുന്നു. ഖത്തറിൽ മെസി കപ്പുയർത്താൻ സാധ്യതയുണ്ടെന്ന അഭിപ്രായക്കാരായിരുന്നു ഏറെയും.

മെസിയുടെ ഫോമും അർജന്റീനയുടെ സൂപ്പർ കോച്ച് സ്‌കലോണിയുടെ ടാക്ടിക്കുകളുമാണ് പലരും ചൂണ്ടിക്കാട്ടിയത്.

ഇപ്പോൾ മുൻ ഇറ്റാലിയൻ താരം ക്രിസ്റ്റിയാൻ പനൂച്ചിയും അർജന്റീനയുടെ കിരീട സാധ്യതകൾ ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിരിക്കുകയാണ്. ഖത്തറിൽ അർജന്റീന കിരീടം നേടുമെന്നാണ് അദ്ദേഹം പറഞ്ഞത്.

”ഖത്തർ ലോകകപ്പിൽ അർജന്റീനക്കാണ് കിരീട സാധ്യതയെന്നാണ് ഞാൻ കരുതുന്നത്. ലയണൽ മെസി അപൂർവ പ്രതിഭയാണ്. അർജന്റീനയുടെ കിരീടസാധ്യത വർധിപ്പിക്കുന്നതും ഇക്കാര്യമാണ്.

ഇറ്റലി ലോകകപ്പിന് യോഗ്യത നേടാത്തതിൽ വിഷമമുണ്ട്. എന്നാൽ ശക്തമായി തിരിച്ചെത്തും. ജർമനി, സ്‌പെയിൻ, ഫ്രാൻസ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. സമ്മർദമില്ലാതെ ആസ്വദിച്ച് കളിക്കുന്നവർ കിരീടത്തിലെത്തും,” പനൂച്ചി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അ​ദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം ബ്രസീലിനും ആരാധകപിന്തുണയുണ്ടെന്നും പനൂച്ചി കൂട്ടിച്ചേർത്തു. ബ്രസീലും ശക്തമായ പോരാളികളാണെന്നും അതോടൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം പോർച്ചുഗലിനെ വേറിട്ടതാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

37 വയസായെങ്കിലും ക്രിസ്റ്റ്യാനോയുടെ കഴിവിൽ സംശയമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ‌ഇന്ത്യൻ ഫുട്‌ബോൾ മികച്ച പാതയിലാണെന്നും ഭാവി ശോഭനമാണെന്നും പനൂച്ചി കൂട്ടിചേർത്തു.

ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ഇനി മൂന്ന് നാൾ മാത്രമാണ് ബാക്കി.

Content Highlights: Argentina wins the Qatar World Cup, says Cristian Panucci

We use cookies to give you the best possible experience. Learn more