| Thursday, 1st December 2022, 2:25 am

മെസിയടിച്ചില്ലെങ്കിലും അര്‍ജന്റീന ജയിച്ചു; പോളണ്ടിനെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഗ്രൂപ്പ് സിയില്‍ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം.

ആദ്യ മത്സരത്തില്‍ സൗദിയോട് തോറ്റുതുടങ്ങിയ അര്‍ജന്റീന അവസാന രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

48ാം മിനിട്ടില്‍ മാക് അലിസ്റ്ററും 67ാം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്. ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. മത്സരത്തില്‍ ഏകദേശം മുഴുവന്‍ സമയവും അര്‍ജന്റൈന്‍ ടീമിന്റെ ആധിപത്യമാണ് ഗ്രൗണ്ടില്‍ കണാനായത്.

മെസി മിസ്സാക്കിയ പെനാല്‍ട്ടി, അതായിരുന്നു ആദ്യ പകുതി

പോളിഷ് ഗോള്‍ പോസ്റ്റിലേക്ക് ആക്രമിച്ച് കളിച്ച അര്‍ജന്റീനയെയാണ് അദ്യ പകുതിയില്‍ കണ്ടത്. എന്നാല്‍ തുടരെയുള്ള അര്‍ജന്റൈന്‍ ശ്രമങ്ങള്‍ക്ക് പോളണ്ട് ഗോള്‍ കീപ്പര്‍ വൊജ്‌ചെഎച് സ്ജ്ക്‌സെസ്‌നി പോസ്റ്റിന് മുമ്പില്‍ വന്മതിലായി നിന്നതോടെ ആദ്യ പകുതിയില്‍ ഗോള്‍ വിട്ടുനിന്നു.

36ാം മിനിട്ടില്‍ മെസിക്ക് കിട്ടിയ പെനാല്‍ട്ടി ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയതോടെ അര്‍ജന്റീന ഒരു നിമിഷം സമ്മര്‍ദമായി. 33ാം മിനിട്ടില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ കോര്‍ണര്‍ കിക്ക് വളഞ്ഞ് വലയിലേക്ക് പോയെങ്കിലും അതും ഗോള്‍ കീപ്പര്‍ തട്ടിമാറ്റി. അങ്ങനെ ആകെ മൊത്തം പോളിഷ് ഗോള്‍ കീപ്പറുടെ ആറാട്ടിനായിരുന്നു ആദ്യ പകുതി സാക്ഷിയായത്.

വീണ്ടും മാറ്റങ്ങളോടെ അര്‍ജന്റീന

ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ വലിയ മാറ്റങ്ങളോടെയായിരുന്നു അര്‍ജന്റീന ഇറങ്ങിയിരുന്നത്. എന്നാല്‍ വിജയം അനിവാര്യമായ പോളണ്ടിനെതിരെ, അതില്‍ നിന്നും വ്യത്യസ്തമായ ടീമിനെയാണ് ലയണല്‍ സ്‌കെലോണി മൈതാനത്ത് ഇറക്കിയത്.

4-3-3 ശൈലിയിലാണ് അര്‍ജന്റീന ഗ്രൗണ്ടിലിറങ്ങിയത്. അറ്റാക്കില്‍ ലൗട്ടാരോ മാര്‍ട്ടിനസും യുവതാരം അല്‍വാരസും ആദ്യ ഇലവനിലുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍നേടിയ എന്‍സോ ഫെര്‍ണാണ്ടസും ടീമിലുണ്ടായിരുന്നു.

എന്‍സോയും മകാലിസ്റ്ററും ഡിപോളുമടങ്ങുന്നതായിരുന്നു ആദ്യ ഇലവനിലെ ടീമിന്റെ മധ്യനിര. അതേസമയം കഴിഞ്ഞ മത്സരത്തില്‍ കളത്തിലിറങ്ങിയ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് തുടക്കത്തില്‍ ബെഞ്ചിലായിരുന്നു.

ടീം അര്‍ജന്റീന(ആദ്യ ഇലവന്‍)

എമിലിയാനോ മാര്‍ട്ടിനസ്, നിക്കൊളാസ് ഒറ്റമെന്‍ഡി, മാര്‍ക്കോസ് അക്യൂന, ക്രിസ്റ്റ്യന്‍ റൊമേറോ, നഹുവല്‍ മൊളീന, റോഡ്രിഗോ ഡി പോള്‍, മാക്ക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസി(ക്യാപ്റ്റന്‍), ഏയ്ഞ്ചല്‍ ഡി മെരിയ.

Content Highlight:   Argentina vs Poland match Doolnews updatation

We use cookies to give you the best possible experience. Learn more