ഫുട്ബോൾ ലോകം ഖത്തർ വേൾഡ് കപ്പിന് തയ്യാറെടുത്തിരിക്കുമ്പോൾ അർജന്റീനക്ക് ഇത് പരിക്കുകളുടെ കാലമാണ്. മുൻനിര താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലായതിനാൽ സ്കലോണിക്ക് തങ്ങളുടെ അന്തിമ സക്വാഡിനെ പ്രഖ്യാപിക്കാൻ സാധിച്ചിരുന്നില്ല.
ഡി ബാലയും ലോ സെൽസോയും വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുന്നത് വരെ കാത്തിരിക്കുമെന്നും അവസാന നിമിഷം മാത്രമെ അന്തിമ ലിസ്റ്റ് തയ്യാറാക്കുകയുള്ളൂ എന്നുമായിരുന്നു സ്കലോണി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ശസ്ത്രക്രിയ ആവശ്യമായി വന്നതിനാൽ ലോ സെൽസോ ലോകകപ്പിനുണ്ടാകില്ലെന്ന വാർത്തയായിരുന്നു പിന്നീട് പുറത്തു വന്നത്.
ആരാധകരെ നിരാശരാക്കിയെങ്കിലും അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപനം അതിന്റെ അന്തിമഘട്ടത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. സ്‌ക്വാഡിലുള്ള 26 താരങ്ങളെ അർജന്റീന പരിശീലകൻ തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ടെന്നും പൗലോ ഡിബാലയും യുവാൻ ഫോയ്ത്തും സ്‌ക്വാഡിൽ ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ലോ സെൽസോക്കൊപ്പം എയ്ഞ്ചൽ കൊറേയക്കാണ് ഇത്തവണ ലോകകപ്പ് നഷ്ടമാകുന്നത്. മെയിൻ സ്ക്വാഡിനെ തീരുമാനിക്കുന്നതിനോടൊപ്പം റിസർവ് താരങ്ങളെയും നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. തിയാഗോ അൽമാഡ, യുവാൻ മുസ്സോ, ഫകുണ്ടോ മെഡിന എന്നിവരെയാണ് റിസർവ് താരങ്ങളുടെ പട്ടികയിൽ അർജന്റീന പരിശീലകൻ ഉൾപ്പെടുത്തിയിട്ടുള്ളത്.
താരങ്ങളെയെല്ലാം സ്കലോണി നേരിട്ട് ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ സ്ക്വാഡിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച രണ്ട് താരങ്ങളെ ഇതുവരെ വിളിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ജോക്കിൻ കൊറേയ, എക്സ്‌കിയേൽ പലാസിയോസ് എന്നിവരെയാണ് സ്കലോണി ഇതുവരെ വിളിക്കാതിരുന്നത്. അതേസമയം ഇരുവരും സ്‌ക്വാഡിൽ ഉണ്ടാവുമെന്ന കാര്യം തീർച്ചപ്പെടുത്തിയതുമാണ്.
നവംബർ 26ന് സൗദി അറേബ്യയുമായാണ് അർജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്‌സിക്കോയും പോളണ്ടുമാണ് അർജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകൾ. ഇതിൽ മെക്‌സിക്കോയെ നവംബർ 27നും പോളണ്ടിനെ ഡിസംബർ ഒന്നിനുമാണ് അർജന്റീന നേരിടുക.
Content Highlights: Argentina will declare their World Cup Squad soon