| Friday, 8th September 2023, 8:49 am

വീണ്ടും മെസി മാജിക്ക്; ഇതിഹാസത്തിന്റെ ഫ്രീ കിക്കില്‍ പറന്നുയര്‍ന്ന് അര്‍ജന്റീന

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം ലയണല്‍ മെസിയുടെ ചിറകിലേറി വീണ്ടും അര്‍ജന്റീനയുടെ മുന്നേറ്റം. ലോകകപ്പ് ക്വാളിഫയേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഇക്വഡോറുമായി ഏറ്റുമുട്ടിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന വിജയിച്ചു. മത്സരത്തിന്റെ രണ്ടാം പാദത്തില്‍ മെസി നേടിയ ഫ്രീ കിക്ക് ഗോളിലൂടെയാണ് അര്‍ജന്റീനയുടെ ജയം. ഈ ജയത്തോടെ മൂന്ന് പോയിന്റ് ടീം അര്‍ജന്റീന അക്കൗണ്ടിലാക്കി.

കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മികച്ച രീതിയില്‍ പ്രതിരോധിച്ച് നിന്ന ഇക്വഡോര്‍ പടക്ക് ഒടുവില്‍ മെസിയെന്ന മജീഷ്യന് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു. മത്സരത്തിന്റെ 78ാം മിനിട്ടിലായിരുന്നു മെസിയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക്.

ആദ്യ പകുതിയില്‍ പന്ത് കൈവശം വെച്ച് ആല്‍ബിസെലസ്റ്റ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. മിസ് പാസുകളുടെ ഘോഷയാത്രയായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. ഒരു തവണ മാര്‍ട്ടിനെസിന്റെ പ്‌ളേസിങ് ചിപ്പ് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയതായിരുന്നു ആദ്യ പകുതിയില്‍ ലഭിച്ച മികച്ച അവസരം.

മത്സരം തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് അര്‍ജന്റീനയുടെ എക്‌സ്പര്‍ട്ട് താരം എയ്ഞ്ചല്‍ ഡി മരിയ കളത്തിലിറങ്ങുന്നത്. 75ാം മിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനെസിനെ പിന്‍വലിച്ച് യുവ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസും കളിത്തട്ടിലെത്തി.

അവസാനഘട്ടം വരെ ലീഡുയര്‍ത്താന്‍ അര്‍ജന്റീന കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഇക്വഡോര്‍ വഴങ്ങിയില്ല. 88ാം മിനിട്ടില്‍ ലയണല്‍ മെസി കളം വിടുമ്പോള്‍ താരത്തിന് ആദരമര്‍പ്പിച്ച് കൊണ്ട് ഗാലറിയില്‍ കരഘോഷം മുഴങ്ങുകയായിരുന്നു.

2022ലെ ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യത ഘട്ടം അര്‍ജന്റീന ആരംഭിച്ചത് ഇക്വഡോറിനെതിരെ 1-0 ത്തിന് ജയം നേടി തന്നെയാണ്.

Content Highlights: Argentina wins against Ecuador in World Cup qualifiers

Latest Stories

We use cookies to give you the best possible experience. Learn more