ഖത്തര്‍ ലോകകപ്പിന് ശേഷവും ഗോള്‍ വേട്ട തുടരുകയാണ് ടീം അര്‍ജന്റീന. കുറസാവോക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ആല്‍ബിസെലസ്റ്റയുടെ ജയം.
ലയണല്‍ മെസി ഹാട്രിക് നേടിയ മത്സരത്തില്‍ നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, ഏഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോണ്ടിയാല്‍ എന്നിവരാണ് അര്‍ജന്റീനയുടെ മറ്റ് ഗോളുകള്‍ നേടിയത്. ആദ്യ ഗോള്‍ കണ്ടെത്താന്‍ അര്‍ജന്റീനക്ക് 20 മിനിട്ട് പിന്നിടേണ്ടി വന്നെങ്കിലും 37ാം മിനിട്ടില്‍ തന്നെ മെസി തന്റെ ഹാട്രിക് തികച്ചു.
മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര കരിയറില്‍ നൂറ് ഗോളെന്ന നേട്ടം മെസി സ്വന്തമാക്കയിരുന്നു. ഇതോടെ ഇന്റര്‍നാഷണല്‍ ഫുടബോളില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും മെസി പേരിലാക്കി.
മൂന്ന് ഗോളുകള്‍ക്ക് പുറമെ ഒരു അസിസ്റ്റും മെസി സ്വന്തമാക്കിയിരുന്നു. ലോ സെല്‍സോ രണ്ട് അസിസ്റ്റുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ നേടിയ നിക്കോളാസ് ഗോണ്‍സാലസ് മറ്റൊരു ഗോളിന് വഴിയൊരുക്കി. പകരക്കാരനായിറങ്ങിയ ഡിബാലയാണ് മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ മോണ്ടിയാല്‍ നേടിയ ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ലോകകപ്പിന് ശേഷം സ്വന്തം നാട്ടില്‍ നടന്ന രണ്ട് മത്സരങ്ങളിലും മികച്ച വിജയം നേടാന്‍ ടീം അര്‍ജന്റീനക്കായി.
ദുര്‍ബലരായ കുറസാവോക്ക് അര്‍ജന്റൈന്‍ പടയെ പ്രതിരോധിക്കാന്‍ സാധിച്ചിരുന്നില്ല. അഞ്ച് ഗോള്‍ നേടിയതിന് ശേഷം പകരക്കാരെ ഇറക്കിയ അര്‍ജന്റീന ഒന്ന് പിന്‍വലിഞ്ഞ് കളിച്ചില്ലായിരുന്നെങ്കില്‍ ഗോള്‍നേട്ടം 10 കടന്നേനെ.
Content Highlights: Argentina wins Curacao in friendly match