അങ്ങനെ അതും തീരുമാനമായി? സ്‌പെയ്‌നിനും അർജന്റീനനക്കും ആ കിരീടം മറക്കാം
Football
അങ്ങനെ അതും തീരുമാനമായി? സ്‌പെയ്‌നിനും അർജന്റീനനക്കും ആ കിരീടം മറക്കാം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th August 2024, 12:53 pm

2025ല്‍ നടക്കുന്ന ഫൈനല്‍സീമ പോരാട്ടത്തിന് വേണ്ടിയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. യൂറോ കപ്പ് ചാമ്പ്യന്മാരായ സ്‌പെയ്‌നും കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയുമാണ് ഈ ടൂര്‍ണമെന്റില്‍ കളിക്കുക.

ഇപ്പോഴിതാ ഫൈനല്‍സീമ അടുത്തവര്‍ഷം നടക്കാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2025ല്‍ ഫൈനല്‍സീമ എപ്പോഴാണ് നടക്കുക എന്നത് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് അര്‍ജെന്റൈന്‍ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡ്യൂള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2026 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ യുവേഫ നേഷന്‍സ് ലീഗ് എന്നീ മത്സരങ്ങള്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഫൈനല്‍സീമ മത്സരം എപ്പോള്‍ നടത്തുമെന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.

അടുത്തവര്‍ഷം അര്‍ജന്റീനക്കും സ്‌പെയ്‌നിനും ഒരുപാട് ഇന്റര്‍നാഷണല്‍ മത്സരങ്ങളാണ് ഉള്ളത്. അര്‍ജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബൂട്ട് കെട്ടുമ്പോള്‍ സ്പാനിഷ് പട നേഷന്‍സ് ലീഗിലും കളിക്കും. ഈ സാഹചര്യത്തില്‍ ഫൈനല്‍ സീമ നടക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

1985ലാണ് ഫൈനല്‍ സീമ എന്ന ടൂര്‍ണമെന്റ് ആദ്യമായി നടക്കുന്നത്. എന്നാല്‍ ഇത് പിന്നീട് 1993 നിര്‍ത്തലാക്കുകയായിരുന്നു. എന്നാല്‍ നീണ്ട 29 വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ വീണ്ടും ഈ ടൂര്‍ണമെന്റ് തിരിച്ചുവരികയായിരുന്നു.

അവസാനമായി നടന്ന ഫൈനല്‍ സീമ വിജയിച്ചിരുന്നത് അര്‍ജന്റീന ആയിരുന്നു. മത്സരത്തില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു അര്‍ജന്റീന കിരീടം ചൂടിയത്.

യൂറോ കപ്പിലിന്റെ കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സ്പാനിഷ് പട കിരീടം ചൂടിയത്. യൂറോ കപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു സ്‌പെയ്ന്‍ യൂറോപ്പിന്റെ നെറുകയില്‍ എത്തിയത്.

യൂറോകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്നത്. സ്പാനിഷ് പടയുടെ നാലാം യൂറോ കിരീടമായിരുന്നു ഇത്. ഇതിന് പിന്നാലെ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനും സ്‌പെയ്‌നിന് സാധിച്ചിരുന്നു. മൂന്ന് കിരീടങ്ങള്‍ വീതം നേടിയ ഇറ്റലിയെയും ജര്‍മനിയെയും മറികടന്നുകൊണ്ടാണ് സ്‌പെയ്ന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

മറുഭാഗത്ത് കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയുമായിരുന്നു അര്‍ജന്റീന കിരീടം ഉയര്‍ത്തിയത്. കോപ്പയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടവും ചരിത്രത്തിലെ തങ്ങളുടെ പതിനാറാം കിരീടവും ആയിരുന്നു ഇത്. ഇതോടെ 15 കോപ്പ അമേരിക്ക കിരീടങ്ങള്‍ സ്വന്തമാക്കിയ ഉറുഗ്വായെ മറികടന്നുകൊണ്ട് മുന്നേറാനും ലയണല്‍ സ്‌കലോണിക്കും കൂട്ടര്‍ക്കും സാധിച്ചു.

 

Content Highlight: Argentina vs Spain Final Finalissima Match Possibilities