ടി-20 ക്രിക്കറ്റില്‍ ഐതിഹാസിക ജയവുമായ അര്‍ജന്‍രീന വനിതാ ക്രിക്കറ്റ് ടീം. കഴിഞ്ഞ ദിവസം ബ്യൂണസ് ഐറിസില്‍ ചിലിക്കെതിരായ മത്സരത്തില്‍ 364 റണ്‍സിന് വിജയിച്ചാണ് അര്‍ജന്റൈന്‍ വനിതകള്‍ ചരിത്രം കുറിച്ചത്.
ചിലി വനിതാ ടീമിന്റെ അര്‍ജന്റീന പര്യടനത്തിലെ ആദ്യ ടി-20യിലാണ് ആതിഥേയര്‍ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ചിലി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ലൂക്ക ടെയ്‌ലറിന്റെയും ആല്‍ബെര്‍ട്ടീന ഗാലന്റെയും സെഞ്ച്വറി കരുത്തിലാണ് അര്‍ജന്റീന പടുകൂറ്റന്‍സ്‌കോര്‍ സ്വന്തമാക്കിയത്. ലൂക്ക ടെയ്‌ലര്‍ 84 പന്തില്‍ 169 റണ്‍സ് നേടിയപ്പോള്‍ 84 പന്തില്‍ പുറത്താകാതെ 145 റണ്‍സായിരുന്നു ഗാലന്റെ സമ്പാദ്യം.
16 പന്തില്‍ പുറത്താകാതെ 40 റണ്‍സ് നേടിയ മരിയ കാസ്റ്റിനെയ്‌റസും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
ഏറെ പരിതാപകരമായിരുന്നു ചിലിയന്‍ ടീമിന്റെ ബൗളിങ് പ്രകടനം. 73 റണ്‍സാണ് എക്‌സ്ട്രാസ് ഇനത്തില്‍ ഇവര്‍ വിട്ടുകൊടുത്തത്. ഇതില്‍ 64 റണ്‍സും നോ ബോള്‍ വഴിയായിരുന്നു ലഭിച്ചത്.
എക്‌സ്ട്രാ പന്തുകള്‍ ലഭിച്ച അര്‍ജന്റീന അവസരം ശരിക്ക് മുതലാക്കി. അര്‍ജന്റൈന്‍ ടീം ആകെ 192 പന്തുകളാണ് ടി-20 മാച്ചില്‍ നേരിട്ടത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സാണ് അര്‍ജന്റീന നേടിയത്. അന്താരാഷ്ട്ര വനിതാ ടി-20യിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്.
ചിലിയന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാവരും മികച്ച രീതിയില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു. നാല് ഓവറില്‍ 57 റണ്‍സ് വഴങ്ങിയ എസ്പരാന്‍സ റൂബയോ ആണ് കൂട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
120 പന്തില്‍ 428 റണ്‍സ് എന്ന അപ്രാപ്യമായ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചിലിക്ക് തൊട്ടതെല്ലാം പിഴച്ചു. 29 പന്തില്‍ 27 റണ്‍സ് നേടിയ ജെസീക്ക മിറാന്‍ഡയാണ് ചിലിയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ 29 റണ്‍സ് എക്‌സ്ട്രാ ഇനത്തിലും ചിലിക്ക് ലഭിച്ചു.
മിറാന്‍ഡയൊഴികെ ഒരാള്‍ പോലും ഇരട്ടയക്കം കണ്ടിരുന്നില്ല. ഏഴ് താരങ്ങളാണ് ചിലിയന്‍ നിരയില്‍ പൂജ്യത്തിന് പുറത്തായത്. ഒടുവില്‍ 15 ഓവറില്‍ 63 റണ്‍സിന് ചിലി ഓള്‍ ഔട്ടാവുകയായിരുന്നു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും അര്‍ജന്റീനക്കായി.
Content Highlight: Argentina W defeats Chile W