ഐതിഹാസികം അര്‍ജന്റീന; ഈ വിജയം എംബാപെക്കുള്ള മറുപടി
Football
ഐതിഹാസികം അര്‍ജന്റീന; ഈ വിജയം എംബാപെക്കുള്ള മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd June 2022, 8:57 am

യൂറോപ്പിലെ ചാമ്പ്യന്‍മാരായ ഇറ്റലിയും സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും ഏറ്റുമുട്ടിയ ഫൈനലിസിമ്മയില്‍ ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന ജേതാക്കളായി. തുടക്കം മുതല്‍ അവസാനം വരെ കളം നിറഞ്ഞ് കളിച്ച അര്‍ജന്റീനയുടെ മുന്നില്‍ ഒരിക്കല്‍ പോലും ഇറ്റലിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു.

ഈയിടെയായിരുന്നു ഫ്രാന്‍സിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപെ ‘ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ഏറ്റുമുട്ടുമ്പോള്‍ മുട്ടടിക്കും’ എന്ന പ്രസ്താവന പറഞ്ഞത്.

എന്നാല്‍ അര്‍ജന്റൈന്‍ വിജയം അത് അങ്ങനെയല്ലെന്ന് തെളിയിച്ചുകൊടുക്കുന്നതാണ്. ലാറ്റിന്‍ ഫുട്‌ബോളിന് നിലവാരമില്ലെന്ന് കരുതുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണ് ഇന്നലെ മെസിയും കൂട്ടരും നടത്തിയ പ്രകടനം.

കോപ്പ അമേരിക്കയിലെ ചാമ്പ്യന്‍മാരായിട്ടായിരുന്നു അര്‍ജന്റീന ഫൈനലിസിമ്മയില്‍ കളിക്കാന്‍ യോഗ്യത നേടിയത്. ഇറ്റലിയാകട്ടെ യുവേഫ യൂറോ കപ്പ് വിജയിച്ചാണ് യോഗ്യത നേടിയത്. ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാമത്തെ പ്രധാന കിരീടമാണ് അര്‍ജന്റീന നേടിയത്.

ഇതോടെ ലോകകപ്പില്‍ ലാറ്റിന്‍ അമേരിക്കയുടെ കരുത്താകാന്‍ അര്‍ജന്റീന മുന്നില്‍ തന്നെ കാണുമെന്ന് വിളിച്ചോതുന്നു. യൂറോ കപ്പ് ജേതാക്കളായിരുന്നുവെങ്കിലും ഇറ്റലി ലോകകപ്പ് യോഗ്യത നേടിയിട്ടില്ലായിരുന്നു.

 

ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3 ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. മാര്‍ട്ടിനെസ്, എയ്ഞ്ചല്‍ ഡി മരിയ, ഡിബാല എന്നിവരാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്.

മെസിയുടെ മികച്ച പ്രകടനത്തിനാണ് ഇന്നലെ വെംബ്ലി സ്‌റ്റേഡിയം സാക്ഷിയായത്. രണ്ട് അസിസ്റ്റ് നേടിയ മെസി സോളൊ റണ്ണുകളും മികച്ച പാസുകളുമായും കളം നിറഞ്ഞ് കളിച്ചു. മെസി തന്നെയായിരുന്നു കളിയിലെ താരവും.

നേരത്തെ, അമേരിക്കന്‍ ഫുട്ബോള്‍ വളരെ എളുപ്പമാണെന്നും യുറോപ്യന്‍ ഫുട്ബോള്‍ മൈലുകള്‍ മുമ്പിലാണെന്നും എംബാപെ പറഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ലോകകപ്പിനായി കൂടുതല്‍ സജ്ജരാണെന്നാണ് എംബാപെയുടെ വാദം . യുവേഫ നേഷന്‍സ് ലീഗും ഭൂഖണ്ഡത്തിലുടനീളമുള്ള മറ്റ് രാജ്യങ്ങളിലെ ഫുട്ബോളിന്റെ ഉയര്‍ന്ന നിലവാരവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

2022 ഫിഫ ലോകകപ്പിനെ കുറിച്ച് ടി.എന്‍.ടി സ്‌പോര്‍ട് എന്ന ബ്രസീലിയന്‍ ചാനലിലായിരുന്നു എംബാപെയുടെ വിവാദ പരാമര്‍ശം. ബ്രസീല്‍ ലോകകപ്പില്‍ ഫേവറിറ്റുകളില്‍ ഒന്നാണെന്നും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള എതിരാളികള്‍ക്കെതിരെ അവര്‍ സ്ഥിരമായി കളിക്കാറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അര്‍ജന്റീന ഉള്‍പ്പെടെയുള്ള ദക്ഷിണ അമേരിക്കന്‍ ടീമുകള്‍ക്ക് ടൂര്‍ണമെന്റില്‍ അത് ദോഷകരമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

എന്നാല്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരെ തന്നെ തകര്‍ത്ത അര്‍ജന്റൈന്‍ പ്രകടനം എംബാപെയുടെ വാദത്തിനേറ്റ മുഖത്തടിയാണ്.

Content Highlights : Argentina replies to Mbape  with a massive win over Italy