രണ്ട് തവണയും പ്രവചനം തെറ്റിയില്ല, ഇത്തവണ കിരീടം അർജന്റീനക്ക്; സൂപ്പർ പ്രവചനവുമായി ജോകിം ക്ലമന്റ്
Football
രണ്ട് തവണയും പ്രവചനം തെറ്റിയില്ല, ഇത്തവണ കിരീടം അർജന്റീനക്ക്; സൂപ്പർ പ്രവചനവുമായി ജോകിം ക്ലമന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th December 2022, 11:24 pm

ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ ആര് ചരിത്രം കുറിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ടൂർണമെന്റിന്റെ തുടക്കം മുതൽ അട്ടിമറി ജയങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.

ലോകകപ്പ് മത്സരങ്ങൾ പ്രീക്വാർട്ടറിൽ എത്തിനിൽക്കുമ്പോൾ ഒരു ടീമിനെയും അവ​ഗണിക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. പ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും ചാരമാക്കി കൊണ്ടാണ് മത്സരങ്ങൾ മുന്നേറുന്നത്.

എന്നാൽ ഇത്തവണ കിരീടം അർജന്‌റീന നേടുമെന്ന് തീർച്ചപ്പെടുത്തിയിരിക്കുകയാണ്  ലണ്ടനിലെ സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റായ ജോകിം ക്ലമന്റ്.

2014 ലോകകപ്പിൽ ബ്രസീലിൽ നടന്ന ജർമനിയുടെ വിജയവും 2018ൽ റഷ്യയിൽ നടന്ന ഫ്രാൻസിന്റെ വിജയവും ക്ലമന്റ് മുൻകൂട്ടി പ്രവചിച്ചിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയത്.

കളിക്കളത്തിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി മാത്രമല്ല ജി.ഡി.പി, രാജ്യത്തെ ജനസംഖ്യ, താപനില എന്നിവയും ആധാരമാക്കിയാണ് ക്ലമന്റ് തന്റെ പ്രവചനങ്ങൾ നടത്താറുള്ളത്. ഇതെല്ലാം കണക്ക് കൂട്ടിയാണ് ഫുട്‌ബോൾ ലോകത്തിന്റെ മിശിഹാ തന്റെ കരിയറിൽ ആദ്യ ലോകകപ്പ് നേടുമെന്ന് ക്ലമന്റ് പ്രവചിച്ചത്.

ഫൈനലിൽ ഹാരി കെയിൻ നയിക്കുന്ന ഇംഗ്ലണ്ടാവും എതിരാളികൾ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുമ്പത്തെ രണ്ട് പ്രവചനങ്ങളും കൃത്യമായിരുന്നെങ്കിലും ഇത്തവണ 45% മാത്രമാണ് സാധ്യതയെന്നും അദേഹം കൂട്ടിച്ചേർത്തു.

അതേസമയം കിരീടം നേടുക എന്നത് അർജന്റീനയെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല. മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബ്രസീലും ഫ്രാൻസും വെല്ലുവിളി സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ്.

സെമിയിലും ഫൈനലിലും ഈ ടീമുകളിൽ ആരെയെങ്കിലും അർജന്റീനക്ക് നേരിടേണ്ടി വന്നേക്കും.

പ്രീക്വാർട്ടറിൽ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടറിൽ ഇടം പിടിച്ചപ്പോൾ ഫ്രാൻസ് പോളണ്ടിനെ മൂന്ന് ​ഗോളുകൾക്ക് തകർത്ത് മുന്നേറിയിട്ടുണ്ട്.

അർജന്റീന വിശ്വകിരീടം നേടുമെന്ന ക്ലമന്റിന്റെ പ്രവചനം സത്യമാകുമോ എന്നാണ് ആരാധകർ ഉറ്റ് നോക്കുന്നത്.

Content Highlights: Argentina will beat old rivals in final to lift 2022 edition in Qatar, predicts Joachim Klement