കപ്പ്‌ ഇത്തവണ അർജന്റീന അടിക്കും: ബ്രസീൽ
2022 FIFA World Cup
കപ്പ്‌ ഇത്തവണ അർജന്റീന അടിക്കും: ബ്രസീൽ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th December 2022, 8:24 am

 

ലോകകപ്പ് ഫുട്ബോൾ ആവേശം ഖത്തറിന്റെ മണ്ണിൽ നിന്നും കൊടിയിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്.
ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിന് ഏതൊക്കെ ടീമുകൾ യോഗ്യത നേടും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

ഡിസംബർ 14, 15 തീയതികളിലായാണ് ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരും ടൂർണമെന്റ് ഫേവറൈറ്റുകളുമായ അർജന്റീന, കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ ലുസൈൽ സ്റ്റേഡിയത്തിൽ എതിരിടും.

എന്നാലിപ്പോൾ അർജന്റീനക്ക് ലോകകപ്പ് ലഭിക്കട്ടെ എന്ന ആഗ്രഹവുമായി എത്തിയിരിക്കുകയാണ് ബ്രസീൽ ഫുട്ബോൾ കോൺഫെഡറഷൻ.

ബ്രസീൽ ഫുട്ബോൾ കോൺഫെഡറഷൻ വൈസ് പ്രസിഡന്റ്‌ ഫെർണാണ്ടോ സാർനെയാണ് ലോകകപ്പ് അർജന്റീന നേടട്ടെ എന്ന ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.

നിലവിൽ ലോകകപ്പിൽ അവശേഷിക്കുന്ന നാല് ടീമുകളിലെ ഏക ലാറ്റിൻ അമേരിക്കൻ ടീം അർജൻ്റീന മാത്രമാണ് .
ഫുട്ബോളിൽ അർജന്റീന-ബ്രസീൽ വൈര്യം യഥാർത്ഥമാണെങ്കിലും ഒരുപാട് ബ്രസീലുകാർ ലോകകപ്പ് അർജന്റീന നേടാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

“ഒത്തൊരുമയോടെ ഞങ്ങൾ തുടരേണ്ടതുണ്ട്. ഇപ്പോൾ ഞങ്ങളെല്ലാം അർജൻ്റീനയാണ്. ഞാൻ പ്രതീക്ഷിക്കുന്നത് സൗത്ത് അമേരിക്കയിലേക്ക് അവർ ആ കിരീടം കൊണ്ടുവരുമെന്നാണ്,’ ഫെർണാണ്ടോ സാർനെ പറഞ്ഞു.

അതേസമയം ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഫ്രാൻസ് ആഫ്രിക്കൻ ശക്തികളായ മൊറോക്കോയേ നേരിടും. അർജന്റീനയും മൊറോക്കോയും സെമി ഫൈനലിൽ പരാജയപ്പെടുകയാണെങ്കിൽ കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനമായി ഫ്രാൻസ്-ക്രൊയേഷ്യ ഫൈനൽ പോരാട്ടം സംഭവിക്കും.

നാല് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളാണ് ലോകകപ്പിലേക്ക് യോഗ്യത നേടി ഖത്തറിലേക്ക് എത്തിയിരുന്നത്. അതിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തായപ്പോൾ. ഉറുഗ്വേ, ഇക്വഡോർ എന്നീ ടീമുകൾ ഗ്രൂപ്പ്‌ ഘട്ടത്തിൽ തന്നെ പുറത്തായി.

Content Highlights:Argentina will win t the worldcup this time: Brazil